മുംബൈ: ഓറഞ്ച് ഇറക്കുമതിയുടെ മറവിൽ വൻ തോതിൽ ലഹരി കടത്തിയ കേസിൽ എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസിനെ ഡിആർഐ അറസ്റ്റ് ചെയ്തു. ഇറക്കുമതി ചെയ്ത ഓറഞ്ചുകൾ എന്ന രേഖകളുമയി എത്തിയ ട്രക്കിൽ 1470 കോടി രൂപയുടെ മയക്കുമരുന്നാണ് കടത്തിയത്. 198 കിലോ മെത്തും ഒമ്പത് കിലോ കൊക്കെയ്നും മുംബൈ തുറമുഖം വഴി ഇയാൾ കടത്തിയിരുന്നു.
കാലടി ആസ്ഥാനമായ യമ്മിറ്റോ ഇൻ്റർനാഷണൽ ഫുഡ്സ് മാനേജിങ് ഡയറക്ടറാണ് വിജിൻ വർഗീസ്. കഴിഞ്ഞ മാസം 30നാണ് ഇയാളുടെ കമ്പനിയുടെ പേരിലെത്തിയ ട്രക്കിൽ ലഹരിമരുന്ന് കണ്ടെത്തിയത്. സൗത്ത് ആഫ്രിക്ക ആസ്ഥാനമായ മോർ ഫ്രെഷ് എക്സ്പോർട്സ് ഉടമ തച്ചാപറമ്പിൽ മൻസൂർ ആണ് പഴം ഇറക്കുമതിയിൽ വിജിന്റെ പങ്കാളി. ഇയാൾക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡിആർഐ സംഘം ലഹരിമരുന്നടങ്ങിയ ട്രക്ക് കണ്ടെത്തിയത്. രണ്ടു ദിവസത്തെ ചോദ്യം ചെയ്യലുകൾക്ക് ശേഷമാണ് വിജിനെ അ റസ്റ്റ് ചെയ്തത്. സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും മൻസൂറാണ് ഇതിന് പിന്നിലെന്നുമാണ് വിജിൻ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ ലഹരിക്കടത്തിലൂടെ 70 ശതമാനം ലാഭം വിജിനും 30 ശതമാനം ലാഭം മൻസൂറിനുമാണെന്ന് ഡിആർഐ അറിയിച്ചു. നേരത്തെ വിജിന്റെ കമ്പനിയുടെ പേരിൽ വൻ തോതിൽ മാസ്ക് എത്തിയിരുന്നു. ഇതിന്റെ പിന്നിലും ലഹരിക്കടത്ത് ആയിരുന്നോ എന്ന് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: