ന്യൂദല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളുടെ (എല്‍സിഎച്ച്) ആദ്യ ബാച്ച് ഇന്ന് വ്യോമസേനയുടെ ഭാഗമാകും. രാജസ്ഥാനിലെ ജോധ്പൂരില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പങ്കെടുക്കും. ഈ ഹെലികോപ്റ്ററുകള്‍ വ്യോമസേനയുടെ പോരാട്ട വീര്യത്തിന് വലിയ ഉത്തേജനമാകുമെന്ന് പ്രതിരോധ മന്ത്രി തന്റെ ട്വിറ്ററില്‍ കുറിച്ചു.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡാണ് ലഘു യുദ്ധ ഹെലികോപ്ടര്‍ വികസിപ്പിച്ചത്. ഉയരം കൂടിയ പ്രദേശങ്ങളില്‍ വരെ വിന്യസിത്താന് കരുത്തുള്ളതാണ് ഈ ഹെലികോപ്ടര്‍. 5.8 ടണ്‍ ഭാരമുള്ള ഇരട്ട എന്ജിന് ഉള്ള ഹെലികോപ്ടര്‍ വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തിലാണ് വ്യോമസേനയുടെ ഭാഗമാക്കാന്‍ തീരുമാനിച്ചത്. ഹെലികോപ്ടറില്‍ നിന്ന് ആയുധം പരീക്ഷിക്കുന്നത് അടക്കമുള്ള വിവിധ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മാര്‍ച്ചിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലുള്ള സുരക്ഷാ കാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി 14 ലഘു യുദ്ധ ഹെലികോപ്ടറുകള്‍ വാങ്ങാന്‍ അംഗീകാരം നല്‍കിയത്. പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്ക്കുമാണ് നല്‍കുന്നത്. രാത്രിയിലും ആക്രമണം നടത്താന്‍ ശേഷിയുള്ള നിരവധി ഫീച്ചറുകള്‍ ഇതിനുണ്ട്. 5,000 മീറ്റര്‍ (16400 അടി) ഉയരത്തില്‍, ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഹെലികോപ്റ്ററിനാകും.
മികച്ച പ്രകടനം കാഴ്ച വെയ്ക്കുന്ന ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ക്ക് എല്ലാ കാലാവസ്ഥയിലും പോരാടാനുള്ള കഴിവുണ്ട്. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെയും ഇന്ത്യന്‍ ആര്‍മിയുടെയും പ്രവര്‍ത്തന ആവശ്യകതകള്‍ നിറവേറ്റുന്നത് ലക്ഷ്യമിട്ടാണ് ഇതിന്റെ നിര്‍മ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: