കട്ടപ്പന: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതില്‍ പ്രതിഷേധിച്ച് ഇടുക്കി ബാലന്‍പിള്ള സിറ്റിയില്‍ പ്രകടനം നടത്തിയ ഏഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തു. അനുമതിയില്ലാതെ പ്രകടനം നടത്തൽ, സംഘം ചേരൽ എന്നിവ ചുമത്തി നെടുങ്കണ്ടം പോലീസാണ് കേസെടുത്തിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെയായിരുന്നു തീവ്രവാദികൾ പ്രതിഷേധവുമായി ഒത്ത് കൂടിയത്. പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിച്ചുകൊണ്ടുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു പ്രതിഷേധം. ആര്‍എസ്എസിനെതിരെയും മുദ്രാവാക്യം മുഴക്കിയിരുന്നു. പ്രതിഷേധ പ്രകടനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച് പങ്കെടുത്ത ആളുകളെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. സംഘത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
പ്രകടനത്തിൽ ഏഴ് പേർ പങ്കെടുത്തു എന്ന വിവരം ഇന്നലെ തന്നെ പോലീസിന് ലഭിച്ചിരുന്നു. എന്നാൽ മറ്റ് ദൃശ്യങ്ങളൊന്നും അപ്പോൾ തന്നെ ലഭിക്കാത്ത സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തി പോലീസ് 7 പേർക്കെതിരെ കേസെടുത്തത്.
പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: