ടെഹ്റാന്: ഇറാനില്‍ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളെ പിന്തുണച്ച് ബോളിവുഡില്‍ തരംഗങ്ങള്‍ സൃഷ്ടിച്ച വിഖ്യാത ഇറാനിയന്‍ നടി എല്‍നാസ് നൊറൂസി. പ്രതിഷേധ സൂചകമായി എല്‍നാസ് നൊറൂസി ചൊവ്വാഴ്ച ഇന്‍സ്റ്റാഗ്രാമില്‍ ഹിജാബും പര്‍ദ്ദയും ഉപേക്ഷിച്ച് അര്‍ധനഗ്നയായി വീഡിയോ പോസ്റ്റ് ചെയ്തു. ‘ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ്. ഇസ്ലാമിക മതാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന പ്രഖ്യാപനത്തോടെയാണ് നൊറൂസിയുടെ പ്രതികരണം.
‘എല്ലാ സ്ത്രീകള്‍ക്കും, ലോകത്തെവിടെയും, അവള് എവിടെനിന്നുള്ളയാളെന്നത് പരിഗണിക്കാതെ, ആഗ്രഹിക്കുന്നത് ധരിക്കാനും ധരിക്കാതിരിക്കാനുമുള്ള അവകാശം ഉണ്ടായിരിക്കണം. ഒരു പുരുഷനോ മറ്റേതെങ്കിലും സ്ത്രീക്കോ അവളെ വിധിക്കാന്‍ അവകാശമില്ല,’ വീഡിയോയുടെ അടിക്കുറിപ്പില്‍ നൊറൂസി എഴുതി.
‘ഓരോരുത്തര്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും വിശ്വാസങ്ങളുമുണ്ട്, അവരെ ബഹുമാനിക്കേണ്ടതുണ്ട്. ജനാധിപത്യം എന്നാല്‍ തീരുമാനിക്കാനുള്ള അധികാരമാണ്. ഓരോ സ്ത്രീക്കും സ്വന്തം ശരീരം എങ്ങനെവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം ഉണ്ടായിരിക്കണം! ഞാന്‍ നഗ്നത പ്രോത്സാഹിപ്പിക്കുകയല്ല, തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുകയാണ്!’ എല്‍നാസ് നൊറൂസി കൂട്ടിച്ചേര്‍ത്തു.
അതേസമയം പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇരുന്നൂറ് കടന്നിട്ടും പ്രക്ഷോഭത്തിന് ശമനമില്ല. യൂണിവേഴ്സിറ്റി കാമ്പസുകളിലും നഗരങ്ങളിലും വലിയ പ്രതിഷേധങ്ങളാണ് അരങ്ങേറുന്നത്. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ച ടെഹ്റാനിലെ എലൈറ്റ് സര്‍വകലാശാല സര്‍ക്കാര്‍ അടച്ചു. ശാസ്ത്ര, ഗവേഷണ, സാങ്കേതിക മന്ത്രി മുഹമ്മദ് അലി സോള്ഫിഗോളിലെ വിദ്യാര്‍ത്ഥികള്‍ പൊതുനിരത്തില്‍ ഉപരോധിച്ചു. സമരക്കാര്‍ക്കെതിരെ ഇറാനിയന്‍ ഭരണകൂടം കടുത്ത നടപടികളാണ് തുടരുന്നത്. ഇതിനകം 40 പത്രപ്രവര്‍ത്തകരെ തടങ്കലിലാക്കിയതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ പ്രക്ഷോഭകേന്ദ്രങ്ങളില്‍ റദ്ദാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: