കൊച്ചി : പൊന്നുരുന്നിയില്‍ താമസിച്ചിരുന്ന പത്മം എന്ന സ്ത്രീയെ കാണാനില്ലെന്ന പരാതിയാണ് കേരളത്തിലെ നരബലിയെ കുറിച്ചുള്ള വിവരം പുറത്തുകൊണ്ടുവരുന്നത്. തമിഴ്നാട് സ്വദേശിയായ പത്മം കടവന്ത്രയിലാണ് ലോട്ടറി വിറ്റിരുന്നത്. ഇവരെ ഫോണില്‍ ബന്ധപ്പെട്ടിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് മകന് നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് സത്യങ്ങള്‍പുറത്തുകൊണ്ടുവന്നത്.
മകനുമായി പത്മം എന്നും ഫോണില്‍ സംസാരിക്കുമായിരുന്നു. എന്നാല്‍ സെപ്തംബര്‍ 26 മുതല്‍ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. ഇതോടെ മകന് ഇവര്‍ താമസിച്ചിരുന്ന സ്ഥലത്തെത്തി അന്വേഷിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. പത്മത്തിന്റെ ഫോണ്‍ സിഗ്നല്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്. അന്വേഷണത്തില്‍ ഷിഹാബ് എന്നയാള്‍ക്കൊപ്പം പത്മം തിരുവല്ലയിലേക്ക് പോയതായി കണ്ടെത്തി. നരബലിക്കായി ഇലന്തൂരില്‍ ഭഗവത് സിങ്ങിന് സ്ത്രീകളെ എത്തിച്ചു നല്കിയ ഏജന്റാണ്് ഷിഹാബ്. തിരുവല്ലയിലാണ് പത്മത്തിന്റെ ഫോണ്‍ സിഗ്നല്‍ അവസാനമായി ലഭിച്ചത്.
പത്മത്തിനൊപ്പം കാലടി സ്വദേശി റോസ്ലിന് എന്ന സ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. ഇരുവരേയും ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തി കഷണങ്ങളാക്കിയ ശേഷം കുഴിച്ചിടുകയായിരുന്നു. റോസ്ലിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ മകളും പരാതി നല്‍കിയിട്ടുണ്ട്. നരബലി നടത്തിയാല്‍ സാമ്പത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് വിശ്വാസത്തിലാണ് ഇവര്‍ നരബലി നടത്തിയതെന്നാണ് വിവരം. ഭഗവല്‍ സിങ്- ലൈല ദമ്പതിമാരാണ് ആഭിചാരക്രിയ നടത്തിയത്. നരബലിക്കായി ഇവര്‍ ഏജന്റുമായി സാമ്പത്തിക ഇടപാടുകളും നടത്തിയിട്ടുണ്ട്.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എച്ച് നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെ വിഷയത്തില്‍ വ്യക്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: