യുപി രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായിരുന്ന മുലായം സിങ്ങ് യാദവ് ദല്‍ഹിയിലെ ദേശീയ രാഷ്ട്രീയ രംഗത്തും ഒരു കാലത്ത് നിറഞ്ഞു നിന്നിരുന്നു. കളമറിഞ്ഞ് കളിച്ച മുലായം ഐക്യമുന്നണി സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കാരിനെ പ്രതിരോധിച്ച് നിറുത്തിയ പ്രതിരോധമന്ത്രി കൂടിയായിരുന്നു.
സുഖാര്‍ സിങ്ങ് യാദവിന്റെയും മൂര്‍ത്തീ ദേവിയുടെയും ആറു മക്കളില്‍ രണ്ടാമനായി 1939 നവംബര്‍ 22ന് യുപിയിലെ സൈഫായിയില്‍ ജനിച്ച മുലായം രാഷ്ട്രമീമാംസയിലും ഇംഗഌഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും ബിഎഡും നേടി അധ്യാപകനായിട്ടാണ് തുടക്കം. 57ല്‍ മാലതീദേവിയെ വിവാഹം കഴിച്ചു. 1973ല്‍ മകന് അഖിലേഷ് ജനിച്ചു. പ്രസവസംബന്ധമായ പ്രശ്നങ്ങളെത്തുടര്‍ന്ന് കിടപ്പിലായ മാലതി, വര്‍ഷങ്ങളോളം അബോധാവസ്ഥയിലുമായിരുന്നു. 2003ല്‍ മരണമടഞ്ഞു. അതിനു ശേഷമാണ് സാധനാ ഗുപ്തയെ വിവാഹം കഴിച്ചത്. അവര്‍ ജൂലൈയിലാണ് മരിച്ചത്. ഇവരില്‍ മുലായത്തിന് മക്കളില്ല.
രാം മനോഹര്‍ ലോഹ്യ, രാജ്നാരായണ്‍ എന്നിവരുടെ ശിഷ്യനായിരുന്ന മുലായം അധ്യാപക വൃത്തി ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലിറങ്ങിയത്. 67ല്‍ 28-ാം വയസ്സില്‍ സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആദ്യമായി യുപി നിയമസഭയിലെത്തി. എട്ടു തവണ എംഎല്‍എ ആയിട്ടുണ്ട്. 75ല്‍ അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയില്‍ വാസം അനുഭവിച്ചു. 77ല്‍ സംസ്ഥാന സര്‍ക്കാരില്‍ മന്ത്രിയും 80ല്‍ ലോക്ദള്‍ യുപി ഘടകം അധ്യക്ഷനുമായി. 82ല്‍ പ്രതിപക്ഷ നേതാവായി.ലോക്ദള്‍ പിളര്‍ന്നപ്പോള്‍ ക്രാന്തികാരിമോര്ച്ച സ്ഥാപിച്ചു. 89ല്‍ യുപി മുഖ്യമന്ത്രിയായി. 90 നവംബറില്‍ വി.പി. സിങ്ങ് സര്‍ക്കാര്‍ വീണ ശേഷം, ചന്ദ്രശേഖറിന്റെ ജനതാദളില്‍ ചേര്‍ന്നു. കോണ്‍ഗ്രസ് പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. 91ല്‍ കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചു, മുലായം സര്‍ക്കാര്‍ വീണു. 91 ലെ ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയോട് തോറ്റു. 92ല്‍ സമാജ്വാദി പാര്‍ട്ടിയുണ്ടാക്കി. 93ല്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി ബിജെപിയെ തോല്‍പ്പിച്ചു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും കൂടി പിന്തുണയോടെ രണ്ടാമതും മുഖ്യമന്ത്രിയായി. 95വരെ ആ സ്ഥാനത്ത് തുടര്‍ന്നു.
2002ലെ തെരഞ്ഞെടുപ്പിനു ശേഷം ബിജെപിയും മായാവതിയുടെ ബിഎസ്പിയുമായി സഖ്യമുണ്ടാക്കി അധികാരം പിടിച്ചു. മായാവതിയെ ബിജെപി മുഖ്യമന്ത്രിയാക്കി. 2003ല്‍ മായാവതിക്കുള്ള പിന്തുണ ബിജെപി പിന്‍വലിച്ചതോടെ ബിഎസ്പി വിമതരെക്കൂട്ടി മുലായം വീണ്ടും മുഖ്യമന്ത്രിയായി. 2003 സപ്തംബറിലാണ് മൂന്നാമതും അധികാരത്തിലേറിയത്. മുഖ്യമന്ത്രിയാകുന്ന സമയത്ത് മെയ്ന്‍പുരിയില്‍ നിന്നുള്ള എംപിയായിരുന്നു. ആറു മാസത്തിനകം എംഎല്എയാകേണ്ടിയിരുന്നതിനാല് 2004ല്‍ ഗുന്നൗര്‍ മണ്ഡലത്തിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. പോള്‍ ചെയ്തതില്‍ 94 ശതമാനം വോട്ടു നേടിയാണ് മുലായം ജയിച്ചത്.
ഇതേ വര്‍ഷമാണ് വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പു വന്നത്. കേന്ദ്രത്തില്‍ നിര്‍ണ്ണായക സ്ഥാനം ഉറപ്പിക്കാമെന്ന ചിന്തയില്‍, മുഖ്യമന്ത്രിയായിരിക്കെ തന്നെ മുലായം മെയ്ന്‍പുരിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചു. വീണ്ടും ജയിച്ചു. സമാജ് വാദി പാര്‍ട്ടിക്ക് യുപിയില്‍ കൂടുതല്‍ സീറ്റുകളും കിട്ടി. എന്നാല്‍ ലോക്സഭയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് ഭൂരിപക്ഷം ലഭിക്കുകയും സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണ ആവശ്യമല്ലാതെ വരികയും ചെയ്തു. ഇതോടെ വിലപേശലിനുള്ള നീക്കം പൊളിഞ്ഞു. അതോടെ വീണ്ടും എം പി സ്ഥാനം രാജിവച്ച് മുഖ്യമന്ത്രിയായി തുടര്‍ന്നു. പക്ഷെ 2007ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പിയോടു തോറ്റു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്പിക്ക് അധികാരം ലഭിച്ചെങ്കിലും മകന് അഖിലേഷ് യാദവ് മുഖ്യമന്ത്രി പദവി ഏറ്റെടുക്കുകയായിരുന്നു.
കേന്ദ്രത്തില്‍ പ്രതിരോധം
96ലാണ് മുലായം മെയ്ന്‍പുരിയില്‍ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ചത്. വന്‍ഭൂരിപക്ഷത്തിന് ജയിച്ച അദ്ദേഹം ഐക്യമുന്നണി സര്‍ക്കാരില്‍ പ്രതിരോധമന്ത്രിയായി. 98ല്‍ മുന്നണി സര്‍ക്കാര്‍ വീണു. വീണ്ടും നടന്ന തെരഞ്ഞെടുപ്പില്‍ സംഭാലില്‍ നിന്ന് അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. അടല്‍ബീഹാരി വാജ്പേയി സര്‍ക്കാരാണ് കേന്ദ്രത്തില്‍ വന്നത്.
ആ സര്‍ക്കാര്‍ 99 ഏപ്രലില്‍ പുറത്തായി. പിന്നീടു വന്ന യുപിഎ സര്‍ക്കാരിനെ മുലായം പിന്തുണച്ചില്ല. 99ലെ തെരഞ്ഞെടുപ്പില്‍ സംഭാലില്‍ നിന്നും കനൗജില്‍ നിന്നും മത്സരിച്ചു. രണ്ടിടത്തും ജയിച്ചു. കനൗജില്‍ നിന്ന് രാജിവച്ച് മകന് അഖിലേഷിനെ മത്സരിപ്പിച്ച് വിജയിപ്പിക്കുകയും ചെയ്തു. 2009 മുതല്‍ 2014വരെ മെയ്ന്‍പുരിയില്‍ നിന്നും 2014മുതല്‍ 2019വരെ അസംഗഡില്‍ നിന്നും എംപി. 2014ല്‍ മെയ്ന്‍പുരിയില്‍ നിന്നും ജയിച്ചുവെങ്കിലും അത് രാജിവച്ച് അസംഗഡ് നിലനിര്‍ത്തുകയായിരുന്നു. 2019ലും മെയ്ന്‍പുരിയില്‍ നിന്ന് ജയിച്ചു. ഇവിടെ നിന്നുള്ള എംപിയായിരിക്കെയാണ് മരണം.
കര്‍സേവകരുടെ ചോര പുരണ്ട കൈകള്‍
രാജ്യത്തിന്റെ, യുപിയുടെ, അയോധ്യ പ്രക്ഷോഭത്തിന്റെ ചരിത്രത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരധ്യായം കൂടിയുണ്ട് മുലായം സിങ്ങ് യാദവിന്റെ പേരില്‍.
നിരായുധരായ കര്‍സേവകര്‍ക്കു നേരെ വെടിയുതിക്കാന്‍ ഉത്തരവിട്ട മുഖ്യമന്ത്രിയായിരുന്നു മുലായം. 1990 ഒക്ടോബര്‍ 30നും നവംബര്‍ രണ്ടിനുമാണ്, വയോവൃദ്ധരും സംന്യാസിമാരും സ്ത്രീകളും അടക്കമുളളവരുടെ മാര്‍ച്ചിനു നേരെ വെടിവയ്പ്പുണ്ടായത്. അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം കത്തി നിന്ന കാലം. അന്നാണ് ആയിരങ്ങള്‍ തര്‍ക്കമന്ദിരത്തിലേക്ക് രാമനാമജപങ്ങളോടെ നടന്നത്. കര്‍സേവകരെ തടയാന്‍ മുലായം പോലീസിനും സുരക്ഷാ സൈനികര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു. തടയുന്നിടത്ത് കുത്തിയിരുന്ന് നാമം ചൊല്ലുകയാണ് കരസേവര്കര് ചെയ്തിരുന്നത്. വിട്ടയക്കുമ്പോള്‍ വീണ്ടും നടക്കും.
കുറേക്കഴിഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ ഉത്തരവു പ്രകാരം പോലീസ് ഉന്നതന്റെ കല്‍പ്പന. കര്‍സേവകരെ ഇനി മുന്നോട്ടു വിടരുത്. കണ്ണീര് വാതക ഷെല്ലുകള്‍ പൊട്ടി, ലാത്തികള്‍ ഉയര്‍ന്നുതാഴ്ന്നു, നിരാശ്രയരായ കര്‍സേവകരുടെ വേദന നിറഞ്ഞ നിലവിളികളും ആര്‍ത്തനാദങ്ങളും മുഴങ്ങി. കൊടിയ പീഡനങ്ങളും മനുഷ്യ വേട്ടയുമാണ് അവിടെ പിന്നെ നടന്നത്. പിന്തിരിയുന്നില്ലെന്ന് കണ്ടതോടെ നിരായുധായ കര്‍സേവകര്‍ക്കു നേരെ വെടിയുത്തിര്‍ത്തു. റോഡുകളിലും ഇടുങ്ങിയ ഇടവഴികളിലും ഗലികളിലും പോലീസ് തോക്കുമായി. ലാത്തിയുമായി വേട്ടയാടി രസിച്ചു. അടിയേറ്റും വെടിയേറ്റും വീണവര്‍ അനവധി. 32 വര്‍ഷം മുന്‍പു നടന്ന ആ ഹിന്ദു വേട്ട ഇന്ത്യന്‍ ചരിത്രത്തിലെ രക്തപങ്കിലമായ അധ്യായങ്ങളില്‍ ഒന്നാണ്. വെടിവയ്പ്പില്‍ 16 പേര് മരിച്ചുവെന്നാണ് ഔദ്യോഗിക കണക്കെങ്കിലും മരണം അതിലേറെയായിരുന്നു. ഇന്നും അതിന് കൃത്യമായ കണക്കില്ല. ദിവസങ്ങള്‍ക്കു ശേഷം വഴിയരുകിലെ ഓടകളില്‍ നിന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ ഈ കണക്കില്‍ പെടുത്തിയിട്ടില്ല. അന്ന് കരസേവകരെ വേട്ടയാടി കൊലപ്പെടുത്തിയത് മുലായം സിങ്ങ്യാദവിന്റെ ഉത്തരവു പ്രകാരമായിരുന്നു. പിന്നീട് ദേശീയ രാഷ്ട്രീയത്തിലും സംസ്ഥാന രാഷ്ട്രീയത്തിലും മുലായം വലിയ നേതാവായി മാറിയെങ്കിലും കൈകളിലെ ചോരക്കറയും കുപ്പായത്തിന്റെ ചോരമണവും ഒരിക്കലും വിട്ടകന്നിട്ടില്ല, മരണത്തിലൂടെ അതില്ലാതാകുകയുമില്ല.കൊല്‍ക്കത്തയില്‍ നിന്നുള്ള കോത്താരി സഹോദരന്മാരും സന്യാസിമാരും കോളേജ് അധ്യാപകനും (പ്രൊഫ. മഹേന്ദ അറോറ) മുലായത്തിന്റെ പോലീസിന്റെ വെടിയേറ്റ് വീരബലിദാനികളായവരുടെ പട്ടികയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: