പത്തനാപുരം: പത്തനാപുരത്ത് പാടത്ത് ജലാറ്റിന്‍ സ്റ്റിക്ക് ഉള്‍പ്പെടെ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലും കുളത്തൂപ്പുഴയില്‍ പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തിലും അന്വേഷണം എങ്ങുമെത്തിയില്ല. പത്തനാപുരത്തെ സംഭവത്തിൽ അന്വേഷണം ഏകദേശം നിലച്ച മട്ടിലാണ്. പോലീസിന്റെയും സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും നേതൃത്വത്തില്‍ ആദ്യഘട്ടത്തില്‍ അന്വേഷണം നടന്നങ്കിലും പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്ക് നിര്‍മിച്ചത് തമിഴ്‌നാട് തിരുച്ചിയിലെ വെട്രിവേല്‍ എക്‌സ്‌പ്ലോസീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. വനംവകുപ്പിന്റെ ഉടമസ്ഥതയിലുളള കശുമാവിന്‍ തോട്ടത്തില്‍ പരിശോധന നടത്തവെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. രണ്ട് ജലാറ്റിന്‍ സ്റ്റിക്, നാല് ഡിറ്റനേറ്റര്‍ ബാറ്ററികള്‍, മുറിഞ്ഞ വയറുകള്‍ എന്നിവ പലഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന നിലയിലായിരുന്നു.
പാകിസ്ഥാന്‍ നിര്‍മിത വെടിയുണ്ട കണ്ടെത്തിയ സംഭവത്തിൽ ഇസ്ലാമിക തീവ്രവാദ, മാവോയിസ്റ്റ് സംഘടനകളെ സംശയിച്ചായിരുന്നു അന്വേഷണം. വെടിയുണ്ടകള്‍ ഉപേക്ഷിച്ചതാണെന്ന വാദം കേന്ദ്ര, സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ അന്നേ തള്ളിയിരുന്നു. സംഭവം അന്വേഷിക്കുന്നതിനായി ഡിഐജി അനൂപ് ജോണ്‍ കുരുവിളയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം വിപൂലീകരിച്ചിരുന്നു.
വെടിയുണ്ടകളില്‍ പിഒഎഫ് (പാക്കിസ്ഥാന്‍ ഓര്‍ഡ്‌നന്‍സ് ഫാക്ടറി) എന്നെഴുതിയിരുന്നു. പാക്കിസ്ഥാന്‍ സൈന്യം ദീര്‍ഘ ദൂര മെഷീന്‍ ഗണ്ണില്‍ ഉപയോഗിക്കുന്ന തിരകളാണ് കണ്ടെത്തിയതെന്ന് അന്വേഷണം നടത്തുന്ന ഏജന്‍സികളെല്ലാം സ്ഥിരീകരിച്ചിട്ടുണ്ട്. 14 വെടിയുണ്ടകളാണ് കുളത്തൂപ്പുഴയില്‍ നിന്ന് കണ്ടെടുത്തത്.
കൊല്ലം, തിരുവനന്തപുരം എഡിഷനുകളിലുള്ള രണ്ട് ദിനപത്രങ്ങളിലാണ് വെടിയുണ്ടകള്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നത്. ഇതിനൊപ്പം തമിഴ്നാട്ടിലെ വൈദ്യുത ബില്ലും അന്വേഷണസംഘത്തിന് ലഭിച്ചു. ഇസ്ലാമിക തീവ്രവാദ, മാവോയിസ്റ്റ് സംഘങ്ങള്‍ ഈ വെടിയുണ്ടകള്‍ ഉപയോഗിക്കാറുണ്ടെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ചവിവരം.
മലയോര ഹൈവേയായി നവീകരിക്കുന്നതിന് മണ്ണിറക്കിയ സ്ഥലത്താണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്. ഇവ ഉപേക്ഷിക്കാനായിരുന്നു നീക്കമെങ്കില്‍ പ്രദേശത്തെ വനത്തിലേക്ക് വലിച്ചെറിയുകയൊ കുഴിച്ചിടുകയോ ആവാമായിരുന്നു. മറ്റു ലക്ഷ്യത്തോടെ കൊണ്ടുവന്നതാണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. തീവ്രവാദവിരുദ്ധ സ്‌ക്വാഡിനൊപ്പം, ക്രൈംബ്രാഞ്ചിനേയും ലോക്കല്‍ പോലീസിനേയും രഹസ്യാന്വേഷണവിഭാഗത്തിലെ ഉദ്യോഗസ്ഥരേയും അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു അന്വേക്ഷണമെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: