നാഗ്പൂർ: സംഘത്തിനെതിരെയുള്ള കുപ്രചരണങ്ങളുടെ ശക്തി ഇന്ന് ക്ഷയിച്ചിരിക്കുകയാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത്. ദുരുദ്ദേശപരവും സ്വാർത്ഥവുമായ കുപ്രചരണങ്ങളെ എല്ലാവരും തള്ളി. കാരണം സംഘത്തിന്റെ പ്രസക്തി ഇന്ന് വർദ്ധിച്ചിരിക്കുകയാണ്. ഇവിടെ എല്ലാ വൈവിദ്ധ്യങ്ങൾക്കും സ്വീകാര്യതയും ആദരവുമുണ്ട്. സങ്കുചിതവും മതമൗലികവാദവും ആക്രമവും അഹന്തയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ചിലരുടെ ശ്രമം. എന്നാൽ സംഘത്തിനോ ഹിന്ദുക്കൾക്കോ ഈ സ്വഭാവമില്ല. സാഹോദര്യത്തിന്റേയും സൗഹാർദ്ദത്തിന്റേയും സമാധാനത്തിന്റേയും പക്ഷത്താണ് സംഘം നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാഗ്പൂരിൽ ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന വിജയദശമി സാംഘിക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാഷ്‌ട്രം ഇപ്പോൾ മാറ്റത്തിന്റെ പാതയിലാണ്. സാധാരണക്കാർക്ക് ഉൾപ്പെടെ അതിന്റെ ഗുണങ്ങൾ ലഭിക്കുന്നുണ്ട്. ലോകത്തിന് മുന്നിൽ ഭാരതത്തിന്റെ പ്രാധാന്യം വളരെ അധികം വർദ്ധിച്ചു. സുരക്ഷാ മേഖലയിൽ ഉൾപ്പെടെ ഭാരതം കൂടുതൽ സ്വയം പര്യാപ്തരായി മാറും. സഹകരിച്ച് പ്രവർത്തിക്കുന്ന സമൂഹത്തിന് മാത്രമേ രാജ്യത്തിന്റെ ഐക്യവും സുരക്ഷയും ഊട്ടി ഉറപ്പിക്കാൻ സാധിക്കുകയുള്ളു എല്ലാ രീതിയിലുമുള്ള രാജ്യത്തിന്റെ മുന്നേറ്റത്തിലും, അന്താരാഷ്‌ട്ര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിലും നാമെല്ലാവരും ഇന്ന് സന്തോഷിക്കുകയാണ്.
ആത്മനിർഭർ എന്ന പാതയിൽ മുന്നോട്ട് പോകുമ്പോൾ രാഷ്‌ട്രമെന്ന നിലയിൽ നമ്മളെ നിർവചിക്കുന്ന അടിസ്ഥാന തത്വങ്ങളും ആശയങ്ങളും നമ്മൾ മനസിലാക്കേണ്ടത് പ്രധാനമാണ്. സർക്കാരും സമൂഹവുമെല്ലാം ഈ തത്വങ്ങൾ മനസിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. രാജ്യത്തിന്റെ ഭരണഘടന ഒരേ സമയം രാഷ്‌ട്രീയവും സാമ്പത്തികവുമായ സമത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. പക്ഷേ സാമൂഹിക സമത്വമില്ലാതെയുള്ള പരിവർത്തനം ഒരിക്കലും സാധ്യമല്ല. എത്ര ആഴത്തിലുള്ള പ്രകോപനത്തോടുമുള്ള പ്രതിഷേധങ്ങൾ നിയമങ്ങളുടേയും ഭരണഘടനയുടേയും അതിരുകൾക്കുള്ളിൽ നിന്ന് കൊണ്ട് ആയിരിക്കണം. വാക്കിലും പ്രവൃത്തിയിലും പാരസ്പര്യ ബോധത്തോടെയും വിവേകത്തോടെയും പെരുമാറണം. ഡോ.ബാബാസാഹേബ് അംബേദ്കർ നമുക്ക് നൽകുന്ന മുന്നറിയിപ്പും ഇതാണ്.
രാജ്യത്തിന്റെ പുരോഗതിയാണ് നമ്മുടെ എല്ലാം മുൻഗണന. എന്നാൽ ചില തടസ്സങ്ങൾ ഇവിടെ മറികടക്കേണ്ടതായിട്ടുണ്ട്. നമ്മുടെ സനാതന ധർമ്മത്തേയും പാരമ്പര്യത്തേയും ഇന്നത്തെ വർത്തമാന കാലവുമായി യോജിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. യാഥാസ്ഥിതിക മനോഭാവം പാടേ ഒഴിവാക്കണം. ഭൂതകാലത്തിന്റെ കാലഹരണപ്പെട്ട സമ്പ്രദായങ്ങളെ ഉപേക്ഷിക്കണം. പാരമ്പര്യവും സമകാലിക യാഥാർത്ഥ്യങ്ങളും തമ്മിൽ യോജിപ്പിന്റെ അന്തരീക്ഷം ഉണ്ടാകണം. സ്വത്വം, സംസ്‌കാരം, ജീവിതമൂല്യങ്ങൾ എന്നിവയിൽ മുറുകെ പിടിച്ച് വർത്തമാനകാലത്തോട് സമന്വയിപ്പിക്കുന്ന പുതിയ വഴക്കങ്ങൾ ഉണ്ടാകണം. സനാതന ധർമ്മത്തിന് തടസ്സമുണ്ടാക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തേയും പുരോഗതിയേയും കൂടിയാണ് എതിർക്കുന്നത്. വ്യാജ വാർത്തകളാണ് ഇക്കൂട്ടർ എപ്പോഴും പ്രചരിപ്പിക്കുന്നത്. അരാജകത്വത്തെ വളർത്താനാണ് അവരുടെ ശ്രമം. സാമൂഹിക അശാന്തി പടർത്തിക്കൊണ്ട് തന്നെ ഭീകരത വളർത്താനും ഇവർ ശ്രമിക്കുന്നു. വ്യാജപ്രചാരണങ്ങൾ നടത്തി അശാന്തിയും ഭീകരതയും വളർത്തുന്നവരെ നിർഭയം നേരിടണം. ഭാഷയോ മതമോ പ്രദേശമോ ഒന്നും അതിന് തടസ്സമാകരുത്. അത്തരം ശക്തികളെ ഇല്ലാതാക്കാനുള്ള ഭരണകൂടങ്ങളുടെ പരിശ്രമങ്ങൾക്ക് സമാജത്തിന്റെ എല്ലാ സഹായവും ഉണ്ടാകുമ്പോഴാണ് സമഗ്രമായ സുരക്ഷിതത്വും ഐക്യവും സാധ്യമാവുക.
വീട്ടിലെ നല്ല അന്തരീക്ഷം, മാതാപിതാക്കളുടെ ചുമതലകൾ, സമൂഹത്തിലെ പെരുമാറ്റം, ഒത്തുചേരലുകൾ തുടങ്ങിയവയെല്ലാം സ്വഭാവ രൂപീകരണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രധാന കാര്യങ്ങളാണ്. പക്ഷേ നമ്മൾ അതിൽ എത്ര മാത്രം ശ്രദ്ധിക്കുന്നുണ്ട്? പുതിയ വിദ്യാഭ്യാസ നയത്തിലൂടെ വിദ്യാർത്ഥികൾ നല്ല സംസ്‌കാരമുള്ളവരും രാജ്യസ്‌നേഹമുള്ളവരും മനുഷ്യത്വമുള്ളവരുമായി മാറണം. ഇതാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ പിന്തുണയും ആവശ്യമാണ്. അതേപോലെ യോഗയും വ്യായാമവും എല്ലാം നമ്മുടെ ജീവിതത്തിലെ ആവശ്യമുള്ള ഘടകങ്ങളാണ്. വ്യക്തിശുചിത്വം പാലിക്കണം. അതോടൊപ്പം സമൂഹത്തിന് ഗുണകരമാകുന്ന കാര്യങ്ങളും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഭാരതത്തെ ശക്തമാക്കുന്നതിൽ സ്ത്രീ ശക്തിക്ക് നിർണായകമായ പങ്കുണ്ടെന്നും ഡോ.മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് പങ്കാളിത്തമുണ്ടാകണം. അടുക്കളയിൽ പരിമിതപ്പെടേണ്ടുന്ന രണ്ടാം തരം പൗരത്വമല്ല സ്ത്രീയുടേത്. അത് മാതൃശക്തിയാണ്. ഭാരതീയ പാരമ്പര്യം ഉദ്‌ഘോഷിക്കുന്നത് സ്ത്രീപുരുഷ ശക്തിയുടെ പരസ്പരപൂരകത്വമാണ്. സത്യ, കരുണ, സുചിത്ര, തപസ്സ് അതായത് സത്യം, അനുകമ്പ, ആന്തരികവും ബാഹ്യവുമായ പരിശുദ്ധി, തപസ്സ് എന്നീ തത്വങ്ങലാണ് ധാർമ്മിക വിശ്വാസങ്ങളുടെ അടിസ്ഥാന ഘടകം. രാജ്യത്തിന്റെ വൈവിദ്ധ്യത്തെ സംരക്ഷിച്ച് മുന്നോട്ട് കൊണ്ടുപോകുന്നതിലും ഒരുമിച്ചു കൊണ്ടു പോകുന്നതും ഈ തത്വങ്ങളിൽ അധിഷ്ഠിതമായ ജീവിതമാണ്. രാജ്യത്തോടുള്ള ഭക്തി, നമ്മുടെ പൂർവ്വികർ കൈമാറിയ ആദർശങ്ങൾ, ഭാരതത്തിന്റെ മഹത്തായ സംസ്‌കൃതി എന്നീ മൂന്ന് നെടുംതൂണുകൾ നമ്മൾ ഒരുമിച്ച് സഞ്ചരിക്കേണ്ട പാത പ്രകാശപൂരിതമാക്കുന്നു. സംഘത്തിനെതിരെയുള്ള കുപ്രചരണങ്ങളുടെ ശക്തി ഇന്ന് ക്ഷയിച്ചിരിക്കുകയാണ്. ദുരുദ്ദേശപരവും സ്വാർത്ഥവുമായ കുപ്രചരണങ്ങളെ എല്ലാവരും തള്ളി. കാരണം സംഘത്തിന്റെ പ്രസക്തി ഇന്ന് വർദ്ധിച്ചിരിക്കുകയാണ്.
ഇവിടെ എല്ലാ വൈവിദ്ധ്യങ്ങൾക്കും സ്വീകാര്യതയും ആദരവുമുണ്ട്. സങ്കുചിതവും മതമൗലികവാദവും ആക്രമവും അഹന്തയുമല്ലാതെ മറ്റൊന്നും ആരും ഉപേക്ഷിക്കേണ്ടതില്ല. ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്താനാണ് ചിലരുടെ ശ്രമം. എന്നാൽ സംഘത്തിനോ ഹിന്ദുക്കൾക്കോ ഈ സ്വഭാവമില്ല. സാഹോദര്യത്തിന്റേയും സൗഹാർദ്ദത്തിന്റേയും സമാധാനത്തിന്റേയും പക്ഷത്താണ് സംഘം നിൽക്കുന്നത്. ന്യൂനപക്ഷത്തെ പലരും നമ്മളുമായി ചർച്ചകൾ നടത്താറുണ്ട്. അത് ഇനിയും തുടരും. ഇത് പുതിയ രീതിയൊന്നുമല്ല. ഗുരുജിയുടെ കാലത്ത് തന്നെ ഇത് ആരംഭിച്ചതാണ്. ഹിന്ദു രാഷ്‌ട്ര സങ്കൽപ്പം എല്ലാവരും ചർച്ച ചെയ്യാറുണ്ട്. ധാരാളം പേർ ഈ ആശയത്തെ എതിർക്കുന്നു. ഹിന്ദു എന്ന വാക്കിനെയാണ് അവർ എതിർക്കുന്നത്. പകരം മറ്റ് പല വാക്കുകളുമാണ് അവർ ഉപയോഗിക്കുന്നത്. ആശയത്തിന്റെ വ്യക്തതയ്‌ക്ക് വേണ്ടിയാണ് ഹിന്ദു എന്ന വാക്കിന് നമ്മൾ ഊന്നൽ നൽകുന്നത്. സംഘം ആരെയും ഭയപ്പെടുത്താനുള്ള ശക്തിയല്ല, ഭയപ്പെടുത്തുകയോ ഭയപ്പെടുകയോ ചെയ്യുന്നത് ഹിന്ദുസമാജത്തിന്റെ സ്വഭാവമല്ലെന്നതിന് ചരിത്രം സാക്ഷിയാണ്. ഇത്തരത്തിലുള്ള സംഘടിത ഹിന്ദുസമാജം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഇത് ആർക്കും വിരുദ്ധമല്ല.
സന്തോഷത്തിലും ദു:ഖത്തിലും നമ്മൾ എല്ലായ്‌പ്പോഴും ഒരുമിച്ച് നിൽക്കണം. ഭാരതത്തെ മനസിലാക്കുകയും ബഹുമാനിക്കുകയും വേണം. നമ്മളെല്ലാവരും ഭാരതത്തിന്റേതാണ്. ഇതാണ് ദേശീയ അഖണ്ഡതയുടേയും ഐക്യത്തിന്റേയും സംഘത്തിന്റെ ദർശനം. ഇതല്ലാതെ സംഘത്തിന് മറ്റൊരു നിക്ഷിപ്ത താത്പര്യമില്ല. ഉദയ്‌പൂരുകൾ ഇനിയൊരിക്കലും ആവർത്തിക്കരുത്. ഒരു സമുദായത്തെ മുഴുവൻ ഈ സംഭവങ്ങളുടെ മൂലകാരണമായി കണക്കാക്കുന്നില്ല. ഉദയ്‌പൂർ സംഭവത്തിന് ശേഷം മുസ്ലീ സമൂഹത്തിനുള്ളിൽ നിന്ന് ചില പ്രമുഖർ പ്രതിഷേധം അറിയിച്ചു. ഈ പ്രതിഷേധം മുസ്ലീം സമൂഹത്തിനുള്ളിലെ ഒറ്റപ്പെട്ട പ്രതിഭാസമാകരുത്. നമ്മൾ ഭാരതത്തിൽ നിന്നുള്ളവരാണ്. ഒരേ പൂർവ്വികരിൽ നിന്നും ശാശ്വത സംസ്‌കാരത്തിൽ നിന്നും വന്നവരാണ്. നമ്മൾ ഒന്നാണ്. ഇത് മാത്രമാണ് സമാജമെന്ന നിലയിൽ ഏകതാരകമെന്ന മന്ത്രമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: