ചെന്നൈ: കേന്ദ്രമന്ത്രിയായിരുന്നപ്പോള്‍ സ്പെക്ട്രം അഴിമതിക്കേസില്‍ കുടുങ്ങിയ ഡിഎംകെ എംപി എ.രാജയ്ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ. 5.53 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചു എന്നതാണ് കേസ്.
ഈയിടെ തമിഴ്നാട് വേറെ രാജ്യമാക്കണമെന്നതുള്പ്പെടെ ഒട്ടേറെ വിവാദ പ്രസ്താവനകള്‍ നടത്തിയതിന്റെ പേരില്‍ നീലഗിരിയില്‍ നിന്നുള്ള ഡിഎംകെ എംപിയായ എ.രാജ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. 2015ല്‍ രജിസ്റ്റര്‍ ചെയ്ത അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ഇപ്പോള്‍ സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്.
ഏഴ് വര്‍ഷം മുന്‍പുള്ള കേസില്‍, ഇപ്പോഴാണ് തമിഴ്നാട്ടിലെ സിബിഐ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എ.രാജയ്ക്കും ഈ കേസിലെ മറ്റ് അഞ്ചു പേര്‍ക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. 5.53 കോടിയുടെ അനധികൃത സ്വത്ത് രാജ സമ്പാദിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. കാരണം രാജയുടെ ലഭ്യമായ വരുമാനസ്രോതസ്സനുസരിച്ച് ഇത്രയും സ്വത്ത് സമ്പാദിക്കാനാവില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ലഭിക്കാവുന്നതിനേക്കാള്‍ 579 ശതമാനം അധികം സ്വത്താണ് രാജ സമ്പാദിച്ചിരിക്കുന്നത്.
നേരത്തെ 2ജി സ്പെക്ട്രം വിറ്റ കേസിലും ടെലികോം ലൈസന്‍സുകള്‍ അനുവദിക്കുന്നതിലും ഖജനാവിന് കോടികളുടെ നഷ്ടം വരുത്തിയെന്ന കേസില്‍ അന്നത്തെ ടെലികോം മന്ത്രിയായിരുന്ന എ.രാജ പ്രതിയായിരുന്നു. എന്നാല്‍ 2017ല്‍ ഈ കേസില്‍ ദല്‍ഹി കോടതി രാജയെ കുറ്റവിമുക്തനാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: