പോപ്പുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിയമവിരുദ്ധ സംഘടനകളാക്കിയ നടപടിയില്‍ രാജ്യം ഒന്നടങ്കം സന്തുഷ്ടരാണ്. നൂറുകണക്കിനാളുകളെ പിടികൂടി തടവിലാക്കിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ പോലും നിരപരാധിയാണെന്ന ആക്ഷേപമില്ല. കേന്ദ്ര നടപടിയെ തുടര്‍ന്ന് അനന്തരനടപടികള്‍ സംസ്ഥാനങ്ങളും സ്വീകരിച്ചുതുടങ്ങി. ഓഫീസുകള്‍ സീല്‍ ചെയ്യുക, നിരോധിത പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുക തുടങ്ങിയ നടപടികള്‍ സജീവമാക്കി. കേരളത്തിലെ പ്രത്യേകത എടുത്തുപറയേണ്ടതാണല്ലൊ. നിരോധനത്തിന് മുന്‍പ് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തന്നെയാണ് പ്രധാനം. പൊതുമുതല്‍ നശിപ്പിക്കുകയും ബലം പ്രയോഗിച്ച് കടകള്‍ അടപ്പിക്കുകയും പൊതുജനത്തിന് ഏറെ കഷ്ടനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തതിനെതിരെ സര്‍ക്കാര്‍ നടപടി ശക്തമാക്കി. ഹൈക്കോടതിയും ഉചിതമായ നടപടിയിലേക്കാണ് നീങ്ങിയത്. സംസ്ഥാനത്തിനുണ്ടാക്കിയ നഷ്ടത്തിന്റെ തുക (5.2 കോടി) കെട്ടിവയ്‌ക്കാനാണ് കോടതി പറഞ്ഞിട്ടുള്ളത്. തുക കെട്ടിയാലേ പ്രതികള്‍ക്ക് ജാമ്യം നല്‍കാവൂ എന്നും കോടതി പറഞ്ഞിരിക്കുകയാണ്.
നിരോധനത്തെ സംശയത്തോടെ പലരും സമീപിക്കുന്നതു കണ്ടു. എന്നാല്‍ എടുത്തുപറയേണ്ടതാണ്, എ.പി. സുന്നിവിഭാഗത്തിന്റെ പത്രമായ ‘സുപ്രഭാത’ത്തിന്റെ മുഖപ്രസംഗം. ‘പോപ്പുലര്‍ഫ്രണ്ട് നിരോധിക്കപ്പെടുമ്പോള്‍’ എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗം പറയുന്നത് ശ്രദ്ധേയമാണ്. ‘ന്യൂനപക്ഷങ്ങളോട് കരുതലും ഗുണകാംക്ഷയുമുള്ള ഭൂരിപക്ഷസമുദായമായ ഹൈന്ദവ സമൂഹത്തിന്റെ പിന്തുണയോടെ മാത്രമേ രാജ്യത്തെ പ്രശ്‌നങ്ങളും പ്രയാസങ്ങളും പരിഹരിക്കാന്‍ കഴിയൂ എന്നുപറയുന്ന പത്രം, ഭൂരിപക്ഷ സമുദായത്തെ അവിശ്വസിച്ചും അവരെ ശത്രുക്കളായി കണ്ടും മുന്നോട്ടുപോകുന്നത് ശരിയല്ലെന്ന് അസന്നിഗ്ധമായി പ്രസ്താവിക്കുന്നു. ഇവിടെ മുസ്ലീങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള സ്വാതന്ത്ര്യങ്ങളും സൗകര്യങ്ങളുമെല്ലാം, അത് ശരിഅത്ത് നിയമമായാലും മുസ്ലീംപള്ളികള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമങ്ങളുമെല്ലാം ഭൂരിപക്ഷസമുദായത്തിന്റെ പിന്‍ബലംകൊണ്ടാണെന്നും സമ്മതിക്കുന്നു. ഇവിടെ ഇല്ലാത്തതെന്തെങ്കിലും ഇസ്ലാമിക രാജ്യങ്ങളില്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്തമാണ്.
ലോകത്തെ ഇസ്ലാമിക രാജ്യങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നതെന്താണ്. ഇറാനിലും അഫ്ഘാനിസ്ഥാനിലും ഇറാഖിലും എന്നുവേണ്ട സൗദി അറേബ്യയില്‍ പോലും നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങള്‍ ഇസ്ലാമിനെ സന്തോഷിപ്പിക്കുന്നതാണോ? വെള്ളിയാഴ്ചകള്‍തോറും അവിടങ്ങളില്‍ സ്‌ഫോടനമല്ലെ? നൂറുകണക്കിനാളുകളല്ലെ മരിച്ചുവീഴുന്നത്. ഇറാനില്‍ ഹിജാബ് ധരിച്ചിറങ്ങിയ പെണ്‍കുട്ടിയുടെ മുടി പുറത്തുകണ്ടു എന്നതിന്റെ പേരില്‍ നടന്നതെന്തൊക്കെയാണ്. സദാചാരപോലീസ് പിടികൂടിയ പെണ്‍കുട്ടി ജവാദ് ഹെയ്ദാരിയുടെ തല തല്ലിപ്പൊളിച്ചു.
ഹെയ്ദാരിയുടെ ചേതനയറ്റ ശരീരത്തിലേക്ക് മുടി മുറിച്ചെറിഞ്ഞ് വനിതകളുടെ വെല്ലുവിളിയും പ്രതിഷേധവും ഉയര്‍ന്നു. ഹെയ്ദാരിയുടെ സഹോദരിയടക്കമുള്ളവര്‍ ഹിജാബ് ദൈവത്തിനെതിരാണെന്ന മുദ്രാവാക്യമുയര്‍ത്തി വ്യാപകമായി പ്രതിഷേധിക്കുന്നു. സംസ്‌കാരച്ചടങ്ങുകളുടെ വീഡിയോ ഇറാനിലുടനീളം പ്രതിഷേധം ആളിക്കത്തിക്കുകയാണ്. നൂറുകണക്കിന് സ്ത്രീകളാണ് പൂക്കളും മുറിച്ച മുടിക്കൂട്ടങ്ങളും കൊണ്ട് പ്രക്ഷോഭത്തില്‍ ഹെയ്ദാരിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. ഭരണകൂടത്തിനെതിരെ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പ്രമുഖരും അണിചേരുകയാണ്. സംഗീത പരിപാടിക്കിടെ മുടിമുറിക്കുന്ന ഗായികയുടെ വീഡിയോ ദൃശ്യങ്ങളാണ് ഇറാനിലിപ്പോള്‍ പ്രചരിക്കുന്നത്. ഗായിക മേലെക് മോസ്സോ പരിപാടിക്കിടെ പാടുന്നത് നിര്‍ത്തി വേദിയില്‍ വച്ചു തന്നെ മുടി മുറിക്കുകയായിരുന്നു. മുറിച്ചമുടികൊണ്ട് പതാകയുണ്ടാക്കി കെട്ടിയാണ് പ്രതിഷേധം.
മൂടി പൂര്‍ണമായും മറച്ചില്ലെന്ന് ആരോപിച്ച് ഇറാനിയന്‍ പോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയുടെ മരണത്തെത്തുടര്‍ന്ന് ഹിജാബിനെതിരെ ഇറാനിയന്‍ വനിതകള്‍ ആരംഭിച്ച പ്രക്ഷോഭം അണയുന്നില്ല. മരണം കഴിഞ്ഞ് രണ്ടാഴ്ചയായിട്ടും പ്രക്ഷോഭം ആളിപ്പടരുകയാണ്. പോലീസ് നടപടിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നൂറു കവിഞ്ഞു. 700 പ്രക്ഷോഭകരെയാണ് ഇറാനിയന്‍ ഭരണകൂടം ജയിലിലടച്ചത്. ഇറാനിലെ മുഴുവന്‍ സ്ത്രീകളും ഈ പ്രാകൃത സ്വേച്ഛാധിപത്യ ഭരണരീതിയില്‍ അസ്വസ്ഥരാണെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ മസിഹ് അലിനെജാദ് പറയുന്നു. ഇറാനിലെ വനിതകള്‍ക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടക്കുകയാണ്. പാരീസിലെ ടെഹ്‌റാന്‍ എംബസിയിലേക്ക് മാര്‍ച്ച് നടത്തിയ നൂറുകണക്കിനാളുകളെ പിരിച്ചുവിടാന്‍ ഫ്രഞ്ച് പോലീസിന് കണ്ണീര്‍ വാതകം പ്രയോഗിക്കേണ്ടിവന്നു. ലണ്ടനില്‍ പ്രതിഷേധക്കാരുമായി പോലീസ് ഏറ്റുമുട്ടി, നിരവധിപേരെ അറസ്റ്റ് ചെയ്തു. പ്രക്ഷോഭം രാജ്യത്തെ 46 പ്രവിശ്യകളിലേക്കും വ്യാപിച്ചതോടെ ഇന്റര്‍നെറ്റ് സംവിധാനങ്ങളെല്ലാം സര്‍ക്കാര്‍ വിച്ഛേദിച്ചു. ട്വിറ്റര്‍, ഫേസ്ബുക്ക് എന്നിവ പൂട്ടി. സൗദിയിലും പ്രതികരണങ്ങളുണ്ടായി. ഹിജാബെന്ന പ്രാകൃത നിയമത്തെ ഇന്ത്യയിലേക്കും വലിച്ചുകെട്ടാന്‍ നോക്കുന്നവര്‍ ഇതിന്റെ പേരില്‍ ഇസ്ലാമിക രാജ്യങ്ങളില്‍ നടക്കുന്ന പ്രതിഷേധത്തിനുനേരെ കണ്ണടയ്‌ക്കുകയാണ്.
ഇതിനിടയിലാണ് ഇവിടെ മതഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെതിരെ നിരോധനം ഏര്‍പ്പെടുത്തുന്നത്. ഇതിനെ സിപിഎം ശക്തമായി എതിര്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ നിലപാടും മറിച്ചല്ല. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ആര്‍എസ്എസിനെയാണ് ആദ്യം നിരോധിക്കേണ്ടതെന്നപക്ഷക്കാരാണ്. അവര്‍ ഇരുവരും ഒരേതൂവല്‍ പക്ഷികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ആര്‍എസ്എസ്സിന് ബദലായി മനിയുടെ നേതൃത്വത്തില്‍ ഐഎസ്എസ് എന്ന സംഘടനയുണ്ടാക്കി രാജ്യത്താകമാനം കലാപമുണ്ടാക്കിയപ്പോള്‍ ഇവരുടെ നിലപാട് കണ്ടതാണ്. ഇരുവരും ഒറ്റക്കെട്ടായി ഐഎസ്എസ് നേതാവ് മദനിക്കുവേണ്ടി നിയമസഭയില്‍ പ്രമേയം പാസാക്കി. മദനിയുടെ ജയില്‍ മോചനത്തിനായി മുറവിളി ഉയര്‍ത്തി. ആര്‍എസ്എസ് എന്നാല്‍ ഹിന്ദു സേവക്‌സംഘമല്ലെന്ന തിരിച്ചറിവെങ്കിലും ഉണ്ടെങ്കില്‍ നിരോധിക്കേണ്ടത് ആര്‍എസ്എസിനെയാണെന്ന് പറയില്ല. നൂറുവയസ്സ് തികയാന്‍ പോകുന്ന സംഘത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണ ഇനിയെങ്കിലും നീക്കാന്‍ മുതിരുകയാണ് ഇവര്‍ക്ക് അഭികാമ്യം. അതിനു ശ്രമിക്കാതെ ഗോഗ്വാവിളി തുടര്‍ന്നാല്‍ അതിന്റെ ഫലം അവര്‍ക്ക് തന്നെ അനുഭവിക്കേണ്ടിവരും. ഇക്കാലമത്രയും പ്രവര്‍ത്തിച്ചിട്ട് ഒരു രാജ്യദ്രോഹപ്രവര്‍ത്തനമെങ്കിലും ചൂണ്ടിക്കാട്ടാന്‍ കഴിയുമോ? രാജ്യമാണ് പ്രധാനം. അതിനുശേഷമാണ് മറ്റെല്ലാം എന്ന തത്വം മുറുകെ പിടിച്ച് മുന്നേറുന്ന സംഘടനയെ നിരോധിക്കണമെന്നാഗ്രഹിക്കുന്ന മനോഭാവമാണ് ഉന്മൂലനം ചെയ്യപ്പെടേണ്ടത്. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. വിലയിരുത്തുന്നുണ്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് ഏറെ കഷ്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: