കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന് വിദേശത്തേയ്ക്ക് യാത്ര പോകാന്‍ ഓരോ കാരണങ്ങള്‍ കണ്ടെത്തുകയാണെന്ന് വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരന്. കോടികള്‍ ചെലവഴിച്ചാണ് മുഖ്യമന്ത്രിയും സംഘവും വിദേശ യാത്ര നടത്തുന്നത്. ക്ണ്ണൂര്‍ ഡിസിസി ഓഫീസില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിയുടേയും സംഘത്തിന്റേയും വിദേശ യാത്രയ്ക്ക് ചെലവഴിച്ച കോടികള്‍ സംബന്ധിച്ച് സിപിഎം വിശദീകരിക്കണം. ധൂര്‍ത്ത് കൊണ്ട് കേരളത്തിന് എന്ത് കിട്ടിയെന്നും വിശദീകരിക്കണം. വിദേശത്ത് പോയി മുഖ്യമന്ത്രി പ്രഖ്യാപിച്ച ഏതെങ്കിലും ഒരു കുന്തവും കുട ചക്രവും ഇവിടെ നടപ്പാക്കിയോ. വിദേശത്തേക്ക് ടൂറടിക്കാന്‍ ഓരോ കാരണം കണ്ടെത്തുകയാണ് പിണറായിയെന്നും കെ. സുധാകരന് വിമര്‍ശിച്ചു.
വിദേശയാത്രയുടെ മറവില്‍ മുഖ്യമന്ത്രിയും കുടുംബവും സര്‍ക്കാര്‍ ഖജനാവ് ധൂര്‍ത്തടിക്കുകയാണ്. ഏത് വിദേശ യാത്രയ്ക്കും മുഖ്യമന്ത്രി ഭാര്യയേയും മക്കളെയും കൂട്ടി കൊണ്ടുപോകുന്നത് എന്തിനാണ്. അവരുടെ ചെലവ് സ്വന്തമായി എടുക്കുമെന്നാണ് മുഖ്യമന്ത്രി ഓഫീസില്‍ നിന്നും നല്കുന്ന വിശദീകരണം. അതൊക്കെ അങ്ങു പള്ളിയില്‍ പോയി പറഞ്ഞാല്‍ മതി. പുല്‍പ്പായ ഇട്ടു നിലത്തു കിടക്കുകയാണോ അവര്‍ ചെയ്യുന്നത്. വിദേശത്ത് പോയാല്‍ എത്ര ചെലവാണെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കെ സുധാകരന് പറഞ്ഞു.
തിരുവനന്തപുരത്ത് കോടിയേരിയുടെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കാന്‍ സിപിഎമ്മിന് സമയം കിട്ടിയില്ല.സംസ്കാര ചടങ്ങിന് ശേഷം തൊണ്ടയിടറി സംസാരിച്ച പിണറായി മണിക്കൂറിനുള്ളില്‍ വിദേശത്തേക്ക് പറന്നെന്നും സുധാകരന് വിമര്‍ശിച്ചു. കോടിയേരിയുടെ സംസ്കാരത്തിന് പിന്നാലെ തന്നെ മുഖ്യമന്ത്രിയും സംഘവും വിദേശ വിദേശയാത്രയ്ക്കായി പുറപ്പെട്ടത് ഏറെ വിവാദമുണ്ടായിരുന്നു. സംസ്ഥാനത്തെ മുന്‍ പാര്‍ട്ടി സെക്രട്ടറിയായിട്ടും കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് കൊണ്ടുവരാതിരുന്നതില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
പിണറായിയുടെ വിദേശ യാത്രയ്ക്കായി മൃതദേഹം ചെന്നൈയില്‍ നിന്നും നേരിട്ട് കണ്ണൂരിലേക്ക് എത്തിക്കുകയും കൂടുതല്‍ സ്ഥലങ്ങളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കാതെ പെട്ടന്ന് സംസ്കരിച്ചെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ദീര്‍ഘമായ യാത്ര ഒഴിവാക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കോടിയേരിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിക്കാതിരുന്നതെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതിന് മറുപടി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: