കൊല്ലം: ബാലഗോകുലവും കുഞ്ഞുണ്ണിക്കവിതകളും മനസ്സില്‍ പതിഞ്ഞ കുട്ടിക്കാലത്തേ രാഗി ഉറപ്പിച്ചതാണ് കുഞ്ഞുണ്ണിമാഷിനെ കൂടുതല്‍ പഠിക്കണമെന്ന്. ആ ചെറിയ കവിതകളുടെ വലിപ്പമറിയാന്‍ കുഞ്ഞുണ്ണിമാഷുടെ വ്യക്തിത്വവും ദര്‍ശനവും തേടിയതായിരുന്നു ഗവേഷണകാലം. പിന്നെപ്പറന്നത് കുട്ടികളുടെ സാന്ദീപനിയെപ്പറ്റി, കുഞ്ഞുണ്ണിമാഷിനെപ്പറ്റിയുള്ള പ്രൗഢമായ ഗവേഷണപ്രബന്ധം.
കേരള സര്‍വകലാശാലയില്‍ ആദ്യമായി കുഞ്ഞുണ്ണിക്കവിതകളെപ്പറ്റി പ്രബന്ധം അവതരിപ്പിക്കാനുള്ള നിയോഗം കൊറ്റംകുളങ്ങര ഗവ. എച്ച്എസ്എസ് മലയാളം അധ്യാപിക കുണ്ടറ പെരുമ്പുഴ കേരളപുരം ദേവിയില്‍ രാഗി ജി.ക്ക് കൈവന്നത് അങ്ങനെയാണ്. വിഷയം ‘കുഞ്ഞുണ്ണിയുടെ വ്യക്തിത്വവും ദര്‍ശനവും.’
കാര്യവട്ടം മലയാള വിഭാഗം മുന്‍ മേധാവി ആയിരുന്ന ഡോ. ബി.വി. ശശികുമാറായിരുന്നു മേല്‍നോട്ടം. മൂന്നര വര്‍ഷം നീണ്ടു നിന്ന പഠനത്തിലൂടെ രാഗി ഡോക്ടറേറ്റും സ്വന്തമാക്കി. സ്കൂള്‍ കാലം മുതല്‍ കുഞ്ഞുണ്ണി കവിതകള്‍ ഹരമായിരുന്നു. ബാലഗോകുലത്തില്‍ കളിച്ചും പഠിച്ചും പഠിപ്പിച്ചും കഴിഞ്ഞ കാലത്ത് അത് മനസ്സിലുറച്ചു. ഉപരിപഠന കാലത്ത് കുഞ്ഞുണ്ണി രചനകള്‍ കൂടുതലറിഞ്ഞു. ബാലഗോകുലം സ്ഥാപകനും മാര്‍ഗദര്‍ശിയുമായ എം.എ. സാര്‍ (എം.എ. കൃഷ്ണന്) നല്കിയ പുസ്തകം പഠനം പൂര്‍ത്തിയാക്കാന്‍ ഏറെ തുണച്ചു.
ലോകത്തുതന്നെ കുട്ടികള്‍ക്കായി ഇത്രയും കവിതകള്‍ എഴുതിയ മറ്റൊരു കവിയില്ലെന്ന് രാഗി ടീച്ചര്‍ പറയുന്നു. തിരുക്കുറളിലടക്കം സമാനമായ ചെറുകവിതകളുണ്ട്. മലയാളത്തിലും സമാനമായ കവിതകള്‍ പലരും എഴുതിയെങ്കിലും കുഞ്ഞുണ്ണിക്കവിതകള്ക്കു തുല്യം വയ്ക്കാനാവില്ല.
ശിശുമനസ്സ് പഠിക്കാന്‍ ഏറ്റവും നല്ലത് കുഞ്ഞുണ്ണിക്കവിതകളാണ്. ഒരു അധ്യാപകന് കൂടിയായ അദ്ദേഹത്തിന്റെ വരികളില്‍ കുട്ടികളോടുള്ള വാത്സല്യം പ്രകടമാണ്. അതേസമയം, മുതിര്‍ന്നവര്‍ക്കും അവരുടേതായ ദിശയില്‍ നോക്കി കാണാവുന്നതാണ് കൃഷ്ണഭക്തി കൂടുതല്‍ പ്രതിഫലിപ്പിച്ചിട്ടുള്ള കുഞ്ഞുണ്ണി കവിതകള്‍. കുട്ടികളുമായും ബാലഗോകുലവുമായുള്ള അടുപ്പമാണ് കുഞ്ഞുണ്ണി മാഷിനെ കൃഷ്ണഭക്തിയില്‍ എത്തിച്ചതെന്നും ടീച്ചര്‍ പറഞ്ഞു.
എട്ടു വര്‍ഷമായി ഹയര്‍സെക്കന്‍ഡറി വിഭാഗം അധ്യാപികയാണ് രാഗി. ഭര്‍ത്താവ്: കുളക്കട ജിഎച്ച്എസ്എസ് കോമേഴ്സ് വിഭാഗം അധ്യാപകന് രവിലാല്‍. മക്കള്‍: അദിതി നാരായണി, രവി നാരായണന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: