അഹമ്മദാബാദ്: ദേശീയ ഗെയിംസില്‍ കേരളത്തിന് ഇന്നലെ രണ്ട് സ്വര്‍ണം കൂടി. വനിതകളുടെ 4-100 മീറ്ററിലും ഫെന്‍സിങ്ങിലുമാണ് സുവര്‍ണ നേട്ടം. അതേസമയം, പുരുഷ റിലേ ടീമിനും ലോങ്ജമ്പില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് വെള്ളി മെഡല്‍ ജേതാവ് എം. ശ്രീശങ്കറിനും വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രണ്ട് വെങ്കലവും ഇന്നലെ കേരളതാരങ്ങള്‍ സ്വന്തമാക്കി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ നേട്ടം നാല് സ്വര്‍ണവും മൂന്ന് വെള്ളിയും നാല് വെങ്കലവുമായി.
വനിതകളുടെ റിലേയില്‍ വി.എസ്. ഭവിക, പി.ഡി. അഞ്ജലി, എ.പി. ഷില്‍ബി, എ.പി. ഷില്‍ഡ എന്നിവരടങ്ങുന്ന ടീം 45.52 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ഫോട്ടൊ ഫിനിഷിലാണ് തമിഴ്‌നാടിനെ മറികടന്നത്. ഫെന്‍സിങ് ഫോയില്‍ വ്യക്തിഗതയിനത്തില്‍ രാധിക പ്രകാശ് അവധിയാണ് സ്വര്‍ണം നേടിയാണ്. മഹാരാഷ്‌ട്ര സ്വദേശിയായ രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിത ചാനുവിനെ തോല്‍പ്പിച്ചു, സ്‌കോര്‍: 15-12.
പുരുഷന്മാരുടെ 4-100 മീറ്റര്‍ റിലേയില്‍ എം. ഹിഷാം, കെ.എസ്. പ്രണവ്, കെ.പി. അശ്വിന്‍, ടി. മിഥുന്‍ എന്നിവരടങ്ങിയ ടീം 40.45 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്. തമിഴ്‌നാടിനാണ് സ്വര്‍ണം. അതേസമയം, ലോങ്ജമ്പില്‍ സ്വര്‍ണം ഉറപ്പിച്ചിരുന്ന എം. ശ്രീശങ്കറിന് നിരാശ. 7.93 മീറ്റര്‍ ചാടിയാണ് വെള്ളി നേടിയത്. തമിഴ്‌നാടിന്റെ ജ്വെസിന്‍ ആല്‍ഡ്രിന്‍ 8.26 മീറ്റര്‍ ചാടി സ്വര്‍ണം നേടി. ഈയിനത്തില്‍ വെങ്കലവും കേരളത്തിന് 7.92 മീറ്റര്‍ ചാടി മുഹമ്മദ് അനീസാണ് വെങ്കലവും കേരളത്തിന്റെ അക്കൗണ്ടിലെത്തിച്ചത്. പുരുഷന്മാരുടെ ഭാരോദ്വഹനം 73 കിലോഗ്രാം വിഭാഗത്തില്‍ ബി. ദേവപ്രീത് വെങ്കലം നേടി. 281 കിലോ ഉയര്‍ത്തി.
അതേസമയം, ആദ്യദിനം മൂന്ന് മെഡല്‍ ലഭിച്ച റോളര്‍ സ്‌കേറ്റിങ്ങില്‍ നിരാശ. അഭിജിത്ത്, വിദ്യാദാസ്, വിനീഷ് എന്നിവര്‍ക്കൊന്നും മെഡല്‍ ലഭിച്ചില്ല. കപ്പിള്‍ ഡാന്‍സില്‍ അഭിജിത്ത്-ഏയ്ഞ്ചലീന ടീം അഞ്ചാമതായി. സ്ലാലോം പെയര്‍ ഇന്‍ലൈന്‍ സ്‌കേറ്റിങ്ങില്‍ കേരളം ഏഴാമതായി. സ്‌കേറ്റ്ബോര്‍ഡ് സ്ട്രീറ്റില്‍ വിദ്യ ഏഴാമതും കിരണ്‍ നാലാമതും ജോഷന്‍ ഏഴാമതുമായി. കനോയിങ്ങില്‍ കേരളത്തിന്റെ നാല് ടീമുകള്‍ ഫൈനലിലെത്തി.
ബാസ്‌ക്കറ്റ്ബോളില്‍ സന്തോഷം. 5-5 വിഭാഗത്തില്‍ പുരുഷന്മാര്‍ ഹരിയാനയെയും (83-66) വനിതകള്‍ അസമിനെയുമാണ് (100-26) തോല്‍പ്പിച്ചു. വനിതകളുടെ ത്രീ ഓണ്‍ ത്രീയില്‍ മൂന്ന് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പില്‍ ഒന്നാമതായി. അതേസമയം, പുരുഷന്മാരില്‍ രണ്ട് തോല്‍വി, ഒരു ജയം.
അംലാന്‍, ജ്യോതി വേഗമേറിയ താരങ്ങള്‍
അസാമിന്റെ അംലാന്‍ ബൊര്‍ഗൊഹെയ്‌നും ഒഡീഷയുടെ ജ്യോതി യരാജിയും ദേശീയ ഗെയിംസിലെ വേഗമേറിയ താരങ്ങളായി. പുരുഷന്മാരില്‍ ബൊര്‍ഗൊഹെയ്ന്‍ 10.38 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണമണിഞ്ഞു. ദ്യുതി ചന്ദും ഹിമ ദാസുമുള്‍പ്പെട്ട സൂപ്പര്‍ താരങ്ങളെ പിന്തള്ളിയാണ് യരാജിയുടെ സ്വര്‍ണ നേട്ടം, 11.51 സെക്കന്‍ഡ്.
ഹരിയാന തന്നെ മുന്നില്‍
ഗെയിംസില്‍ ഹരിയാന മുന്നേറ്റം തുടരുന്നു. 64 മെഡലുകള്‍ നിശ്ചയിച്ചപ്പോള്‍ 11 സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കലവും അടക്കം 24 മെഡലായി. എട്ട് സ്വര്‍ണവുമായി സര്‍വീസസാണ് രണ്ടാമത്. ഏഴു സ്വര്‍ണമുള്ള ഉത്തര്‍പ്രദേശ് മൂന്നാമത്.
ഇന്നലെ രണ്ട് ദേശീയ റിക്കാര്‍ഡുകള്‍ കൂടി പിറന്നു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ 4.20 മീറ്റര്‍ ചാടി തമിഴ്നാടിന്റെ റോസി മീന പോള്‍രാജാണ് റിക്കാര്‍ഡിട്ടത്. വി.എസ്. സുരേഖയുടെ പേരിലുള്ള 4.15 മീറ്റര്‍ പഴങ്കഥയായി. പുരുഷന്മാരുടെ 73 കിലോഗ്രാം വിഭാഗം ഭാരോദ്വഹനം ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ തമിഴ്നാടിന്റെ എന്‍. അജിത്ത് 174 കിലോഗ്രാം ഭാരം ഉയര്‍ത്തി ദേശീയ റിക്കാര്‍ഡിട്ടു. ആകെ 314 കിലോ ഉയര്‍ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: