വേണു വി. ദേശം
സുഷിരവാദ്യക്കച്ചേരി കഴിഞ്ഞ്
ഇരുട്ടില്‍ തിരിച്ചുനടക്കുന്നവര്ക്കിടയില്
പൊടുന്നനെ അവധൂതിനെക്കണ്ടു,
സ്വപ്നത്തില്‍.
ഐതിഹ്യത്തില്‍ നിന്നിറങ്ങിവന്നപോലെ
ജഡാധാരിയായ ഏകാന്തയുവയോഗി.
നിര്ഭരനിശ്ശബ്ദതയില്,
വീട്ടുചുവരില്‍
ഒരു പൗരാണിക കഥാപാത്രത്തില്‍
കാവിപൂശിക്കൊണ്ടിരിക്കെയാണ്
അവധൂതിനെ ആദ്യം കണ്ടത്.
എത്രയോ കാലം പിന്നിട്ടിരിക്കുന്നു!
അതീതമായ ഏതോ കമ്പനങ്ങള്‍
ആ സാന്നിദ്ധ്യത്തില്‍ പ്രസരിച്ചിരുന്നു.
മടുപ്പിലും വികല്പ്പങ്ങളിലും സങ്കീര്‍ണ്ണതകളിലും
കുടുങ്ങിക്കീറിയ എന്റെ യൗവ്വനം
ആ സന്നിധിയില്‍ ശമം കൊണ്ടു.
എത്രയെത്രയോ കാലം പിന്നിട്ടിരിക്കുന്നു!
ഒറ്റയടിപ്പാത അവസാനിക്കുന്നിടത്തെ
ജരാനതകായമായ വീട്ടില്‍
തന്നില്‍ത്തന്നെ നഷ്ടപ്പെട്ട്
കാലപ്രളയം കുടിച്ച് അയാള്‍ പുലര്‍ന്നു.
സര്‍വ്വസാക്ഷിയായി.
ഒരിട
അരവിന്ദാശ്രമത്തില്‍
കളിമണ്‍പാത്ര ശില്‍പ്പകലയില്‍
മുഴുകി.
അതിഥിയായെത്തിയ ജാപ്പനീസ് യുവതി
ആ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒരു തുരങ്കത്തിലൂടെ പോകെ
തീവണ്ടിയിലിരിക്കെയാണ്
സാക്ഷാത്ക്കാരമുണ്ടായത്.
സര്‍വ്വസ്വവും ഉപേക്ഷിച്ചു
മടങ്ങിപ്പോന്നു.
ഉപാസനയായി, തപസ്സായി.
വല്ലപ്പോഴും ചിത്രം വരച്ചു.
ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍കൊണ്ട്
ജ്യാമിതീയരൂപങ്ങള്‍ നിര്‍മ്മിച്ചു.
എത്രയോ കാലം മുന്‍പാണത്!!
പിന്നീടതും നിലച്ചു.
അനന്തരം ആത്മത്തിന്റെ
ചൂണ്ടുവിരലില്ത്തൂങ്ങി
ഹിമാലയത്തിലേക്കും
ശാന്തിനികേതനിലേക്കും
തുടര്യാത്രകളായി.
കാട്ടുമൃഗങ്ങള്‍ക്കെതിരെ
കൊടുങ്കാട്ടില്‍ ഒറ്റക്കു നടക്കേണ്ടിവന്നു.
ദിവ്യോന്മാദത്തിന്റെ മാറാപ്പുമായി
വീണ്ടും തിരികെയെത്തി.
കാലമെത്രയോ പൊയ്പോയിരിക്കുന്നു!
ഈയിടെ ആ മനുഷ്യന്റെ മരണം
കാറ്റുവന്നു പറഞ്ഞു,
പരിഭ്രമിക്കാനില്ല.
ജീവിതം മരണത്തിന്റെ
പ്രച്ഛന്നവേഷമാണല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: