Categories: World

ഹിജാബ് വിരുദ്ധ സമരം ശക്തം; ഇറാനില്‍ സാമ്പത്തിക പ്രതിസന്ധി ഉയരുന്നു

Published by

ടെഹ്റാന്‍: ഇറാനിലുടനീളം പടരുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭം സാമ്പത്തിക രംഗത്തെയും ബാധിക്കുന്നു. പ്രക്ഷോഭത്തെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് ഒരുമാസത്തോളമായി പ്രധാനനഗരങ്ങളിലെല്ലാം വിപണി അടഞ്ഞുകിടക്കുകയാണ്. ഇന്ത്യന്‍ ബസുമതി അരിയുടെയും തേയിലയുടെയും ഏറ്റവും വലിയ വിപണിയായി കണക്കാക്കുന്ന ഇറാന്‍ ഇവയുടെ ഇറക്കുമതി തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്.

ഇതേത്തുടര്‍ന്ന് ഹിജാബിനെതിരെ സ്ത്രീകളാരംഭിച്ച സമരം മുഴുവന്‍ ജനങ്ങളുമേറ്റെടുക്കുന്ന സാഹചര്യത്തിലേക്കെത്തുമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. കൊവിഡും യുഎസ് ഉപരോധം മൂലമുണ്ടായ പ്രതിസന്ധിയും രണ്ട് വര്‍ഷമായി മന്ദഗതിയിലായിരുന്നു ഇറാനിലെ വിപണികള്‍. അത് ഉണര്‍ന്നുവരുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങള്‍ ഇറാനിലെ മതാധിപത്യഭരണത്തെ തകര്‍ക്കുന്ന നിലയിലേക്ക് വളരുന്നത്.

ഇറാനിലെ പ്രതിസന്ധി കയറ്റുമതിയെ തണുപ്പിച്ചുവെന്ന് കൊല്‍ക്കത്ത ആസ്ഥാനമായുള്ള ഏഷ്യന്‍ ടീ ആന്‍ഡ് എക്‌സ്‌പോര്‍ട്ട്‌സിന്റെ ഡയറക്ടര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. കടകള്‍ അടച്ചു, ജനങ്ങള്‍ പൊതുനിരത്തിലിറങ്ങാന്‍ മടിക്കുന്നു. ഈ സാഹചര്യം വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡിന് മുമ്പ്, 2019 ല്‍ ഇറാന്‍ ഇന്ത്യയില്‍ നിന്ന് 53 ദശലക്ഷം കിലോ ചായ ഇറക്കുമതി ചെയ്തിരുന്നു. അതിപ്പോള്‍ 21 ദശലക്ഷം കിലോഗ്രാമിലേക്കും ഇടിഞ്ഞുവെന്ന് മോഹിത് ചൂണ്ടിക്കാട്ടി.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക