ന്യൂദല്‍ഹി : വിഷമയമായ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുള്ളതായി സംശയിക്കുന്ന ഇന്ത്യന്‍ കമ്പനി നിര്‍മിച്ച ചുമയ്ക്കുള്ള നാല് മരുന്നുകള്‍ക്കെതിരേ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. ഹരിയാന ആസ്ഥാനമായ മെയ്ഡിന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ പ്രൊമെതാസിന്‍ ഓറല്‍ സൊലൂഷന്, കൊഫെക്സ്മാലിന് ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എന്‍ കോള്‍ഡ് സിറപ്പ് എന്നിവയ്ക്കെതിരേയാണ് അന്വേഷണം നടത്തുന്നത്.
ഈ കഫ് സിറപ്പുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്നും വിഷമയമായ രാസ വസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്നും ലോകരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചതിന് കാരണം ഈ മരുന്നുകള്‍ ഉപയോഗിച്ചതുകൊണ്ടാണെന്ന് സംശയമുണ്ടെന്നും ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഥനോം ട്വീറ്റും ചെയ്തിരുന്നു. കിഡ്നി തകരാറിലായാണ് കുട്ടികള്‍ മരിച്ചതെന്നാണ് കണ്ടെത്തല്‍ തുടര്‍ അന്വേഷണം നടന്നു വരികയാണ്.
സെപ്റ്റംബര്‍ 29ന് തന്നെ ഈ കഫ് സിറപ്പുകളെ സംബന്ധിച്ച് ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുകയും ഇത് ലഭിച്ചയുടന്‍ കേന്ദ്രം ഹരിയാന റെഗുലേറ്ററി അതോറിട്ടിയുമായി ബന്ധപ്പെടുകയും വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ ക്മ്പനികള്‍ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: