തിരുവനന്തപുരം: മയക്കുമരുന്ന് മാഫിയ നമ്മുടെ കുഞ്ഞുങ്ങളെ ലക്ഷ്യമിടുന്നത് ഉത്കണ്ഠപ്പെടുത്തുന്ന കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളും എഡിറ്റര്‍മാരുമായി ഓണ്‍ലൈനില്‍ കൂടിക്കാഴ്ച നടത്തുകയായിരുന്നു മുഖ്യമന്ത്രി.
വിദ്യാഭ്യസ സ്ഥാപനങ്ങളെയാണ് ഇവര്‍ പ്രധാനമായി ലക്ഷ്യമിടുന്നത്. സ്കൂളുകളില്‍ മയക്കുമരുന്ന് എത്തിക്കാന്‍ വലിയ ശൃംഖല പലയിടത്തുമുണ്ട്. ലഹരി ഉത്പന്നങ്ങള്‍ പിടികൂടുന്ന കേസുകളില്‍ ചിലപ്പോള്‍ കുട്ടികളും പെട്ടുപോകും. അവരുടെ സ്വകാര്യതയും അവകാശങ്ങളും സംരക്ഷിച്ച് വാര്‍ത്ത നല്കാന് മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്ക് അടിപ്പെട്ടവരെ അതില്‍ നിന്ന് മോചിപ്പിച്ച് ആത്മാഭിമാനമുള്ള തുടര്‍ജീവിതം നയിക്കാന്‍ പ്രേരിപ്പിക്കലാകണം ലക്ഷ്യം. ലഹരി കടത്തുകാരോടും വില്പനക്കാരോടും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കാന്‍ പോലീസിനും എക്സൈസിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരുടെ വിശദാംശം ഉള്‍പ്പെടുത്തി ഡാറ്റാബാങ്ക് തയ്യാറാക്കും. പിടിക്കപ്പെടുന്നവരുടെ പൂര്‍വകാല ചെയ്തികള്‍ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്ത് പരമാവധി ശിക്ഷ ഉറപ്പാക്കും. ഇത്തരം കേസുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ കാപ്പയ്ക്ക് തുല്യമായ വകുപ്പുകളുണ്ട്. ഇത്തരം നിയമങ്ങളിലൂടെ കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെ ഏര്‍പ്പെടുത്താനും ഉദ്ദേശിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: