ഡോ. കെ.എസ്.രാധാകൃഷ്ണന്‍
മഹാത്മാഗാന്ധിയുടെ ആശയങ്ങള്‍ക്ക് ഭരണരൂപം നല്‍കിയ നേതാവ് എന്ന നിലയില്‍കൂടിയാകും നരേന്ദ്രമോദി ഭാവിയില്‍ അറിയപ്പെടുക. ഗാന്ധിയും അദ്ദേഹത്തിന്റെ ആശയങ്ങളും അപ്രായോഗികം എന്നാണ് അദ്ദേഹത്തിന്റെ അനുയായികള്‍ കരുതിയത്. അതുകൊണ്ട് 1947ല്‍ സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ രാജ്യഭരണത്തില്‍ നിന്നും ഗാന്ധിജിയെ അവര്‍ ഒഴിവാക്കിയിരുന്നു. ജവഹര്‍ലാല്‍ നെഹ്രു 1927ല്‍ തന്നെ ഗാന്ധിയുടെ ആശയങ്ങളെ ഉപേക്ഷിച്ചു. അക്കാര്യം ഒരു കത്തിലൂടെ നെഹ്രു ഗാന്ധിയെ അറിയിക്കുകയും ചെയ്തു. സത്യം, അഹിംസ, അപരിഗ്രഹം, അസ്‌തേയം, ബ്രഹ്മചര്യം എന്നീ മഹാമൂല്യങ്ങളാണ് ഗാന്ധിയെ നയിച്ചിരുന്നത്. അവയെല്ലാം പൊതുജീവിതത്തില്‍ പ്രായോഗികമാക്കാനാണ് അദ്ദേഹം ശ്രമിച്ചതും. അതുകൊണ്ടാണ് മതമുക്തമായ രാഷ്‌ട്രീയം മാരകമാണ് എന്നദ്ദേഹം പറഞ്ഞതും. എന്നാല്‍ ഈ മഹദ്മൂല്യങ്ങളുടെ ആചരണത്തിലൂടെ രാഷ്‌ട്രീയ പ്രവര്‍ത്തനം സാദ്ധ്യമല്ല എന്നായിരുന്നു നെഹ്രു വിശ്വസിച്ചിരുന്നത്. അക്കാര്യം ഗാന്ധിയെ അദ്ദേഹം അറിയിക്കുകയും ചെയ്തു. അതുകൊണ്ട്, സത്യം, അഹിംസ, ഹിന്ദു- മുസ്ലിം മൈത്രി, അയിത്തോച്ചാടനം, ഗ്രാമീണ തൊഴില്‍ സംരംഭകത്തിലൂടെയുള്ള സ്ത്രീശാക്തീകരണം എന്നിവയെല്ലാം അപ്രായോഗികമായിരുന്നതുകൊണ്ടു താന്‍ അവയില്‍ വിശ്വസിക്കുന്നില്ല എന്ന് നെഹ്രു ഗാന്ധിയോട് നേരിട്ടു പറഞ്ഞു.
നെഹ്രു പാശ്ചാത്യ ആശയങ്ങളായ സോഷ്യലിസം, സെക്കുലറിസം എന്നിവയുടെ ആരാധകനായിരുന്നു. ലെനിന്റെ നേതൃത്വത്തില്‍ സോവിയറ്റ് യുണിയന്‍ നടത്തിയ വിപ്ലവത്തിന്റെ ആരാധകനും അനുയായിയും ആയിരുന്നു നെഹ്രു. സായുധ ശക്തിയില്‍ വിശ്വസിച്ച ലെനിനും അഹിംസയില്‍ അടിയുറച്ചു വിശ്വസിച്ച ഗാന്ധിക്കും തമ്മില്‍ ധ്രുവങ്ങളുടെ അകലം ഉണ്ടായിരുന്നു. ഈ രണ്ടുപേരേയും ഒരുമിച്ചു കൊണ്ടുപോകാനായിശ്രമിച്ച് പരാജയപ്പെട്ട നെഹ്രു പക്ഷെ, മുന്‍തൂക്കം നല്‍കിയത് ലെനിനായിരുന്നു. അതുകൊണ്ട്, ലെനിന്‍ വിഭാവനം ചെയ്ത സോഷ്യലിസം വന്നു കഴിഞ്ഞാല്‍ ജാതിമത വ്യത്യാസങ്ങള്‍ എല്ലാം അപ്രത്യക്ഷമാകുമെന്നും അതുകൊണ്ട്, അയിത്തോച്ചാടനം, ഹിന്ദുമുസ്ലീം ഐക്യം എന്നിവ താനേ വന്നുചേരുമെന്നും നെഹ്രു വിശ്വസിച്ചു. സ്വാഭാവികമായും, ലെനിന്റെ സോഷ്യലിസത്തിന് മുന്നില്‍ ഗാന്ധിയുടെ ചര്‍ക്ക ചലനമറ്റു നിലനിന്നു. അതുകൊണ്ട് നെഹ്രു വിഭാവനം ചെയ്ത ഭരണ സംവിധാനത്തില്‍ ഗാന്ധി അപ്രസക്തമായി തീര്‍ന്നു.
ലെനിന്റെ പഞ്ചവത്സര പദ്ധതിയാണ് നെഹ്രുവിനെ സ്വാധീനിച്ചത്. മൊത്തം വ്യവസ്ഥമാറുമ്പോള്‍ എല്ലാവരും താനേ മാറും എന്നായിരുന്നു നെഹ്രുവിന്റെ വിശ്വാസം. അതായതു വ്യവസ്ഥാമാറ്റത്തിലൂടെ മനോമാറ്റം വരും എന്നദ്ദേഹം കരുതി. എന്നാല്‍ ഈ സോഷ്യലിസ്റ്റിന്റെ കാലത്താണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ദളിത് പീഡനം നടന്നത് എന്ന കാര്യം അദ്ദേഹവും സ്തുതിപാഠകരും മറക്കുകയും ചെയ്തു. ഗാന്ധി തുടങ്ങിവെച്ച നോവോത്ഥാന ശ്രമങ്ങള്‍ക്ക് തുടര്‍ച്ച ഉണ്ടാകാതെ പോയതിന്റെ കാരണവും മറ്റൊന്നല്ല. ദളിതന്‍ മാത്രമല്ല, ദരിദ്രനും ഭാരതത്തില്‍ അവഗണിക്കപ്പെട്ടു. തന്റെ ആദ്യത്തെ ഭരണ ലക്ഷ്യമായി ശൗചാലയനിര്‍മാണം മോദി ഏറ്റെടുത്തപ്പോഴാണ് ദളിതനും ദരിദ്രനും ഭരണ വികസനത്തില്‍ പങ്കാളിത്തം ലഭിച്ചത്. ശുചത്വ ഭാരതം ഗാന്ധിജിയുടെ ഗ്രാമീണ സ്വപ്‌നമായിരുന്നു. നെഹ്രുവിയന്‍ മനസുള്ള പ്രമാണിമാരും ബുദ്ധിജീവികളും ഇതിന്റെ പേരില്‍ മോദിയെ ആവോളം പരിഹസിച്ചെങ്കിലും ഗാന്ധിയുടെ ആത്മാവ് സന്തോഷിച്ച സന്ദര്‍ഭങ്ങളില്‍ ഒന്ന് അതായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല.
വികസനത്തിന് ഗാന്ധി നല്‍കിയ നിര്‍വചനമാണ് മോദി സ്വീകരിച്ചത്. ഏറ്റവും ദരിദ്രന്റെ അടിസ്ഥാന ആവശ്യങ്ങള്‍-ആഹാരം, വസ്ത്രം, പാര്‍പ്പിടം, വൈദ്യസഹായം, വിദ്യാഭ്യാസം- നിറവേറ്റപ്പെടുന്ന വ്യവസ്ഥക്കാണ് ഗാന്ധി വികസനം എന്നു പറഞ്ഞത്. ഉജ്ജ്വല ഗ്യാസ് യോജന ഒരു മഹത്തായ കാല്‍വെപ്പാണ്. ഗ്രാമീണ ഭാരതത്തിലെ സ്ത്രീകളുടെ ആരോഗ്യ സുരക്ഷയാണ് മോദി അതിലൂടെ ലക്ഷ്യമാക്കിയത്. ജന്‍ ധന്‍ അക്കൗണ്ടിലൂടെ മഹാഭൂരിപക്ഷം വരുന്ന ഗ്രാമീണ ജനതയുടെ സാമ്പത്തിക ശാക്തീകരണമാണ് മോദി സാധ്യമാക്കിയത്. അന്നയോജനയും ആരോഗ്യ സുരക്ഷയും ഗുണനിലവാരമുള്ള ഗ്രാമീണ വിദ്യാഭ്യാസ പദ്ധതി, എല്ലാവര്‍ക്കും പാര്‍പ്പിടം എന്നിവയുമെല്ലാം ഇന്ത്യയിലെ സാധാരണക്കാരന്റെ വികസന സ്വപ്‌നങ്ങള്‍ക്കാണ് ചിറകു നല്‍കിയത്. നെഹ്രു വിഭാവനം ചെയ്ത സോഷ്യലിസത്തില്‍ ഇതൊന്നും ഉണ്ടായിരുന്നില്ല. ഗാന്ധിയുടെ സമത്വ സങ്കല്പത്തില്‍ ഇതാണ് ഉണ്ടായിരുന്നതും.
ലെനിന്‍ വിഭാവനം ചെയ്ത സോഷ്യലിസം നടപ്പാകുന്നതോടെ എല്ലാം മാറും എന്ന നെഹ്രുവിന്റെ കാഴ്ചപ്പാട് തെറ്റായിരുന്നു എന്ന് കാലം തെളിയിച്ചു. നെഹ്രു മാധുര്യമൂറുന്ന പദാവലികള്‍ കൊണ്ട് ദരിദ്രന്റെ അടിസ്ഥാന ആവശ്യങ്ങളെ മൂടി വെച്ച് അവനെ വ്യാമോഹിപ്പിച്ചു. പറഞ്ഞത് ചെയ്യാത്തവരാണ് ഇന്ത്യയിലെ രാഷ്‌ട്രീയക്കാര്‍ എന്ന ധാരണ പരത്തുന്നതില്‍ നെഹ്രുവിന്റെ പങ്കും ചെറുതല്ല. കാരണം, നെഹ്രു വാഗ്ദാനങ്ങള്‍ ഏറെ നല്‍കിയെങ്കിലും കാര്യമായി ഒന്നും ചെയ്തില്ല. എത്ര ശ്രമിച്ചിട്ടും ഇന്ത്യയെ കണ്ടെത്താന്‍ കഴയാതെ പോയ ഒരു യൂറോസെന്‍ട്രിക്കായിരുന്നു നെഹ്രു. ഇന്ത്യയെ യൂറോപ്പാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഗാന്ധി ഇന്ത്യയെ ഇന്ത്യയാക്കാനാണ് ശ്രമിച്ചത്. അതുകൊണ്ടു അദ്ദേഹം ഭാരത് മാതാ കി ജയ് എന്ന് വിളിച്ചു. ഗാന്ധി ഇന്ത്യക്കാരനും നെഹ്രു വിശ്വപൗരനും ആകാനാണ് ശ്രമിച്ചത്. ഗാന്ധിയുടെ ആശ്രയ ഗ്രന്ഥം ഭഗവദ് ഗീതയായിരുന്നു. നെഹ്രു ഹാരോള്‍ഡ് ലാസ്‌കിയെ ആണ് മാതൃകയായി കണ്ടത്. അതുകൊണ്ട്, നെഹ്രു ഭരണത്തില്‍ നിന്നും ഗാന്ധിയെ അകറ്റിനിര്‍ത്തി. ഗാന്ധിയന്‍ ആദര്‍ശം ഭരണതലത്തില്‍ പ്രയോഗികമാണ് എന്ന് തെളിയിച്ച ഭരണാധികാരിയാണ് നരേന്ദ്രമോദി. സബ്കാ വികാസ് എന്നാണ് മോദിയുടെ മുദ്രാവാക്യം. ഭേദവിചാരത്തിനു അതീതമാണ് ആ മുദ്രാവാക്യം. അദ്ദേഹം ഈ ഇന്ത്യയെ ഒരുമിച്ചാണ് കാണുന്നത്. അദ്ദേഹം മതത്തെ നിഷേധിക്കുന്നില്ല, പക്ഷെ വികസനം മതാതീതമാണെന്നു വിശ്വസിക്കുന്നു. ഇന്ത്യയ്‌ക്കു ഇന്ത്യയുടെ കാഴ്ചപ്പാടുണ്ടെന്ന് മോദി ലോകത്തോടു പറയുന്നു. ഗാന്ധി ലോകത്തോടു പറഞ്ഞതും ഇതു തന്നെയാണ്. ഇന്ത്യയെ മറ്റാരും നിയന്ത്രിക്കേണ്ട, ഇന്ത്യയെ ഇന്ത്യക്കാര്‍ തന്നെ നിയന്ത്രിക്കും. മോദി പറയുന്നതും ലോകശക്തികളാരും ഇന്ത്യയെ നിയന്ത്രിക്കേണ്ട എന്നാണ്. അതുകൊണ്ടാണ് ഇത് യുദ്ധത്തിന്റെ കാലമല്ല എന്ന് റഷ്യയോട് മോദി പറഞ്ഞത്. അത് റഷ്യക്ക് മാത്രമല്ല എല്ലാ ലോക രാജ്യങ്ങള്‍ക്കും ബാധകമാണ്. ഗാന്ധി അന്ന് യുറോപ്പിനോട് പറഞ്ഞതും ആക്രമണം അവസാനിപ്പിക്കണം എന്നാണ്. ഇന്ന് ഗാന്ധിയുടെ ശബ്ദം ലോകം കേള്‍ക്കുന്നത് മോദിയിലൂടെ ആണെന്ന് നിസ്സംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: