ഡോ. കെ. ജയപ്രസാദ്
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും എട്ട് അനുബന്ധ സംഘടനകളെയും കേന്ദ്രസര്‍ക്കാര്‍ അഞ്ചുവര്‍ഷത്തേക്ക് നിരോധിച്ച് ഉത്തരവിറക്കിയത് വ്യക്തമായ കാരണങ്ങള്‍ നിരത്തിയാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ ഗസറ്റ് നോട്ടിഫിക്കേഷന്‍ ഉന്നയിച്ചിരിക്കുന്ന കാരണങ്ങള്‍ പ്രധാനമായും ഏഴ് എണ്ണമാണ്. 1) ആഗോളഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായുള്ള ബന്ധം, 2) രാജ്യസുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും ഭീഷണിയുയര്‍ത്തല്‍, 3) ഭീകരപ്രവര്‍ത്തനങ്ങള്‍, 4) ഭീകരപ്രവര്‍ത്തനത്തിനുള്ള ധനസമാഹരണം, 5) ആസൂത്രിത കൊലപാതകങ്ങള്‍ 6) ഭരണഘടനാ വ്യവസ്ഥകളോടുള്ള അവഗണന, 7) ക്രമസമാധാനം തകര്‍ക്കല്‍.
നിര്‍ഭാഗ്യവശാല്‍ കേരളത്തില്‍ പിഎഫ്ഐ നിരോധനം സംബന്ധിച്ച ചര്‍ച്ചകളില്‍ മുകളില്‍ പറഞ്ഞ കാരണങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല. മുഖ്യധാരാ മാധ്യമങ്ങളും ന്യൂസ് ചാനലുകളും ഇടതു-വലതു മുന്നണികളില്‍പ്പെട്ട ഘടകക്ഷികളും ആര്‍എസ്എസ്സുമായി ബന്ധപ്പെടുത്തിയും നിരോധനമല്ല, ബോധവല്‍ക്കരണമാണ് വേണ്ടത് എന്നവാദവുമാണ് ചര്‍ച്ച ചെയ്യുന്നത്. ഇസ്ലാമിസ്റ്റ് ബുദ്ധികേന്ദ്രം ചിട്ടപ്പെടുത്തിയ മാധ്യമ ആഖ്യാനമാണ് നടക്കുന്നത്. 2014 നുശേഷം ഉയര്‍ന്നുവന്ന മുസ്ലീം അരക്ഷിതബോധമാണ് പിഎഫ്ഐയെ വളര്‍ത്തിയത് എന്നും, ആര്‍എസ്എസ് ആണ് പ്രധാനകാരണമെന്നുമാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ഉന്നയിച്ചത്. വളരെ തന്ത്രപരമായി നിരോധനത്തിനുള്ള കാരണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ കേരളത്തിലെ മുഖ്യധാരാമാധ്യമങ്ങള്‍ക്കും മതേതരരാഷ്ട്രീയ നേതൃത്വത്തിനും കഴിഞ്ഞു. നിരോധിത സംഘടനയുടെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെയും ആരുടെയും വികാരം വ്രണപ്പെടാതെയും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്കി. അതായത് പോപ്പുലര്‍ ഫ്രണ്ട് ഒരു ‘ഇര’യാണ് എന്ന വാദമാണ് ശക്തിപ്പെടുത്തിയത്. യഥാര്‍ത്ഥ വേട്ടക്കാരന് ആര്‍എസ്എസ് ആണെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളില്‍ എല്ലാം നിരോധനത്തിന്റെ കാരണങ്ങള്‍ തന്നെയാണ് ചര്‍ച്ചയായിരിക്കുന്നത്. ദേശീയ മാധ്യമങ്ങള്‍ പ്രധാനമായും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ആഗോള ഭീകരപ്രസ്ഥാനങ്ങളുമായി പിഎഫ്ഐയ്ക്കുള്ള ബന്ധവും, രാജ്യദ്രോഹ സമീപനവും ചര്‍ച്ചാവിഷയമാക്കി.
കേരളം നേരിടുന്ന ഒരു മഹാവിപത്തിന്റെ സന്ദേശമാണ് പിഎഫ്ഐ നിരോധത്തിനുശേഷം കേരളം നല്‍കുന്നത്. ആഗോള ഭീകരവാദത്തിന്റെ വക്താക്കള്‍ക്ക് ‘ഇര’യുടെ വാദം നിരത്തി ജനശ്രദ്ധ തിരിക്കാന്‍ കഴിയുന്നത് കേരളം താലിബാനിസത്തിന് കീഴടങ്ങി എന്നതിന് തെളിവാണ്. അതുകൊണ്ട് തന്നെ ഇടതുപക്ഷവും കോണ്‍ഗ്രസും, സാംസ്കാരിക പ്രതിഭകളും നല്കുന്ന ‘പിഎഫ്ഐ ഇര’വാദത്തെ തുറന്നുകാണിക്കേണ്ടതുണ്ട്. ആര്‍എസ്എസ്സ് എന്ന പുകമുറയുയര്ത്തി ഭീകരവാദികളെ ന്യായീകരിക്കുന്ന സമീപനം ചര്‍ച്ചചെയ്യപ്പെടണം.
ആര്‍എസ്എസ് ഉയര്‍ത്തുന്ന ഭൂരിപക്ഷ വര്‍ഗീയതയുടെ ഭീതിയില്‍ നിന്നാണ് ഇസ്ലാമിക തീവ്രവാദം ഉയര്‍ന്നുവന്നത് എന്ന വാദം വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തപ്പെടണം. ഇസ്ലാമിക തീവ്രവാദ സംഘടനകളെ ഭാരതത്തില്‍ മാത്രമാണ് നിരോധിച്ചത് എങ്കില്‍ മുകളില്‍ പറഞ്ഞ ആരോപണത്തിന് ന്യായീകരണം ഉണ്ടാകുമായിരുന്നു. എടുത്തുപറയേണ്ട വസ്തുത ഇസ്ലാമിക രാജ്യമായ പാകിസ്ഥാനില്‍ മുപ്പത്തിഏഴ് സംഘടനകളെ നിരോധിച്ചിട്ടുണ്ട്. ഇതില്‍ ഏഴു സംഘടനകള്‍ ബലൂചിസ്ഥാന്‍ സ്വാതന്ത്ര്യപ്രസ്ഥാനങ്ങളാണ്. പാകിസ്ഥാനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളുടെ ഒരു സംഘടനയും നിരോധിച്ചിട്ടില്ല. അതായത് പാകിസ്ഥാനില്‍ നിരോധിക്കപ്പെട്ട മുപ്പത്തി ഏഴ് സംഘടനകളില്‍ മുപ്പത് സംഘടനകളും ഇസ്ലാമിക ഭീകരസംഘടനകളാണ്. ജനാധിപത്യത്തിന്റെ ഈറ്റില്ലമായ ബ്രിട്ടണില്‍ നിരോധിക്കപ്പെട്ട എണ്‍പത്തിമൂന്ന് സംഘടനകളില്‍ അറുപത്തി അഞ്ചും ഇസ്ലാമിക ഭീകരസംഘടനകളാണ്. അമേരിക്കയില്‍ നിരോധിച്ച അറുപത്തിയെട്ട് സംഘടനകളില്‍ അറുപത്തിഅഞ്ചും മുസ്ലീം സംഘടനകളാണ്. ഐക്യരാഷ്ട്ര സംഘടന നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ബഹുഭൂരിപക്ഷം സംഘടനകളും, വ്യക്തികളും ഇസ്ലാമിക പ്രസ്ഥാനങ്ങളും അതിന്റെ നേതാക്കളുമാണ്. ബംഗ്ലാദേശില്‍ നിരോധിക്കപ്പെട്ട ഒന്‍പതു സംഘടനകളും ഇസ്ലാമിക ഭീകരസംഘടനകളാണ്. ഇസ്ലാമിക രാജ്യമായ യുഎഇയില്‍ നിരോധിക്കപ്പെട്ട അഞ്ചുസംഘടനകളും ഇസ്ലാമിക തീവ്രവാദ സംഘടനകളാണ്. മുകളില്‍ പറഞ്ഞ പ്രമുഖ രാജ്യങ്ങളില്‍ ഒന്നും ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നില്ല. അപ്പോള്‍ എന്ത് അരക്ഷിതബോധമാണ് ഇസ്ലാമിക തീവ്രവാദത്തിന് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ഉള്ളത് എന്ന് വായനക്കാര്‍ ചിന്തിക്കണം. ഇന്ത്യയില്‍ നിരോധിക്കപ്പെട്ട നാല്പത്തിമൂന്നു സംഘടനകളില്‍ പത്തൊന്‍പതെണ്ണം മാത്രമാണ് ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ടിരിക്കുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും നിരോധിച്ചത് കോണ്‍ഗ്രസ് ഭരണകാലത്താണ് എന്നതും ശ്രദ്ധേയമാണ്. അതിനാവശ്യമായ നിയമനിര്‍മാണം നടത്തിയതും കോണ്‍ഗ്രസ് ഭരണകൂടമാണ്. ഈ വസ്തുതകള്‍ സൂചിപ്പിക്കുന്നത് ഇസ്ലാമിക തീവ്രവാദം ആഗോളതലത്തില്‍ രൂപപ്പെട്ടതും അറബിനാട്ടിന്റെ ജനിതകകാരണങ്ങള്‍കൊണ്ട് രൂപപ്പെട്ടതുമെന്നുമാണ്. അതിനെ ആര്‍എസ്എസുമായി കൂട്ടിവായിക്കുന്നത് ബോധപൂര്‍വമാണ്. അത്തരം നരേറ്റീവ് രൂപപ്പെടുത്തിയതും ഇസ്ലാമിസ്റ്റുകളാണ്.
ആര്‍എസ്എസ്സിന് എതിരായാണ് രാജ്യത്ത് ഇസ്ലാമിക വര്‍ഗീയ വളര്‍ന്നത് എന്ന വാദവും പരിശോധിക്കാം. 1875 ല്‍ രൂപംകൊണ്ട അലിഗഢ് പ്രസ്ഥാനവും അതിന്റെ ജനയിതാവായ സര് സയിദ് അഹമ്മദ്ഖാനാണ് ദ്വിരാഷ്ട്രവാദം ഉന്നയിക്കുന്നത്. 1906 ല്‍ മുസ്ലീംലീഗ് രൂപീകരിച്ചു. തുടര്‍ന്ന് അവര്‍ കമ്യൂണല്‍ ഇലക്ടറേറ്റ് എന്ന ആവശ്യം 1909 ല്‍ നേടി എടുത്തു. 1915 ലാണ് ഹിന്ദു മഹാസഭ രൂപം കൊള്ളുന്നത്. ആര്‍എസ്എസ് രൂപീകരിക്കുന്നത് 1925 ലുമാണ്. അതായത് മുസ്ലീംലീഗ് രൂപംകൊണ്ട് ഇരുപത് വര്‍ഷം കഴിഞ്ഞാണ് ആര്‍എസ്എസ് രൂപീകരിക്കുന്നത്. മാത്രമല്ല പാകിസ്ഥാന്വാദത്തിന്റെ അടിത്തറയായ പതിനാലിനപരിപാടി മുഹമ്മദാലി ജിന്ന പ്രഖ്യാപിക്കുന്നത് 1929 ല്‍ ആയിരുന്നു. 1940 ല്‍ മുസ്ലീംലീഗ് പാകിസ്ഥാന് പ്രമേയം പാസാക്കി. ഈ കാലഘട്ടത്തില്‍ ആര്‍എസ്എസ് പ്രധാനമായും സെന്‍ട്രല്‍ പ്രവിശ്യയില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സംഘടനയായിരുന്നു. 1946 ആഗസ്റ്റ് 16 ന് ഡയറക്ട് ആക്ഷന്‍ ഡേ പ്രഖ്യാപിച്ച് ജിന്നയും, മുസ്ലീംലീഗും വമ്പിച്ച വര്‍ഗീയ കലാപം അഴിച്ചുവിട്ടാണ് ഇന്ത്യാവിഭജനം യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളായി വന്ന കോടിക്കണക്കിന് ഹിന്ദുക്കള്‍ക്ക് ആവശ്യമായ സേവനം നടത്തിയാണ് ആര്‍എസ്എസ് ആദ്യമായി ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്നത്. ഇത് സൂചിപ്പിക്കുന്നത് ആര്‍എസ്എസ് ദേശീയതലത്തില്‍ ശക്തിയാര്‍ജിക്കുന്നതിന് പതിറ്റാണ്ടുകള്‍ക്കുമുന്‍പു തന്നെ രാജ്യം മതാടിസ്ഥാനത്തില്‍ വിഭജിച്ചു. കോണ്‍ഗ്രസും ലീഗുമാണ് അതിന് കാര്‍മികത്വം വഹിച്ചത്. ഇവിടെ ആരാണ് ഇരയായത്?
ഭാരതത്തില്‍ മുസ്ലീങ്ങള്‍ ഇന്ന് ഇരകളാണ് എന്നുപറയുന്നവര്‍ പാകിസ്ഥാനിലെയും ഇന്ത്യയിലെയും ന്യൂനപക്ഷങ്ങളെ താരതമ്യം ചെയ്യണം. ഇപ്പോള്‍ വേട്ടക്കാരായി വര്‍ണിക്കുന്ന ഹിന്ദുക്കള്‍ 1951 ല്‍ ഇന്ത്യയില്‍ 84 ശതമാനം ഉണ്ടായിരുന്നു. അറുപത് വര്‍ഷം കഴിഞ്ഞപ്പോള്‍ അത് 79 ശതമാനമായി കുറഞ്ഞു. 1951 ല്‍ ഒന്‍പതു ശതമാനമുണ്ടായിരുന്ന മുസ്ലീങ്ങള്‍ ഇതേ കാലയളവില്‍ വര്‍ധിച്ച് പതിനഞ്ചുശതമാനമായി ഉയര്‍ന്നു. ഇവിടെ ഇരകള്‍ വളരുകയും വേട്ടക്കാരന് തളരുകയും ചെയ്യുന്ന പ്രതിഭാസമാണ് കാണുന്നത്. അതേസമയം 1951 ല്‍ പാകിസ്ഥാനില്‍ 12.9 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നത് 2011 ആയപ്പോള്‍ കേവലം രണ്ടുശതമാനമായി കുറഞ്ഞു. ബംഗ്ലാദേശില്‍ ഇരുപത്തിമൂന്നുശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നത് 2011 ല്‍ എട്ടുശതമാനമായി കുറഞ്ഞു. എടുത്തുപറയേണ്ട വസ്തുത മതാടിസ്ഥാനത്തില്‍ ഇന്ത്യവിഭജിച്ചിട്ടും ഭാരതത്തിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ഹിന്ദുക്കളാണ് ചുരുങ്ങിയത്. ഈ മൂന്നുരാജ്യങ്ങളിലും മുസ്ലീം ജനസംഖ്യ വലിയരീതിയില്‍ വളരുന്നു. അറുപതുവര്ഷങ്ങള്കൊണ്ട് ഇന്ത്യയില്‍ ആറുശതമാനം ഹിന്ദുക്കളാണ് കുറഞ്ഞത്. എന്നാല്‍ മുസ്ലീങ്ങള്‍ ആറുശതമാനം കൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: