തിരുവനന്തപുരം: മലയാള ഭാഷയെ മാലിന്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ കുഴിമന്തി എന്ന വാക്ക് നിരോധിക്കണമെന്ന നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്റെ ഫേസ്ബുക്ക് പോസ്റ്റിനു പിന്നാലെ വിവദാം. കേരളത്തിന്റെ ഏകാധിപതിയായി നിയമിക്കപ്പെട്ടാല്‍ ആദ്യം ചെയ്യുക കുഴിമന്തി എന്ന് എഴുതുന്നതും പറയുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിക്കുകയായിരിക്കുമെന്ന് അദ്ദേഹം കുറിച്ചു.
ശ്രീരാമന്റെ പോസ്റ്റിന് പിന്തുണയുമായി ഇടതു ചിന്തകന്‍ സുനില്‍ പി. ഇളയിടവും എഴുത്തുകാരി എസ്. ശാരദക്കുട്ടിയും രംഗത്തെത്തി. ഇതേടെ, കുറിപ്പിനെതിരെ മറ്റു ചില ബുദ്ധിജീവികളും സോഷ്യല്‍ മീഡിയയില്‍ വന്വിമര്ശനവുമായം രംഗത്തെത്തി.കുഴിമന്തി എന്നു കേള്‍ക്കുമ്പോള്‍ പെരുച്ചാഴി പോലെ ഒരു കട്ടിത്തൊലിയുള്ള തൊരപ്പന് ജീവിയെ ഓര്മ വരുമെന്നാണ് പോസ്റ്റിനു താഴെ എസ്. ശാരദക്കുട്ടി പ്രതികരിച്ചത്. ഞാന്‍ കഴിക്കില്ല. മക്കള്‍ പക്ഷെ മികച്ച കുഴിമന്തിക്കായി കോഴിക്കോട് ഹോട്ടലുകള്‍ മാറിമാറി പരീക്ഷിക്കും. എനിക്ക് പേരുംകൂടി ആകര്‍ഷകമായാലേ കഴിക്കാന്‍ പറ്റൂവെന്നും ശാരദക്കുട്ടി കമന്റില്‍ പറയുന്നു.
അതേസമയം, വിവാദത്തിനു പിന്നാലെ വിഷയത്തില്‍ മലക്കം മറിഞ്ഞ് ഇളയിടം രംഗത്തെത്തി. വ്യക്തിപരമായി ഇഷ്ടം തോന്നാത്ത പേരാണ് കുഴിമന്തിയെന്നും എന്നാല്‍ പദനിരോധനം, ഭാഷാമാലിന്യം തുടങ്ങിയ ആശയങ്ങള്‍ക്ക് അതു ന്യായമല്ലെന്നും സുനില്‍ ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റിനെ അതേപടി പിന്തുണച്ചതില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഭാഷാമാലിന്യം, പദനിരോധനം തുടങ്ങിയവ ഒരു നിലയ്ക്കും സാധുവായ ആശയങ്ങളല്ല അവ. ഒരു ജനാധിപത്യ സമൂഹത്തിന് ആ ആശയങ്ങള്‍ ഒട്ടുമേ സ്വീകാര്യവുമല്ല. സ്വന്തം അഭിപ്രായം പറയാന്‍ ശ്രീരാമന് അതിശയോക്തിപരമായി ഉപയോഗിച്ച വാക്കുകളാവും അവയെന്നാണ് കരുതുന്നത്. ആ പ്രയോഗങ്ങള്‍ക്ക് അതേപടി പിന്തുണ നല്കിയ എന്റെ നിലപാടില്‍ ശ്രദ്ധക്കുറവും പിഴവും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം, കുഴിമന്തിയെന്ന ഭക്ഷണത്തെയല്ല ആ ഭാഷ പ്രയോഗത്തെയാണ് വിമര്‍ശിച്ചതെന്ന് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമന്. തടിച്ച സ്ത്രീകളെ പരിഹസിക്കാന്‍ ഉപയോഗിക്കുന്ന വാക്കാണ് മന്തിയെന്നും മറ്റു ഭാഷയിലെ നല്ല പദങ്ങള്‍ മലയാളത്തില്‍ അശ്ലീലമാണെങ്കില്‍ അത് ഉപയോഗിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വാര്‍ത്ത ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. കുഴിമന്തിക്ക് പകരം നല്ല പദം ഉപയോഗിച്ചിരിന്നുവെങ്കില്‍ കൂടുതല്‍ നന്നാകുമായിരുന്നുവെന്നും ഇത് സംബന്ധിച്ച് ഭാഷാപരമായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരട്ടെ എന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: