‘വിജയത്തിന്റെ കൊടുമുടിയിലെത്താന്‍, രാഷ്ട്രം അതിന്റെ സാംസ്കാരിക ഔന്നത്യങ്ങളെ സ്പര്‍ശിക്കുകയും അതിന്റെ സ്വത്വത്തില്‍ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണ്’ -ഇങ്ങനെ പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഉജ്ജയിനില്‍ മഹാകാല്‍ ലോക് പദ്ധതിയുടെ ഒന്നാംഘട്ടം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. ‘ഉജ്ജയിനിലെ ഓരോ കണികയും ആത്മീയതയില്‍ മുഴുകിയിരിക്കുന്നു, അത് ഓരോ മുക്കിലും മൂലയിലും ഊര്‍ജം പകരുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളായി ഇന്ത്യയുടെ സമ്പത്തിനെയും സമൃദ്ധിയെയും, അറിവിനെയും അന്തസിനെയും, നാഗരികതയെയും സാഹിത്യത്തെയും നയിക്കുകയാണ് ഉജ്ജയിന്‍’- ഏതൊരു ഭാരതീയനെയും അഭിമാനപുളകിതനാക്കാന് പോന്നതായിരുന്നു ഉജ്ജയിനിയിലെ മഹാകാലേശ്വര്‍ ഇടനാഴി ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകള്‍.
ഉജ്ജയിന്‍ ഇന്ത്യയുടെ ആത്മാവിന്റെ കേന്ദ്രമാണ്. ഏഴു പുണ്യപുരികളില്പ്പെടുന്ന നഗരമായ ഉജ്ജയിന്‍, ശ്രീകൃഷ്ണന് വിദ്യാഭ്യാസത്തിനായി വന്ന സ്ഥലമാണ്. വിക്രമാദിത്യരാജാവിന്റെ മഹത്വവും ഇന്ത്യയുടെ സുവര്‍ണകാലഘട്ടത്തിന്റെ തുടക്കവും ഉജ്ജയിന്‍ കണ്ടു. ഉജ്ജയിന്‍ ചരിത്രത്തെ അതില്‍ത്തന്നെ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഉജ്ജയിനിലെ ഓരോ കണികയും ആത്മീയതയില്‍ മുഴുകിയിരിക്കുന്നു, അത് ഓരോ മുക്കിലും മൂലയിലും ഊര്‍ജം പകരുന്നു. വിജയത്തിന്റെ കൊടുമുടിയിലെത്താന്‍, രാഷ്ട്രം അതിന്റെ സാംസ്കാരിക ഔന്നത്യങ്ങളെ സ്പര്‍ശിക്കുകയും അതിന്റെ സ്വത്വത്തില്‍ അഭിമാനത്തോടെ നിലകൊള്ളുകയും ചെയ്യേണ്ടത് ആവശ്യമാണെന്നായിരുന്നു നരേന്ദ്രമോദിയുടെ വാക്കുകള്‍. ഉജ്ജയിന്‍ എന്ന പുണ്യഭൂമിയുടെ ആത്മീയവും സാംസ്കാരികവുമായ നിലനില്‍പ്പ് എത്രത്തോളം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാക്കും. ഉജ്ജയിന്റെ വളര്‍ച്ചയും വികസനവും ഭാവി ഭാരതത്തിനുവേണ്ടിയുള്ളതാണ്.
നമ്മുടെ ജ്യോതിര്‍ലിംഗങ്ങളുടെ വികസനം ഇന്ത്യയുടെ ആത്മീയപ്രഭാവത്തിന്റെ വികാസമാണെന്നും ഇന്ത്യയുടെ അറിവിന്റെയും തത്വചിന്തയുടെയും വികാസമാണെന്നും കരുതുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാംസ്കാരികദര്‍ശനം വീണ്ടും ഔന്നത്യത്തിലെത്തുകയും ലോകത്തെ നയിക്കാന്‍ ഒരുങ്ങുകയും ചെയ്യുന്നു. തെക്കോട്ടു ദര്‍ശനമുള്ള ഏക ജ്യോതിര്‍ലിംഗമാണു മഹാകാല്‍ ഭഗവാന്. ശിവന്റെ അത്തരം രൂപങ്ങളുടെ ഭസ്മ ആരതി ലോകമെങ്ങും പ്രസിദ്ധമാണ്. ഓരോ ഭക്തനും തീര്‍ച്ചയായും തന്റെ ജീവിതത്തില്‍ ഭസ്മ ആരതി കാണാന്‍ ആഗ്രഹിക്കുന്നു. ഈ പാരമ്പര്യത്തില്‍ നമ്മുടെ ഇന്ത്യയുടെ ചൈതന്യവും ചടുലതയും കാണുന്നതായും മോദി പറഞ്ഞു.
ഉജ്ജയിനിലെ ഊര്‍ജം നശിപ്പിക്കാന്‍ ശ്രമിച്ച ഇല്‍ത്തുമിഷിനെപ്പോലുള്ള കടന്നുകയറ്റക്കാരെക്കുറിച്ചു പ്രധാനമന്ത്രി സംസാരിച്ചു. മുന്‍കാലങ്ങളില്‍ ഇന്ത്യയെ ചൂഷണംചെയ്യാന്‍ നടത്തിയ ശ്രമങ്ങളും അനുസ്മരിച്ചു. നമ്മുടെ യോഗികളെയും ഋഷിമാരെയും ഉദ്ധരിച്ചു മോദി പറഞ്ഞതിങ്ങനെ- ”മഹാകാല്‍ ശിവനില്‍ അഭയംപ്രാപിച്ചാല്‍ മരണത്തിനു നമ്മെ എന്തു ചെയ്യാനാകും? ഇന്ത്യ പുനരുജ്ജീവിപ്പിക്കപ്പെട്ടു, ഈ ആധികാരിക വിശ്വാസകേന്ദ്രങ്ങളുടെ ഊര്‍ജത്തില്‍നിന്നു വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരിക്കല്‍കൂടി ‘ആസാദി കാ അമൃത് മഹോത്സവി’ല്‍ അമര്‍ അവന്തിക ഇന്ത്യയുടെ സാംസ്കാരിക അനശ്വരതയെ ഉദ്ഘോഷിക്കുകയാണ്.”
ഉജ്ജയിനിലെ മഹാകാലേശ്വരക്ഷേത്ര ഇടനാഴി- മഹാകാല്‍ ലോക്, ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ ഇടനാഴികളില്‍ ഒന്നാണ്. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പുരാതനക്ഷേത്ര വാസ്തുവിദ്യ ചരിത്ര നഗരമായ ഉജ്ജയിനിയുടെ പൗരാണിക പ്രതാപം വിളിച്ചോതുന്നതാണ് ഇടനാഴി. മദ്ധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മഹാകാലേശ്വരക്ഷേത്രം സ്ഥിതി ചെയ്യുന്നത്. രാജ്യത്തെ അതിപ്രധാനമായ ശിവക്ഷേത്രങ്ങളില്‍ ഒന്നായ മഹാകാലേശ്വര ക്ഷേത്രത്തിന്റെ ഭാഗമാണ് മഹാകാലേശ്വര ഇടനാഴി. രാജ്യത്തെ 12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് മഹാകാലേശ്വര ജ്യോതിര്‍ലിംഗം. 856 കോടി ചെലവിട്ട് നടത്തുന്ന ക്ഷേത്ര പരിസര നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി 316 കോടി ചെലവിട്ടാണ് മഹാകാല്‍ ലോകിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്. ഭാരതത്തില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടനാഴികളിലൊന്നാണിത്. രുദ്രാസാഗര്‍ തടാകത്തിന് സമീപമാണ് ഈ ഇടനാഴി. രുദ്രസാഗര്‍ തടാകവും ക്ഷേത്ര നവീകരണ പദ്ധതിയുടെ ഭാഗമായി പുനര്‍നവീകരിക്കുന്നുണ്ട്.
900 മീറ്ററിലധികം നീളമാണ് മഹാകാല്‍ ലോക് ഇടനാഴിക്കുള്ളത്. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്ത് നിന്നുള്ള മണല്‍ക്കല്ലുകളാണ് ഇടനാഴിയിലെ കെട്ടിടനിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. 108 മണല്‍ക്കല്ലുകളില്‍ ഓരോന്നിലും കല്ലിലും ത്രിശൂലവും ശിവഭഗവാന്റെ മുദ്രകളും കൊത്തിവെച്ചിട്ടുണ്ട്. ശിവപുരാണകഥകളില്‍ നിന്നുള്ള 53 ഭാഗങ്ങള്‍ ചുവര്‍ച്ചിത്രങ്ങളായി ആലേഖനം ചെയ്തിട്ടുണ്ട്. രാജസ്ഥാന്, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് ഈ ഇടനാഴിയുടെ നിര്‍മ്മാണത്തിലേര്‍പ്പെട്ടത്.
തീര്‍ത്ഥാടകര്‍ക്ക് വേണ്ടി 23.90 കോടി രൂപ ചെലവില്‍ ഫെസിലിറ്റി സെന്ററും ഇവിടെ നിര്‍മ്മിക്കും. ക്ഷേത്രനവീകരണത്തിന് പുറമെ പ്രദേശത്തിന്റെ ഒന്നാകെയുള്ള വികസനം കൂടിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 2.82 ഹെക്ടറിലായി കിടക്കുന്ന ക്ഷേത്രമൈതാനിയുടെ വിസ്തീര്‍ണം 47 ഹെക്ടറായി വര്‍ധിപ്പിക്കും. 17 ഹെക്ടറിലാണ് രുദ്രസാഗര്‍ തടാകമുള്ളത്. മഹാകാലേശ്വര ക്ഷേത്ര നവീകരണ പദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ യോഗാ കേന്ദ്രം, കാഴ്ച ബംഗ്ലാവ് എന്നിവ ഉള്‍പ്പെടുന്ന വിനോദ കേന്ദ്രം നിര്‍മ്മിക്കും. മദ്ധ്യപ്രദേശ് സര്‍ക്കാരാണ് പദ്ധതിക്കായി 856 കോടി രൂപ ചെലവഴിക്കുന്നത്. തീര്‍ത്ഥാടകര്‍ക്കും സഞ്ചാരികള്‍ക്കുമായി 23.90 കോടി രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: