കുണ്ടറ: കല്ലടയാറിന്റെ കുഞ്ഞോളങ്ങളില്‍ ആവേശം വിതറിയ ജല മാമാങ്കത്തില്‍ യുവ മണ്‍റോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട്, ഫൈബര്‍ ചുണ്ടന് വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടി.
മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജലോത്സവ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടന്ന കല്ലട ജലോത്സവം ആയിരങ്ങളെ ആവേശത്തിരയിലാക്കി. വലിയ ചുണ്ടന് വള്ളങ്ങള്‍ ജലമേളയ്ക്ക് ഇല്ലെങ്കിലും, ഫൈബര്‍ ചുണ്ടന്‍വള്ളങ്ങളുടെ മത്സരം ജലോത്സവ പ്രേമികളെ ആവേശഭരിതരാക്കി. യുവ മണ്‍റോ മണക്കടവ് ക്ലബിന്റെ മഹാദേവിക്കാട്, ഫൈബര്‍ ചുണ്ടന് വള്ളങ്ങളുടെ ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ സുനില്‍ കുമാര്‍ ക്യാപ്റ്റനായുള്ള യുവന്‍സ് മണ്‍റോയുടെ വൈഗ രണ്ടാം സ്ഥാനവും, ആദര്‍ശ് ക്യാപ്റ്റനായുള്ള സ്പോര്‍ട്സ് ബി സി ക്ലബിന്റെ തൃക്കുന്നപ്പുഴ ചുണ്ടന് മൂന്നാം സ്ഥാനവും സ്വന്തമാക്കി.
കടുത്ത പോരാട്ടം കാഴ്ചവച്ച് 3 തെക്കനോടി വള്ളങ്ങളും തീരങ്ങളില്‍ മത്സരാവേശം വിതച്ചു. അക്ഷര ബോട്ട്സ് ക്ലബ് ശിങ്കാരപള്ളിയുടെ ദേവസാണ് ഒന്നാം സ്ഥാനം നേടിയത്. എല്‍. സുനിലായിരുന്നു ക്യാപ്റ്റന്‍. കിടപ്പുറം ബോട്ട് ക്ലബിന്റെ സാരഥി രണ്ടും ഫ്രന്‍ഡ്സ് ബോട്ട് ക്ലബിന്റെ കാട്ടില്‍ തെക്കതില്‍ മൂന്നാം സ്ഥാനവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: