ന്യൂദല്‍ഹി: ഐടി വൈദഗ്ധ്യമുള്ള ഇന്ത്യന്‍ യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള വ്യാജ തൊഴില്‍ റാക്കറ്റുകളെ ബാങ്കോക്കിലെയും, മ്യാന്മറിലെയും ഇന്ത്യന്‍ എംബസികളില്‍ അടുത്തിടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡിജിറ്റല്‍ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവുകളുടെ തസ്തികകളിലേക്ക് ആകര്‍ഷകമായ വ്യവസ്ഥകള്‍ എന്ന വ്യാജേനയാണ് സംഘം തട്ടിപ്പുകള്‍ നടത്തുന്നത്.
സോഷ്യല്‍ മീഡിയ പരസ്യങ്ങളിലൂടെയും ദുബായ്, ഇന്ത്യ ആസ്ഥാനമായുള്ള ഏജന്റുമാര്‍ വഴിയും തായ്ലന്ഡിലെ ഡാറ്റ എന്‍ട്രി ജോലികളില്‍ അവസരം ലഭിക്കുന്നു എന്ന വ്യാജേനയാണ് ഇവര്‍ ഐടി വൈദഗ്ധ്യം ഉള്ള യുവാക്കളെ ലക്ഷ്യമിടുന്നത്. ഇരകളെ അനധികൃതമായി മ്യാന്മറിലേക്ക് അതിര്‍ത്തി കടത്തി കൊണ്ടുപോകുകയും തടവിലാക്കിക്കൊണ്ട് കഠിനമായ സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ആയതിനാല്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ, മറ്റ് തരത്തിലൂടെയോ പ്രചരിക്കപ്പെടുന്ന ഇത്തരം വ്യാജ തൊഴില്‍ വാഗ്ദാനങ്ങളില്‍ വീഴാതെയിരിക്കാന്‍ യുവാക്കള്‍ ശ്രദ്ധിക്കേണ്ടതാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. വിനോദ സഞ്ചാര അഥവാ വിസിറ്റിങ്ങ് വിസയില്‍ തൊഴിലിനായി യാത്ര ചെയ്യുന്നതിന് മുന്‍പ് വിദേശ തൊഴില്‍ ദാതാവിനെ കുറിച്ച് അതാത് ഇന്ത്യന്‍ എംബസികളില്‍ അന്വേഷിച്ച് ഉറപ്പ് വരുത്തേണ്ടതും, നാട്ടിലുള്ള റിക്രൂട്ടിംഗ്ഏജന്റ് അല്ലെങ്കില്‍ കമ്പനിയുടെ പൂര്‍വ്വകാല ചരിത്രം കൂടെ അറിഞ്ഞതിന് ശേഷം മാത്രം ഓഫര്‍ ലെറ്റര്‍ സ്വീകരിക്കണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: