കൊച്ചി: സിനിമ ഒരു അനുഭൂതിയാണെന്നും അത് പണത്തിന് വേണ്ടി മാത്രമുള്ളതല്ലെന്നും സംവിധായകന്‍ മേജര്‍ രവി. ഭാരതീയ ചിത്രസാധനയുടെ ഭാഗമായ തിര ഫിലിം ക്ലബ്ബിന്റെ ദക്ഷിണേന്ത്യന്‍ ചലച്ചിത്ര ശില്പശാലയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ പേര് കെടുത്താതിരിക്കാനുള്ള വിദ്യാഭ്യാസം സിനിമാ പ്രവര്‍ത്തകര്‍ക്ക് ആവശ്യമാണ്. ലഹരി ഉപയോഗിക്കുന്നത് കാണിക്കാന്‍ വേണ്ടി നായകന് പണം നല്‍കുന്ന നിര്‍മാതാക്കളുണ്ട് എന്ന് സമകാല വാര്‍ത്തകള്‍ പറയുന്നു.
തെറി പറയുന്ന, കഞ്ചാവടിക്കുന്ന വീരനായകന്മാരെ അവതരിപ്പിക്കാന്‍ പണമൊഴുകുന്നു. കീര്‍ത്തിചക്ര എന്ന ദേശാഭിമാന പ്രചോദിതമായ സിനിമയ്‌ക്ക് വേണ്ടി ആറ് വര്‍ഷം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അധിക്ഷേപം കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത്തരമനുഭവങ്ങള്‍ക്ക് മുന്നില്‍ നിരാശപ്പെടരുത്. എടുത്ത തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കുകയും വേണം- അദ്ദേഹം പറഞ്ഞു.
ഒരു പട്ടാളക്കാരന് അതിര്‍ത്തിയില്‍നിന്ന് തിരിഞ്ഞു നോക്കുമ്പോള്‍ സ്വന്തം അച്ഛനമ്മമാരെ മാത്രമല്ല മുഴുവന്‍ ഭാരതത്തെയും സ്വന്തമെന്നു കാണേണ്ടിവരും. സിനിമ പവിത്രമായ കലയാണെന്ന ഭാവത്തോടെ സമീപിക്കണമെന്ന് മേജര്‍ രവി പറഞ്ഞു.തിര ജനറല്‍ സെക്രട്ടറി എം.എല്‍. രമേശ് അധ്യക്ഷത വഹിച്ചു. ക്യാമ്പ് ഡയറക്ടറും സിനിമാ നിരൂപകനുമായ വിജയകൃഷ്ണന്‍, ഭാരതീയ ചിത്രസാധന ദക്ഷിണമേഖലാ കോര്‍ഡിനേറ്റര്‍ ശ്രീരാം, ശില്പശാല കോര്‍ഡിനേറ്റര്‍ യു.പി. സന്തോഷ്, പി.ജി. സജീവ് എന്നിവര്‍ സംസാരിച്ചു. സിദ്ധാര്‍ത്ഥ് ശിവ, കലാധരന്‍ തുടങ്ങിയവര്‍ ക്ലാസ് നയിച്ചു. ഇന്ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: