കാണ്‍പൂര്‍: മഹര്‍ഷി വാത്മീകി രാഷ്ട്രഋഷിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാമായണത്തിലൂടെ മാനവനെ അതിമാനവനാക്കുന്ന ലോകദര്‍ശനം അദ്ദേഹം മുന്നോട്ടുവച്ചു. ഒരു പതിറ്റാണ്ടിനുള്ളില്‍ ലോകമാകെ വാത്മീകി ജയന്തി ആഘോഷപൂര്‍വം കൊണ്ടാടുന്ന തലത്തിലേക്ക് ആ ദര്‍ശനത്തെ ഒരു സമാജമെന്ന നിലയില്‍ ആവിഷ്കരിക്കേണ്ടതുണ്ടെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു. വാത്മീകി ജയന്തി സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
എല്ലാ ഭേദവിചാരങ്ങള്‍ക്കപ്പുറം രാഷ്ട്രത്തിനായി സമര്‍പ്പിക്കുന്ന സമാജഭാവന സൃഷ്ടിക്കാന്‍ സജ്ജരാകണം. ഒരൊറ്റ സമജാമെന്ന നിലയില്‍ സംഘടിക്കുകയും ശക്തരാവുകയും സമാജത്തിനുള്ളില്‍ രാഷ്ട്രബോധത്തെ ജ്വലിപ്പിക്കുകയും വേണം. സമാജത്തെയാകെ നവീകരിക്കാനും സംരക്ഷിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്കിടയില്‍ നിന്ന് നടക്കണം. അതാരെങ്കിലും പുറത്തുനിന്ന് ചെയ്തുതരുമെന്ന പ്രതീക്ഷ വേണ്ട. ആ പ്രവര്‍ത്തനങ്ങള്‍ ചെറിയ ചെറിയ ചുവടുവയ്പുകളിലൂടെയാകാം. പക്ഷേ അത് മുന്നോട്ടാകണം, പിന്നോട്ടാകരുത്. മുഴുവന്‍ സമാജവും സ്വന്തമാണെന്ന ഭാവന ഉണരണം.രാഷ്ട്രീയ സ്വയംസേവക സംഘം അത്തരത്തിലുള്ള സാമാജിക ഏകീകരണ പരിശ്രമങ്ങള്‍ക്കൊപ്പം എക്കാലവും എല്ലാ അര്‍ത്ഥത്തിലും ഒപ്പമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
നിയമങ്ങള്‍ വഴി സമാജത്തിന്റെ അവശതകളെ അവസാനിപ്പിക്കാന്‍ ശ്രമങ്ങളുണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ അതിന് സമാജത്തിനുള്ളില്‍ പരിശ്രമങ്ങളുണ്ടാവേണ്ടത് അനിവാര്യമാണ്. അത്തരം പരിശ്രമങ്ങളില്‍ ജീവിതം അര്‍പ്പിച്ചു കടന്നുപോയ പൂര്‍വികര്‍ അമരരാണ്. അവരുടെ സ്മരണകളില്‍ കൂടുതല്‍ കരുത്തോടെ സമത്വത്തിന്റെ സന്ദേശം പകരണം.
ലവകുശന്മാര്ക്ക് മഹര്‍ഷി വാത്മീകി പകര്‍ന്നത് സത്ഗുണങ്ങളുടെ ഭാവമാണ്. സമാജത്തെ നയിക്കാനുള്ള പാകതയും ശൗര്യവുമാണ്. വാത്മീകി ജയന്തിയുടെ സന്ദേശം അത്തരം ആയിരക്കണക്കിന് ലവകുശന്മാരെ രാഷ്ട്രത്തിനായി വളര്‍ത്തിയെടുക്കുക എന്നതാവണം. മഹത്തായ പാരമ്പര്യത്തെ, സത്ഗുണത്തെ, സമഭാവനയെ തലമുറകളിലേക്ക് പകരാന്‍ ആ സന്ദേശം ഉപകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: