ചെന്നൈ: ഹര്‍ത്താലിന്റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന 10 കോടി രൂപ തമിഴ്നാട് പോലീസ് പിടിച്ചെടുത്തു. ചെന്നൈ, മന്നാടി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച പണം കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്. കേരള രജിസ്ടേഷനുള്ള അശോക് ലൈലാന്റ് ലോറിയും തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഹുണ്ടായി കാറും പിടിച്ചെടുത്തിട്ടുണ്ട്.
ചെന്നൈ മന്നാടിയില്‍ സമീറ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദിന്റെ വകയാണ് കാര്‍. ദുബായിലുള്ള സുഹൃത്ത് റിയാസിന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് പണം നല്‍കുന്നതെന്നാണ് നിസാര്‍ പോലീസിനോട് പറഞ്ഞത്. പണം കൈമാറുന്നതിനിടെ നിസാര്‍ അഹമ്മദിനെയും ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ ഉണ്ടായ അക്രമ സംഭവങ്ങളില്‍ കടുത്ത നടപടിയാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും ഉണ്ടായ നഷ്ടത്തിനു പരിഹാരമായി പോപ്പുലര്‍ ഫ്രണ്ടും സംസ്ഥാന ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍ സത്താറും 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കുള്ളില്‍ ആഭ്യന്തര വകുപ്പില്‍ കെട്ടിവയ്ക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹര്‍ത്താല്‍ അക്രമവുമായി ബന്ധപ്പെട്ടു വിവിധ കോടതികളിലുള്ള എല്ലാ കേസുകളിലും സത്താറിനെ പ്രതി ചേര്‍ക്കണമെന്നും നിര്‍ദേശിച്ചു.
ഹര്‍ത്താല്‍ കേസിനൊപ്പം 5.06 കോടി രൂപ നഷ്ടപരിഹാരം തേടി കെഎസ്ആര്‍ടിസി നല്കിയ ഹര്‍ജിയും പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. രണ്ടാഴ്ചയ്ക്കകം തുക കെട്ടിവച്ചില്ലെങ്കില്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഭാരവാഹികളുടെയും സ്വത്തില്‍നിന്നു റിക്കവറി നടപടിയെടുക്കണം. നഷ്ടപരിഹാര ക്ലെയിം തീര്‍പ്പാക്കുമ്പോള്‍ വരുന്ന അധിക ബാധ്യതയും ഇവര്‍ വഹിക്കണം. ഹര്‍ത്താലുമായി ബന്ധപ്പെട്ടു സംസ്ഥാനത്തുടനീളം അറസ്റ്റിലായവര്‍ക്കു ജാമ്യം അനുവദിക്കുമ്പോള്‍ നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന വ്യവസ്ഥ മജിസ്ട്രേട്ട് / സെഷന്‍സ് കോടതികള്‍ ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: