ന്യൂദല്‍ഹി: ആർബിഐ നിശ്ചയിച്ചിരിക്കുന്ന പരിധിക്ക് മുകളിലേയ്‌ക്ക് പണപ്പെരുപ്പം പോകുന്നത് കണക്കിലെടുത്ത് റിസര്‍വ് ബാങ്ക് റിപോ നിരക്ക് ഉയര്‍ത്തി. 50 ബേസ് പോയിന്റ്‌സ് നിരക്ക് ഉയര്‍ത്തിയതോടെ 5.9% ആണ് പുതിയ റിപോ നിരക്ക്. റിസര്‍വ് ബാങ്ക് സമിതിയിലെ ആറ് വിദഗ്ധരില്‍ അഞ്ച് പേരുടെ പിന്തുണയോടെയാണ് തീരുമാനമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു.
2023 സാമ്പത്തിക വര്‍ഷത്തേക്കുള്ള ചെറുകിട കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്‌സ് (സിപിഐ) 6.7% ആയിരിക്കുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡിംഗ് ഡെപോസിറ്റ് ഫെസിലിറ്റി(എസ്ഡിഎഫ്), മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി എന്നിവയും 50 ബേസ് പോയിന്റ്‌സ് വീതം ഉയര്‍ത്തി യഥാക്രമം 5.65%, 6.15% എന്നായി പുനഃക്രമീകരിച്ചു.
കൊവിഡ് പ്രതിസന്ധി മൂലം 2020 മുതല്‍ ഏറെ നാള്‍ മാറ്റമില്ലാതിരുന്ന പലിശനിരക്കില്‍ 2022 മെയ് മുതല്‍ 190 ബേസ് പോയിന്റ്(1.90%) വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. തുടർച്ചയായി എട്ടാം മാസവും പണപ്പെരുപ്പം തുടരാൻ കാരണം അന്താരാഷ്‌ട്ര സാമ്പത്തിക പ്രതിസന്ധിയാണെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: