സില്‍ഹെറ്റ്: വനിതകളുടെ ഏഷ്യാ കപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് ജയത്തുടക്കം. ആദ്യ കളിയില്‍ നിലവിലെ ജേതാക്കള്‍ ശ്രീലങ്കയെ 41 റണ്‍സിന് തകര്‍ത്തു. സ്കോര്‍: ഇന്ത്യ-150/6 (20), ശ്രീലങ്ക-109 (18.2/20).
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ജെമീമ റോഡ്രിഗസിന്റെ അര്‍ധശതകമാണ് തുണയായത്. 53 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതം 76 റണ്‍സെടുത്തു ജമീമ. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (33), ഡയാലന്‍ ഹേമലത (13 നോട്ടൗട്ട്), ഷെഫാലി വര്‍മ (10) എന്നിവരും രണ്ടക്കം കണ്ടു. ലങ്കയ്ക്കായി ഒഷാഡി രണസിംഗെ മൂന്നും സുഗന്ധിക കുമാരി, ചമരി അട്ടപ്പട്ടു ഓരോന്നും വിക്കറ്റെടുത്തു.
ഹേമലതയുടെ നേതൃത്വത്തില്‍ ബൗളര്‍മാര്‍ കളി കൈയിലെടുത്തപ്പോള്‍ ഇന്ത്യക്ക് അനായാസ ജയം. 2.2 ഓവറില്‍ 15 റണ്‍ വിട്ടുകൊടുത്ത് ഹേമലത മൂന്ന് വിക്കറ്റെടുത്തു. ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍ രണ്ടു വീതവും രാധ യാദവ് ഒന്നും വിക്കറ്റെടുത്തു. ഹസിനി പെരേരയാണ് (30) ലങ്കയുടെ ടോപ് സ്കോറര്‍. ഹര്‍ഷിത സമരവിക്രമ 26 റണ്‍സെടുത്തു. ജെമീമയാണ് കളിയിലെ താരം. നാളെ മലേഷ്യയാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.
ഇന്നലെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശ് ഒമ്പത് വിക്കറ്റിന് തായ്ലന്‍ഡിനെ തകര്‍ത്തു. സ്കോര്‍: തായ്ലന്ഡ്-82 (19.4/20), ബംഗ്ലാദേശ്-88/1 (11.4/20).
പ്രതികരിക്കാൻ ഇവിടെ എഴുതുക: