ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് തന്നെ കോണ്‍ഗ്രസ് അധ്യക്ഷനായിക്കഴിഞ്ഞതുപോലെയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പെരുമാറുന്നത്. ശനിയാഴ്ച അദ്ദേഹം രാജ്യസഭയിലെ പ്രതിപക്ഷനേതാവ് എന്ന പദവി രാജിവെച്ചു.
സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ഈ രാജി. കോണ്‍ഗ്രസ് അധ്യക്ഷപദം ഏറ്റെടുക്കുന്നതിനുള്ള മുന്നൊരുക്കമെന്ന നിലയാിലാണ് രാജി. ഗാന്ധികുടുംബത്തിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയായതിനാല്‍ ഖാര്‍ഗെ മൃഗീയ ഭൂരിപക്ഷത്തിന് ജയിക്കുമെന്നുറപ്പായി. ശശി തരൂര്‍ ആരും വിലവെയ്ക്കാത്ത ഡമ്മി സ്ഥാനാര്‍ത്ഥിയുടെ രൂപത്തിലേക്ക് മണിക്കൂറുകള്‍ കഴിയുന്തോറും അധപതിക്കുകയാണ്.
ജി-23 തന്നെ പരസ്യമായി തള്ളിക്കളയുമെന്ന് ശശി തരൂര്‍ പ്രതീക്ഷിച്ചതല്ല. ആനന്ദ് ശര്‍മ്മയുടെ നേതൃത്വത്തില്‍ ജി-23 എന്ന സോണിയ റിബല്‍ ഗ്രൂപ്പ് ഒന്നടങ്കം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയപ്പോള്‍ കൂടെ വന്നത് ശശി തരൂരിനെ ഞെട്ടിച്ചു. കേരളത്തില്‍ പ്രമുഖ നേതാക്കളായ ആന്റണി, ഉമ്മന്‍ചാണ്ടി, കെ.സി. വേണുഗോപാല്‍, വിഡി സതീശന്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എന്നിവരെല്ലാം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കൊപ്പമാണ്.
ശശി തരൂരിനെ പിന്തുണയ്ക്കാന്‍ ശബരീനാഥനും എ.കെ. ആന്റണിയുടെ മകനും മാത്യു കുഴല്‍നാടനും മാത്രമാണ് ഉള്ളത്. ജി23നെ വിമര്‍ശിച്ചുകൊണ്ട് മുഖം രക്ഷിക്കാന്‍ ശനിയാഴ്ച ശശി തരൂര്‍ ശ്രമം നടത്തിയിരുന്നു. തനിക്ക് പിന്തുണയില്ലെന്ന് ഉറപ്പായതോടെയാണ് ശശി തരൂര്‍ ഇങ്ങിനെ ഒരു ശ്രമം നടത്തിയത്. ഇതോടെ ഔദ്യോഗികപക്ഷവുമില്ല, ജി-23ഉം ഇല്ല എന്ന അപമാനകരമായ സ്ഥിതിയിലേക്ക് അധിപതിച്ചിരിക്കുകയാണ് ശശി തരൂര്‍ എന്ന സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: