കൊച്ചി: വിഴിഞ്ഞം സമരപ്പന്തല്‍ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം. സമരസിമിതിക്കാണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്. വിഴിഞ്ഞം തുറമുഖ നിർമാണത്തിനു പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമാണ കരാർ കമ്പനിയായ ഹോവെ എൻജിനീയറിങ് പ്രോജക്ട്സ് എന്നിവർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.
ഇതു സംബന്ധിച്ച് സമരക്കാർക്ക് നേരത്തേ നോട്ടിസ് നൽകിയതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. നിര്‍മാണ മേഖലയിലേക്ക് പ്രവേശിക്കാന്‍ സമരപ്പന്തല്‍ തടസ്സമാണെന്ന് അദാനി ഗ്രൂപ്പ് കോടതിയില്‍ അറിയിച്ചിരുന്നു. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനം തടസ്സപ്പെടുത്തരുതെന്ന് നേരത്തെയും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.
നിര്‍മാണ സ്ഥലത്തേക്ക് വാഹനങ്ങള്‍ കൊണ്ടുപോകുന്നതിന് പ്രയാസം നേരിടുന്നതായും പോലീസ് നിഷ്‌ക്രിയമാണെന്നും അദാനി ഗ്രൂപ്പ് നല്‍കിയ ഹർജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നുണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലാണ് മത്സ്യത്തൊഴിലാളികളുടെ സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: