കൊച്ചി: നരബലിയുടെ ഭാഗമായി രണ്ട് സ്ത്രീകളെ കടത്തിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ് ഞെട്ടിപ്പിക്കുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ എസ്. നാഗരാജു. സംശയിക്കുന്നത് ശരിയാണെങ്കിൽ ഇതൊരു അസാധാരണ സംഭവമാണെന്നും അദ്ദേഹം പറഞ്ഞു. വൈകുന്നേരത്തോടെ വ്യക്തതവരുമെന്നും പോലീസ് കമ്മിഷണർ അറിയിച്ചു.
വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു സംഘം അന്വേഷണ ഉദ്യോഗസ്ഥർ തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ഒരു മിസ്സിംഗ് കേസിൽ വന്ന ദുരൂഹതയാണ് സംശയത്തിലേക്ക് നയിച്ചതെന്നും പോലീസ് കമ്മിഷണർ അറിയിച്ചു. ഇതൊരു സാധാരണ കേസല്ല, പ്രധാനപ്പെട്ട കേസായിട്ടാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബലിയര്‍പ്പിക്കപ്പെട്ടതില്‍ ഒരാള്‍ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന പൊന്നുരുണി സ്വദേശിനി പത്മയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇവരെ പണം നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കൊണ്ടുപോയി തലയറുത്ത് കൊന്നശേഷം മൃതദേഹം പല കഷണങ്ങളാക്കുകയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
പത്മ തമിഴ്നാട് സ്വദേശിയാണ്. പൊന്നുരുണിയിൽ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു. മുഖ്യപ്രതിയെ പിടികൂടിയെങ്കിലും കൂടുതല്‍ പേര് സംഭവത്തിനു പിന്നിലുണ്ടെന്നാണു കരുതുന്നത്. സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ പൊലീസ് തയാറായിട്ടില്ല. പൊലീസ് സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും വൈകുന്നേരത്തോടെ പ്രതികളുടെ അറസ്റ്റുണ്ടാകുമെന്നാണ് പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: