പത്തനംതിട്ട : സാമ്പത്തികാഭിവൃദ്ധിക്കെന്ന പേരില്‍ രണ്ട് സ്ത്രീകളെ നരബലി നല്കിയ കേസില്‍ അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല, നരബലിയുടെ ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്. വിശദമായ അന്വേഷണങ്ങള്‍ക്കായി പത്ത് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്കാന് പോലീസ് ആവശ്യപ്പെടും.
ഐശ്വര്യത്തിനെന്ന പേരില്‍ തമിഴ്നാട് സ്വദേശിനി പത്മം, തൃശൂര്‍ സ്വദേശിനി റോസ്ലിന് എന്നിവരെയാണ് മൂവരും ചേര്‍ന്ന് മൃഗീയമായി കൊലപ്പെടുത്തിയശേഷം ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ ഇവരുടെ മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ച് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ചൊവ്വാഴ്ച പോലീസ് കണ്ടെത്തിയിരുന്നു.
ഇതില്‍ റോസ്ലിയെ ജൂണ്‍ എട്ടിനും പത്മത്തെ സെപ്തംബര്‍ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. സംഭവത്തില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുകയാണ്. പെരുമ്പാവൂരിലും എറണാകുളം നഗരത്തിലുമായി വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് ഷാഫി ഇടുക്കി സ്വദേശിയാണ്. ഇയാളാണ് കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. സിദ്ധനെന്ന് ഭഗവല്‍ സിങ്ങിനെ വിശ്വസിപ്പിച്ചാണ് ഷാഫി ഇയാളെക്കൊണ്ട് നരബലി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യിപ്പിച്ചിരുന്നത്. 75കാരിയെ പീഡിപ്പിച്ചെന്ന കേസിലും ഇയാള്‍ പ്രതിയാണ്.
മൃതദേഹങ്ങള്‍ മണിക്കൂറുകളോളം എടുത്താണ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത്. ഇതില്‍ പത്മത്തിന്റെ മൃതദേഹം കഷണങ്ങളാക്കി ഒരു കുഴിയിലാണ് മറവ് ചെയ്തിരിക്കുന്നത്. റോസ്ലിന്റെ മൃതദേഹം കഷണങ്ങളാക്കി പലസ്ഥലങ്ങളിലായാണ് കുഴിച്ചിട്ടിരുന്നത്. മൃതദേഹ കഷങ്ങളില്‍ ഉപ്പ് വിതറിയശേഷം അതിനു മുകളിലായി മഞ്ഞള്‍ നട്ടിരുന്നു. ഇവരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നും നാണയങ്ങളും കുട. ബാഗ് ചെരുപ്പ് പെര്‍ഫ്യൂം മാസ്ക്, താക്കോല്‍ തുടങ്ങിയവയും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: