തൃശൂര്‍: ജന്മഭൂമി തൃശൂര്‍ ഫോട്ടോഗ്രാഫര്‍ ജിമോന്‍ കെ.പോളിനെ ടൂറിസ്റ്റ് ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവം സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അന്വേഷിക്കും. ഇത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവിറക്കി.
ശക്തമായ നടപടി ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന ഭാരവാഹികള്‍ ഡിജിപിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.സംസ്ഥാന ട്രഷറര്‍ സുരേഷ് വെളളിമംഗലം, സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍. ജയപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം പി. ശ്രീകുമാര്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.
ബുധനാഴ്ചയാണ് ജീമോന്‍ കെ.പോളിന് നേരെ ആക്രമണമുണ്ടായത്. രാവിലെ വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ വച്ചാണ് ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും സംഘം ചേര്‍ന്ന് ആക്രമിച്ചത്. മാസ്‌കും ഐഡി കാര്‍ഡും ബലമായി വലിച്ചൂരുകയും കണ്ണട തട്ടിത്തെറിപ്പിക്കുകയും ചെയ്ത സംഘം എടുത്ത ദൃശ്യങ്ങള്‍ കളയണമെന്ന് ആവശ്യപ്പെട്ട് ക്യാമറയും മൊബൈലും ബലമായി തട്ടിപ്പറിക്കാനും ശ്രമിച്ചു. സഹായിക്കാനെത്തിയ മറ്റു ഫോട്ടോഗ്രാഫര്‍മാരെയും ഇവര്‍ ഭീഷണിപ്പെടുത്തി. പോലീസ് എത്തിയാണ് ജീമോനെ മോചിപ്പിച്ചത്.
പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് കണ്ടാലറിയാവുന്ന പത്തോളം ജീവനക്കാര്‍ക്കെതിരെ അന്യായമായി തടഞ്ഞുവയ്‌ക്കല്‍, ദേഹോപദ്രവം ഏല്‍പിക്കല്‍, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി ഈസ്റ്റ് സിഐ പി.ലാല്‍കുമാര്‍ പറഞ്ഞു. വിഡിയോ നോക്കി മറ്റു നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: