മൊസാംബിക്ക്: വന്യ മൃഗങ്ങളുടെ ആക്രമണത്തില്‍ ഐഎസ് ഭീകരർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. ആഫ്രിക്കന്‍ രാജ്യമായ വടക്കന്‍ മൊസാംബിക്കിലാണ് ഒരു കൂട്ടം ഐഎസ് ഭീകരര്‍ സിംഹങ്ങളുടെയും പാമ്പുകളുടെയും മുതലകളുടെയും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൊസാംബിക്കിലെ കാബോ ഡെല്‍ഗാഡോ പ്രവിശ്യയിലുള്ള ക്വിസംഗ ജില്ലയിലെ പോലീസ് മേധാവിയാണ് വിവരങ്ങൾ പുറത്തുവിട്ടത്. ക്വിസംഗയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം ഇത്തരത്തില്‍ കൊല്ലപ്പെട്ടത് 16 ഭീകരരാണ്.
ചിലര്‍ പ്രതിരോധ സേനകളുടെ വെടിയുണ്ടകള്‍ തറച്ച് മരിക്കുമ്പോള്‍ വലിയ ഒരു സംഘം ഭീകരര്‍ സിംഹങ്ങള്‍, പാമ്പുകള്‍, മുതലകള്‍, കാട്ടുപോത്തുകള്‍ തുടങ്ങിയ വന്യമൃഗങ്ങളുടെ മുന്നില്‍പ്പെട്ട് മരണപ്പെടുന്നുവെന്ന് പോലീസ് അറിയിച്ചു. മൊസാംബിക്കിൽ ദീർഘനാളായി ഐഎസ് ഭീകരരും സർക്കാർ അനുകൂല സേനകളും തമ്മിൽ പോരാട്ടം തുടർന്നുവരികയാണ്. അൽ ഷബാബ് എന്ന ഉപസംഘടനയുടെ പേരിലാണ് ഐഎസ് മൊസാംബിക്കിൽ പ്രവർത്തിക്കുന്നത്. മൊസാംബിക്കില്‍ എണ്ണ സമ്പുഷ്ടമായ മേഖലയായ കാബോ ഡെല്‍ഗാഡോയില്‍ 2017 മുതല്‍ ഐഎസ് ആക്രമണങ്ങള്‍ ആരംഭിച്ചു. 2020 ആയപ്പോഴേയ്ക്കും ഭീകരാക്രമണങ്ങള്‍ വര്‍ദ്ധിച്ചു.
യുവാക്കളെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും വലിയ തോതില്‍ ഭീകര പ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കാന്‍ ഐഎസിന് സാധിക്കുന്നുണ്ട്. കുട്ടികളെ ചാവേറുകളാക്കുന്നുണ്ടെന്നും, അഞ്ച് വയസ്സു മുതലുള്ള കുട്ടികള്‍ക്ക് ആയുധ പരിശീലനം ഭീകരര്‍ നല്കി വരുന്നുണ്ട് എന്നതിന് തെളിവുകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നും യൂനിസെഫ് വക്താവ് ജയിംസ് എല്‍ഡര്‍ പറഞ്ഞു.
ഭീകരരുടെ ആക്രമങ്ങള്‍ വര്‍ദ്ധിച്ചതോടെ 4,000-ത്തിലധികം പേര് കൊല്ലപ്പെടുകയും 950,000-ത്തിലധികം പേര് വീടുകള്‍ ഉപേക്ഷിച്ച് പലായനം ചെയ്തിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍. വലിയ ജൈവവൈവിധ്യം നിലനില്‍ക്കുന്ന രാജ്യം കൂടിയാണ് മൊസാംബിക്. 200-ലധികം സസ്തനികള്‍, 740 തരം പക്ഷികള്‍, 170 ഉരഗവര്‍ഗങ്ങള്‍, 40 ഇനത്തിലധികം ഉഭയജീവികള്‍ എന്നിവ മൊസാംബിക്കിലുണ്ട്. സിംഹങ്ങള്‍, ചീറ്റകള്‍, ആനകള്‍, പുലികള്‍, കാണ്ടാമൃഗങ്ങള്‍, കഴുതപ്പുലികള്‍ തുടങ്ങി ഒട്ടനേകം മൃഗങ്ങള്‍ ഈ രാജ്യത്തുണ്ട്. ഇവയുടെ ആക്രമണങ്ങളില്‍പ്പെട്ട് നിരവധി ഭീകരര്‍ കൊല്ലപ്പെടുന്നുണ്ട്. പ്രദേശത്ത് മൃഗ വേട്ടയും ആനക്കൊമ്പ് കടത്തും വ്യാപകമാണെന്ന് പോലീസ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: