ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്ന് രണ്ടായിരത്തിലധികം മിസൈലുകള്‍ വാങ്ങാന്‍ തീരുമാനിച്ച് അര്‍മേനിയ. അതിര്‍ത്തി സംഘര്‍ഷത്തില്‍ അസര്ബൈജാന് മേല്‍കൈ നേടുവാനാണ് കൂടുതല്‍ ആയുധങ്ങള്‍ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ അര്‍മേനിയ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച മിസൈലുകളും റോക്കറ്റുകളും വെടിമരുന്നുകളുമാണ് അര്‍മേനിയ വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ മാസം ആദ്യ തന്നെ കരാര്‍ ഒപ്പുവെയ്ക്കും. 5000 കോടിയുടെ ആയുധങ്ങളാണ് അര്‍മേനിയ ആദ്യഘട്ടമായി ഇന്ത്യയില്‍ നിന്ന് വാങ്ങുക. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഓഡറുകളില്‍ ഒന്നാണിത്. നേരത്തെ 350 കോടി രൂപയുടെ സ്വാതി റഡാറുകള്‍ അര്‍മേനയ്ക്ക് ഇന്ത്യ നല്‍കിയിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിരോധ കയറ്റുമതി 13000 കോടിരൂപയായിരുന്നു. 2025ല്‍ 350000 കോടി രൂപയുടെ പ്രതിരോധ കയറ്റുമതിയാണ് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. അതിന്റെ ആദ്യ ചുവടുപടിയായിട്ടാണ് ഈ കരാറിനെ ഇന്ത്യ കാണുന്നത്.
മുന്‍ സോവിയറ്റ് രാജ്യങ്ങളായ അര്‍മേനിയയും അസര്‍ബൈജാനും തമ്മിലുള്ള സംഘര്‍ഷം കഴിഞ്ഞ മാസം മധ്യത്തോടെ രൂക്ഷമായിരുന്നു. കഴിഞ്ഞ മാസം അവസാനം ഉണ്ടായ ഏറ്റുമുട്ടലില്‍ 49 സൈനികര്‍ കൊല്ലപ്പെട്ടെന്ന് അര്‍മേനിയ അറിയിച്ചു. ഇതോടെയാണ് ആയുധ ശേഖരം വിപുലീകരിക്കാന്‍ തീരുമാനിക്കുന്നത്.
നഗോര്‍ണോ-കാരാബാഖ് മേഖലയെ ചൊല്ലി ഏറെക്കാലമായി അസര്‍ബൈജാനും അര്‍മേനിയയും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. രണ്ടുതവണ ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടാവുകയും ചെയ്തിരുന്നു. സമാന സാഹചര്യത്തിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത്. മുന്‍പ് 1991 ലും 2020 ലുമാണ് ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധമുണ്ടായത്. 1991 ല്‍ മുപ്പതിനായിരം പേരും 2020 ലെ യുദ്ധത്തില്‍ ആറായിരത്തി അഞ്ഞൂറുപേരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: