Categories: Kollam

സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ച് പീഡനം: കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടു, കുട്ടിയ്‌ക്കൊപ്പം രാത്രി കിടന്നത് സിറ്റൗട്ടില്‍

സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു.

Published by

കൊല്ലം: യുവതിയേയും മകനെയും ഭര്‍തൃവീട്ടുകാര്‍ ഇറക്കിവിട്ടതായി പരാതി. കൊട്ടിയം സ്വദേശിനിയായ അതുല്യയ്‌ക്കും മകനുമാണ് ദുരനുഭവം ഉണ്ടായത്. ഭക്ഷണം പോലും ലഭിക്കാതെ യുവതിക്കും കുഞ്ഞിനും 17 മണിക്കൂറിലധികം വീടിന് പുറത്ത് കാത്തുനില്‍ക്കേണ്ടിവന്നു. സ്‌കൂളില്‍ നിന്ന് വന്ന മകനെ വിളിക്കാനായി വീടിന് പുറത്തിറങ്ങിയപ്പോള്‍ ഗേറ്റ് പൂട്ടുകയായിരുന്നു. രാത്രി മുഴുവന്‍ അമ്മയും കുട്ടിയും വീടിന്റെ പുറത്ത് കിടന്നു.  

സ്‌കൂള്‍ യൂണിഫോം പോലും മാറാന്‍ കഴിയാതെ നിന്ന കുഞ്ഞിന് അയല്‍ക്കാരാണ് ഭക്ഷണം നല്‍കിയത്. സ്ത്രീധനം കുറഞ്ഞു പോയെന്ന് പറഞ്ഞ് പീഡനം പതിവാണെന്നും ഇതിനും മുമ്പും ഇത്തരത്തില്‍ വീടിനു പുറത്താക്കാനുള്ള ശ്രമം നടന്നിട്ടുണ്ടെന്നും അതുല്യ പറയുന്നു. രാത്രി പതിനൊന്നര വരെ ഗേറ്റിന് മുന്നിലിരുന്നു. പിന്നെ നാട്ടുകാരുടെ സഹായത്തോടെ മതില്‍ വഴി അകത്ത് കയറി സിറ്റൗട്ടില്‍ ഇരിക്കുകയായിരുന്നു. സിറ്റൗട്ടില്‍ ചെന്ന് ലൈറ്റ് ഇട്ടപ്പോള്‍ ഭര്‍ത്താവിന്റെ അമ്മ അകത്തുനിന്ന് മെയിന്‍ സ്വിച്ച്‌ ഓഫാക്കി. ഇരുട്ടത്താണ് ഇരുന്നത്.  

കൊട്ടിയം പോലീസ് സ്റ്റേഷനില്‍ അറിയിച്ചെങ്കിലും അവർ സഹായത്തിനെത്തിയില്ലെന്ന് അതുല്യ പറഞ്ഞു. കൊല്ലം കമ്മീഷണറെയും വിളിച്ചു. വനിതാ സെല്ലിലും ചില്‍ഡ്രന്‍സ് വെല്‍ഫെയറിലുമൊക്കെ വിളിച്ചെങ്കിലും അവിടെ നിന്നൊന്നും യാതൊരു നീതിയും കിട്ടിയില്ലെന്നും യുവതി പറഞ്ഞു. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക