തൃശൂര്‍: രണ്ടാം വിള നെല്‍കൃഷി കൊയ്ത്ത് ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും ജില്ലയില്‍ നെല്ല് സംഭരണത്തിന് നടപടിയായില്ല. നെല്ലെടുപ്പ് സംബന്ധിച്ച് മില്ലുകാരുമായുള്ള രണ്ടാംഘട്ട ചര്‍ച്ചയിലും തീരുമാനമാകാത്തതിനെ തുടര്‍ന്ന് നെല്ല് സംഭരണം ഇനിയും നീളും. ഇത്തേത്തുടര്‍ന്ന് നെല്‍കൃഷി ചെയ്ത് കുടുംബം പുലര്‍ത്തുന്ന കര്‍ഷകരാണ് ദുരിതത്തിലായിരിക്കുന്നത്.
അധികൃതര്‍ തയ്യാറാക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാരം കൃഷിയിറക്കിയവരാണ് ദുരിതത്തിലായത്. ജില്ലയില്‍ പലയിടങ്ങളിലും ഇപ്പോഴും കൊയ്ത്ത് നടക്കുന്നുണ്ട്. കൊയ്തെടുത്ത നെല്ല് പാടത്ത് കൂട്ടിയിരിക്കുകയാണ്. നെല്ല് സൂക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യമില്ല.നെല്ല് സംഭരണം ആരംഭിച്ചില്ലെങ്കില്‍ പാടത്തെ നെല്ലിന് കാവലിരിക്കേണ്ട സ്ഥിതിയാണ് കര്‍ഷകര്‍ക്ക്.
നെല്ലെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് കര്‍ഷകരുടെ പരാതി. മഴ പെയ്താല്‍ നെല്ല് സൂക്ഷിക്കുന്നതിന് കഴിയാത്ത സ്ഥിതിയാണ്. പ്രശ്നങ്ങള്‍ അറിയിച്ചിട്ടും വ്യക്തമായ മറുപടി സപ്ലൈക്കോ നല്‍കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. കൊയ്ത്ത് നടക്കുമെന്ന് മാസങ്ങള്‍ക്കു മുന്‍പേ കൃഷി വകുപ്പിനും സപ്ലൈകോ അധികൃതര്‍ക്കും അറിയാവുന്നതാണ്. കൊയ്തു കൂട്ടിയ ക്വിന്റല്‍ കണക്കിന് നെല്ല് പാടത്തു കെട്ടിക്കിടന്ന് നശിച്ചാല്‍ കനത്ത സാമ്പത്തിക നഷ്ടമായിരിക്കും ഉണ്ടാകുക.
സര്‍ക്കാരിന്റെ പിടിവാശിയും കെടുകാര്യസ്ഥതയും മൂലമാണ് നെല്ല് സംഭരിക്കാന്‍ മില്ലുകാര്‍ തയാറാകാത്തത്. ജനപ്രതിനിധികള്‍ പ്രശ്നത്തില്‍ അടിയന്തരമായി പരിഹാരം കാണണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: