ന്യൂദല്‍ഹി: പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ ഉയര്‍ത്തിയ ദേശീയ ചിഹ്നമായ അശോകസ്തംഭത്തില്‍ അപാകതയില്ലെന്ന് ചൂണ്ടിക്കാട്ടി ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഈ അശോകസ്തംഭത്തിലെ സിംഹത്തിന്റെ ശില്‍പം ഒരിയ്‌ക്കലും ഇന്ത്യയുടെ ദേശീയ എംബ്ലം (അനധികൃത ഉപയോഗം തടയല്‍) 2005 നിയമത്തിലെ വകുപ്പുകള്‍ ലംഘിക്കുന്നില്ലെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.
പുതിയ പാര്‍ലമെന്‍റ് മന്ദ്രിരമായ സെന്‍ട്രല്‍ വിസ്റ്റയ്‌ക്ക് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹരൂപങ്ങളില്‍ അല്‍പം വ്യത്യാസങ്ങളുണ്ടെന്ന കാര്യം സുപ്രീംകോടതി അംഗീകരിച്ചു. പക്ഷെ അത് ദേശീയ ചിഹ്നം സംബന്ധിച്ച 2005 ലെ നിയമം ലംഘിക്കുന്ന തരത്തിലുള്ളതല്ലെന്നും സുപ്രീംകോടതി ബെഞ്ച് ചൂണ്ടിക്കാട്ടി. പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങള്‍ കോമ്പല്ലുകള്‍ പുരത്തു കാട്ടുന്നതിനാല്‍ ഈ പുതിയ അശോക സ്തംഭം ഭരണഘടനാ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാര്‍ട്ടികള്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച ഈ അശോകസ്തംഭം അനാച്ഛാദനം ചെയ്തത്.
അല്‍ദനിഷ് റെയ്ന്‍, രമേഷ് കുമാര്‍ മിശ്ര എന്നിവരാണ് സുപ്രീംകോടതിയെ പരാതിയുമായി സമീപിച്ചത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, കൃഷ്ണ മുരാരി എന്നിവര്‍ അംഗങ്ങളായ സുപ്രീംകോടതി ബെഞ്ചാണ് ഈ പൊതുതാല്പര്യഹര്‍ജി തള്ളിക്കളഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക