തിരുവനന്തപുരം: നഗരത്തിൽ പോത്ത് വിരണ്ടോടി പരിഭ്രാന്തി പരത്തി. രാത്രി ഒമ്പതോടെ പാളയം പരിസരത്തു നിന്നും മ്യൂസിയം കോമ്പൗണ്ടിലേക്ക് ഓടിക്കയറിയ പോത്ത് ഒരാളെ കുത്തി പരിക്കേൽപ്പിച്ചു. സായാഹ്ന സവാരിക്കായി എത്തിയ ആളുകൾക്കിടയിലൂടെ ഓടിയ പോത്തിനെ ഫയർഫോഴ്സ് സംഘം വലയിലാക്കി വരിഞ്ഞുകെട്ടി.
ഫയർഫോഴ്സും മൃഗശാലാ ജീവനക്കാരും പിന്നാലെ വന്നത് കണ്ട പോത്ത് മ്യൂസിയം കാമ്പസില്‍ തലങ്ങും വിലങ്ങും ഓടി പരിഭ്രാന്ത്രി പരത്തി. ടോയ്‍ലറ്റ് പരിസരത്ത് അൽപ്പനേരം ഒളിച്ചു നിന്ന പോത്തിനെ ഒരു സംഘം പിന്നിലൂടെ ഓടിച്ചു. രക്ഷപ്പെടാനായി കുതറിയോടിയ പോത്ത് നേരെ ഓടിക്കയറിയത് ഭിന്നശേഷി പാർക്കിനടുത്ത് വിരിച്ച വലയിലേക്ക്.
അരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ആക്രമണോത്സുകനായ പോത്തിനെ ഫയർഫോഴ്സ് സംഘം കീഴടക്കിയത്. വലതു കൊമ്പ് പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു. അറവുശാലയിലേക്ക് കൊണ്ടു പോകും വഴി പോത്ത് രക്ഷപ്പെട്ട് ഓടിയതാകാമെന്നാണ് അനുമാനം. ഒപ്പമുണ്ടായിരുന്ന ആളെ പിന്നീട് കാണാതായി. പ്രാഥമിക ശുശ്രൂഷയ്‌ക്ക് ശേഷം പോത്തിനെ മ്യൂസിയം പോലീസിന് കൈമാറി. ഉടമസ്ഥനെത്താത്ത പക്ഷം പോത്തിനെ നഗരസഭയ്‌ക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: