പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം കൃത്യതയോടെയുള്ള നോട്ടിഫിക്കേഷനിലൂടെയാണ്. നിരോധനത്തിന് ആധാരമായ കാരണങ്ങള്‍ നോട്ടിഫിക്കേഷന്റെ ആദ്യ സൂചകമായി സര്‍ക്കാര്‍ വിവരിക്കുന്നുണ്ട്. നടപടികള്‍ കൈക്കൊള്ളുന്നതിന്റെ അടിയന്തര സാഹചര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ പറയുന്ന കാര്യങ്ങള്‍ ട്രൈബ്യൂണല്‍ പരിശോധിച്ച് അംഗീകരിക്കപ്പടണം. ഈ അംഗീകാരത്തിനു വേണ്ടി കാത്തിരുന്നാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ കാര്യകാരണ സഹിതം കാണിച്ചുള്ളതാണ് രണ്ടാമത്തെ സൂചകം. ഇതിന്റ അടിസ്ഥാനത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ചത്. പോപ്പുലര്‍ ഫ്രണ്ടിനോ അനുബന്ധ സംഘടനകള്‍ക്കോ രണ്ടാമത്ത സൂചകത്തിലൂടെ നടപടി നടപ്പാക്കിയതിനോട് അസ്വീകാര്യതയുണ്ടെങ്കില് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലും റിട്ട് പെറ്റീഷന് ഫയല്‍ ചെയ്യേണ്ടതായി വരും.
മുമ്പ് അയോധ്യയിലെ ബാബരി മസ്ജിദ് പൊളിക്കപ്പെട്ടപ്പോള്‍ നരസിംഹറാവു സര്‍ക്കാര്‍ ആര്‍എസ്എസിനെയും ജമാ അത്ത് ഇസ്ലാമിയെയും നിരോധിച്ച് ഉത്തരവിറക്കി. ഇതിനെതിരെ ഇരുകൂട്ടരും ഹൈക്കോടതികളില്‍ റിട്ട് കൊടുത്തിരുന്നു. കേരള ഹെക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അന്ന് എന്റെ ബഞ്ചിലാണ് വാദം കേട്ടത്. രണ്ടാമത്ത സൂചകം ഒന്ന് ആവര്‍ത്തിക്കുക മാത്രമാണ് ഉണ്ടായത്. യാതൊരു പ്രത്യേക കാരണവും വിവരിക്കപ്പട്ടിരുന്നില്ല. ഈ ന്യായംവച്ചുകൊണ്ട് നിരോധനം ട്രൈബ്യൂണല്‍ വിധി വരുന്നതുവരെ നടപ്പിലാക്കാന്‍ പാടില്ലെന്നായിരുന്നു ആ ബഞ്ചിന്റെ വിധി. ഇത് പിന്നീട് സുപ്രീംകോടതിയും ശരിവച്ചു.
ഇപ്പോള്‍ ചിലര്‍ പറയുന്നു പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുപോലെ ആര്‍എസഎസ്സിനെയും നിരോധിക്കണമെന്ന്. പറയുന്നവരുടെ അഭിപ്രായങ്ങള്‍ മാത്രമാണത്. അല്ലാതെ ആര്‍എസ്എസ് ദേശീയ താല്പര്യങ്ങള്ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുള്ളതായോ വിദേശ ധനസഹായം ലഭിക്കുന്നതായോ ആരോപണ കര്‍ത്താക്കള്‍ പറഞ്ഞുകാണുന്നില്ല. അതുകൊണ്ട് അത്തരം പ്രസ്താവനകള്‍ക്ക് ഒരു മറുപടിയും പറയേണ്ട ആവശ്യമില്ല.
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് വന്ന നഷ്ടം കോടതിയില്‍ കെട്ടിവച്ചെങ്കില്‍ മാത്രമേ ജാമ്യ ഹര്‍ജി സ്വീകരിക്കുകയുള്ളുവെന്ന കേരള ഹെക്കോടതിയുടെ ഉത്തരവ് മുമ്പ് ജസ്റ്റിസ് കെ.ടി. ശങ്കരന് പുറപ്പെടുവിച്ച വിധിയോട് സമാനതയുള്ളതാണ്. അന്ന് കെഎസ്ആര്‍ടിസിക്ക് നാശം വരുത്തിയതിന് ഇരുപത്തയ്യായിരം രൂപയാണ് കോടതിയില്‍ കെട്ടിവയ്ക്കേണ്ടി വന്നത്. അന്ന് ഞാന്‍ പിഡിപിപി ആക്ടില്‍ ഭേദഗതികള്‍ വരുത്തി ശക്തിപ്പെടുത്തുന്നതിന് നിയോഗിക്കപ്പെട്ട കമ്മീഷന് ചെയര്മാന് ആയിരുന്നു. കമ്മിഷന്റെ ഭേദഗതി നിര്‍ദേശങ്ങള്‍ അംഗീകരിച്ച സുപ്രീംകോടതി, പാര്‍ലമെന്റില്‍ കാലവിളംബമില്ലാതെ നിയമനിര്‍മാണം നടത്തുമെന്ന പ്രതീക്ഷയും പ്രകടിപ്പിച്ചിരുന്നു. കമ്മിഷന് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നിയമം ഭേദഗതി ചയ്യുന്നതിനുള്ള നക്കല്‍ പൊതുജനാഭിപ്രായം ആരായുന്നതിനായി നിയമ വകുപ്പ് വെബ്സൈറ്റില്‍ പ്രസിദ്ധപ്പടുത്തിയതായി അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ പറയുകയും ചെയ്തിരുന്നു. ഇപ്പോള്‍ നിയമ ഭേദഗതി വന്നിട്ടുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: