ജോധ്പൂര്‍: തൊട്ടുകൂടായ്മ പോയേ തീരൂ. അത് സമൂഹത്തില്‍ നിന്ന് മാത്രമല്ല, മനസ്സില്‍ നിന്നുതന്നെ വേരോടെ പിഴുതുകളയണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ജോധ്പൂരില്‍ വിവിധമേഖലകളിലെ പ്രമുഖരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
സമാജത്തിലെ ഭിന്നതകള്‍ പൂര്‍ണമായും അവസാനിപ്പിക്കണം. അത്തരം തിന്മകള് ഒട്ടേറെ പരിഷ്കരണശ്രമങ്ങള്ക്കുശേഷവും ബാക്കി നില്ക്കുന്നു എന്നത് ദൗര്‍ഭാഗ്യകരമാണ്. ജാതിയുടെയും തൊട്ടുകൂടായ്മയുടെയും പേരില്‍ സമൂഹത്തെ തകര്‍ക്കുന്ന ശക്തികളെ കരുതിയിരിക്കേണ്ടതുണ്ട്. എല്ലാ സമാജവും ഒരുപോലെ ശക്തമാകണം. ആരും ദുര്ബലരാകാതിരിക്കാന് ഒരുമിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണ്. ദുര്‍ബലമായ സമാജ ശരീരത്തിലേക്കാണ് ദേശവിരുദ്ധ ശക്തികള്‍ കടന്നുകയറുന്നത്. ജാതി വിവേചനം പാടേ ഒഴിവാക്കി സമൂഹത്തെയാകെ ശക്തമാക്കണം. ദുര്‍ബലരെ ശക്തിപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ മാത്രം കടമയല്ല, സമൂഹത്തിന്റെയും ഉത്തരവാദിത്തമാണ്, സര്‍കാര്യവാഹ് പറഞ്ഞു.
രാജ്യത്തെ സമൃദ്ധമാക്കുന്നതില്‍ സര്‍ക്കാരുകള്‍ക്ക് മാത്രമല്ല സമാജത്തിനും പങ്കുണ്ടെന്നും അതിനായി ഓരോ വ്യക്തിയും സജ്ജരാകണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജീവിക്കാന്‍ പണം വേണമെന്നതുപോലെ പ്രധാനമാണ് അതേതുവഴിയില് സമ്പാദിക്കുന്നു എന്നതും. അനര്‍ത്ഥത്തിലൂടെ നേടുന്ന അര്‍ത്ഥവും ജീവിതവും അര്‍ത്ഥശൂന്യമാകും. രാജ്യത്തെ ശക്തവും സമൃദ്ധവുമാക്കുന്നതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജലം, വനം, ഭൂമി, മൃഗങ്ങള്‍ എന്നിവയുടെ സംരക്ഷണവും പ്രധാന ലക്ഷ്യമാകണമെന്ന് അദ്ദേഹം പറഞ്ഞു. ആചാരങ്ങളിലും ഉത്സവങ്ങളിലും ജീവിതത്തിലും പരിസ്ഥിതി സംരക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തണം. ഇനിയും ശ്രദ്ധിച്ചില്ലെങ്കില്‍ ജലമലിനീകരണവും അന്തരീക്ഷ മലിനീകരണവും മൂലം ഭൂമി നശിക്കും. വരും തലമുറയ്ക്ക് നല്കാന് ബാക്കിയാവുന്നത് തരിശ് ഭൂമി മാത്രമാകും.
രാഷ്ട്രനിര്‍മിതിക്ക് സമൂഹം ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമാണ്. ബൗദ്ധികവും ആശയപരവുമായ അടിമത്തത്തില്‍ നിന്ന് പുറത്തുവരുമ്പോഴാണ് സ്വാതന്ത്ര്യത്തിന്റെ അമൃത് നുകരാനാവുക. ഇന്ത്യയുടെ ഏകാത്മകതയുടെ ആധാരം സാംസ്കാരികവും ആത്മീയവുമാണ്. ഹരിശ്ചന്ദ്രനും ശ്രീബുദ്ധനും മഹാവീരനും ശ്രീരാമനുമൊക്കെ രാജാക്കന്മാരായിരുന്നു. എന്നാല്‍ അവരുയര്‍ത്തിയ ദര്‍ശനങ്ങള്‍ ജീവിതത്തില്‍ അര്‍ത്ഥപൂര്‍ണമായി പ്രയോഗത്തില്‍ വരുത്തിയതുകൊണ്ടാണ് മാതൃകാപുരുഷന്മാരായത്. മൂല്യങ്ങള്‍ക്കായി അവര്‍ സ്വയം സമര്‍പ്പിച്ചു. വരും തലമുറ സംസ്കാരമുള്ളവരാകണം. കുട്ടികളില്‍ സമാജത്തോടുള്ള സഹാനുഭൂതി, സത്യസന്ധത, പരിസ്ഥിതിബോധം, രാഷ്ട്രസ്നേഹം എന്നിവ വളര്‍ത്താന്‍ ഓരോരുത്തരുടെയും പരിശ്രമം ഉണ്ടാകണമെന്ന് സര്‍കാര്യവാഹ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: