നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം ഇസ്ലാമിക ഭീകരസംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും ഏഴ് അനുബന്ധ സംഘടനകളെയും നിരോധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി പ്രതീക്ഷിച്ചതുതന്നെയാണെങ്കിലും അതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്‍ഐഎയുടെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും നേതൃത്വത്തില്‍ രാജ്യവ്യാപകമായി റെയ്ഡുകള്‍ നടത്തി നിയമവിരുദ്ധ-രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ പിടിച്ചെടുക്കുകയും, നേതാക്കളെ പിടികൂടി ജയിലിലടയ്‌ക്കുകയും ചെയ്തതിന്റെ തുടര്‍ച്ചയായാണ് സംഘടനകളെ നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനമിറക്കിയത്. അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. ഈ കാലയളവില്‍ പോപ്പുലര്‍ ഫ്രണ്ടിനുപുറമെ റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍, കാമ്പസ് ഫ്രണ്ട്, ഓള്‍ ഇന്ത്യ ഇമാം കൗണ്‍സില്‍, എന്‍സിഎച്ച്ആര്‍ഒ, നാഷണല്‍ വുമണ്‍സ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവര്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നീ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നത് രണ്ട് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. റെയ്ഡിലും നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത കേരള ഹര്‍ത്താലില്‍ വന്‍തോതിലുള്ള അക്രമം അരങ്ങേറിയിരുന്നു. ഇതിനുപിന്നാലെയാണ് നിരോധന ഉത്തരവ് പുറത്തുവന്നത്. നിരോധിച്ച കൂട്ടത്തില്‍ ഭീകരസംഘടനയായ എസ്ഡിപിഐ ഇല്ല. രാഷ്‌ട്രീയ പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇക്കാര്യത്തിലുള്ള തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന് വിട്ടിരിക്കുന്നതായാണ് വിവരം. ഇസ്ലാമിക ഭീകരര്‍ക്കും അവരുടെ രാഷ്‌ട്രീയ കൂട്ടാളികള്‍ക്കും ആശ്വസിക്കാന്‍ വകയില്ലെന്നു ചുരുക്കം.
എന്തുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. സാമൂഹ്യ സംഘടനയെന്ന മറയോടെയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും സമൂഹത്തില്‍ മതവിഭാഗീയത സൃഷ്ടിക്കുകയെന്ന രഹസ്യ അജണ്ടയാണ് പോപ്പുലര്‍ ഫ്രണ്ടിനുള്ളതെന്ന് ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. ജനാധിപത്യത്തെ ശിഥിലമാക്കുകയും, രാജ്യത്തിന്റെ ഭരണഘടനാ സംവിധാനത്തോട് തികഞ്ഞ അനാദരവ് പുലര്‍ത്തുകയുമാണ് ഈ സംഘടനകള്‍ ചെയ്യുന്നത്. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും എതിരായി പ്രവര്‍ത്തിക്കുകയും, തീവ്രവാദത്തെ പിന്തുണച്ച് ക്രമസമാധാനം തകര്‍ക്കുകയും ചെയ്യുന്നു. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളാണ് പോപ്പുലര്‍ ഫ്രണ്ടിന് രൂപംനല്‍കിയതെന്നും, ബംഗ്ലാദേശിലെ ഭീകരസംഘടനയായ ജെഎംബിയുമായും, ആഗോള ഇസ്ലാമിക ഭീകരസംഘടനയായ ഐഎസുമായും ഇതിന് ബന്ധമുണ്ടെന്നും ഉത്തരവില്‍ എടുത്തുപറയുന്നു. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ച് ഒരു പ്രത്യേക മതവിഭാഗത്തെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുകയാണ് ഈ സംഘടനകളെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്. ഈ സംഘടന അക്രമപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നതിന് തെളിവായി കേരളത്തിലെ നിരവധി സംഭവങ്ങളെക്കുറിച്ചും ഉത്തരവില്‍ പറഞ്ഞിരിക്കുന്നു. തൊടുപുഴയില്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയതും, സഞ്ജിത്ത്, നന്ദു, അഭിമന്യു, ബിപിന്‍ എന്നിവരെ കൊലചെയ്തതും ഇതിലുള്‍പ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിലെ ഭീകരവാദികളില്‍ ചിലര്‍ ഐഎസില്‍ ചേരുകയും, ഇറാഖിലും സിറിയയിലും ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയും ചെയ്തത് ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. ചുരുക്കത്തില്‍ എന്തുകൊണ്ടാണ് നിരോധനമെന്നും, അത് അനിവാര്യമാക്കിയ സാഹചര്യം എന്താണെന്നും ആഭ്യന്തരമന്ത്രാലയം കൃത്യമായി വിശദീകരിക്കുന്നു.
നിരോധനത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിക്കുമ്പോള്‍ തന്നെ പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാന്‍ കേരളത്തിലെ ഇടതു-വലതു മുന്നണികള്‍ തയ്യാറല്ല. നിരോധനത്തിലെ അപ്രായോഗികതയെക്കുറിച്ചാണ് അവര്‍ വാചാലരാവുന്നത്. സിപിഎമ്മും കോണ്‍ഗ്രസ്സും മുസ്ലിംലീഗുമൊക്കെ ഇക്കൂട്ടത്തില്‍പ്പെടുന്നു. കൊടുംഭീകരരെ സഹായിക്കുന്ന നിലപാടാണിത്. പോപ്പുലര്‍ ഫ്രണ്ട് ഭീകരസംഘടനയാണെങ്കില്‍ എന്തുകൊണ്ടാണ് നിരോധിക്കാത്തതെന്ന് കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിക്കുകയും പരിഹസിക്കുകയും ചെയ്തുകൊണ്ടിരുന്നവരാണ് ഇവരില്‍ ചിലര്‍. കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കടുത്ത നടപടികളൊന്നും ഉണ്ടാവില്ലെന്നു കരുതിയായിരുന്നു ഇതെല്ലാം. എന്നാല്‍ സര്‍ക്കാര്‍ ശക്തവും ഫലപ്രദവുമായ നടപടികളെടുത്തപ്പോള്‍ ഇവര്‍ മറുകണ്ടം ചാടിയിരിക്കുകയാണ്. രാജ്യരക്ഷയുടെ കാര്യം വരുമ്പോള്‍ ശിഥിലീകരണ ശക്തികളെ അടിച്ചമര്‍ത്താന്‍ മോദി സര്‍ക്കാര്‍ മടിച്ചുനില്‍ക്കില്ലെന്ന് കശ്മീരിന്റെ അനുഭവത്തില്‍നിന്ന് പകല്‍പോലെ വ്യക്തമായതാണല്ലോ. പക്ഷേ ചിലര്‍ക്ക് ഇപ്പോഴും നേരം പുലര്‍ന്നിട്ടില്ല. മുന്നണിയിലെടുത്തില്ലെങ്കിലും ഘടകകക്ഷിയുടെ പരിഗണനകളാണ് സിപിഎമ്മും കോണ്‍ഗ്രസ്സും പോപ്പുലര്‍ ഫ്രണ്ടിന് നല്‍കുന്നത്. നിരോധനത്തിന്റെ അടിസ്ഥാനത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനും മറ്റുമെതിരെ നടപടികളെടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നു. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന ഒരാള്‍ ഇടതുമുന്നണി മന്ത്രിസഭയില്‍ തുടരുകയാണ്. നിരോധനം അവസാന നടപടിയല്ല. ശിഥിലീകരണശക്തികളെ വേരോടെ പിഴുതെറിയുകയെന്നതാണ് മോദി സര്‍ക്കാരിന്റെ നയം. ഇതിനൊപ്പം നില്‍ക്കാനുള്ള ബാധ്യത സമാധാനകാംക്ഷികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: