തിരുവനന്തപുരം:പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരത സ്വന്തം ജീവിതത്തില്‍ അനുഭവിച്ച മുന്‍ പ്രൊഫ. ടി.ജെ. ജോസഫിന് പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ച വാര്‍ത്തകേട്ടപ്പോള്‍ ആവേശത്തോടെയുള്ള പ്രതികരണമില്ല. എങ്കിലും അദ്ദേഹത്തിന്റെ മുഖത്ത് തെളിയുന്നത് ആത്മസംതൃപ്തിയുടെ തിളക്കം.
ചോദ്യപേപ്പറില്‍ നബിയെക്കുറിച്ചുള്ള ചോദ്യം തയ്യാറാക്കിയതില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തിന് തൊട്ടുപിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദികള്‍ അദ്ദേഹത്തിന്റെ വലത്തേ കൈപ്പത്തി വെട്ടിമാറ്റിയത്. അതേ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട അദ്ദേഹം കടുത്ത സാമ്പത്തിക ദാരിദ്ര്യത്തിലൂടെ കടന്നുപോയി. ഇത് താങ്ങാനാവാതെ അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ കുടുംബജീവിതം തകര്‍ത്ത പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീകരത അദ്ദേഹം ‘അറ്റുപോകാത്ത ഓര്‍മ്മകള്‍’ എന്ന ആത്മകഥയില്‍ എഴുതിയിരുന്നു.
ബുധനാഴ്ച പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവാര്‍ത്ത വന്നയുടന്‍ മാധ്യമപ്രവര്‍ത്തകര്‍ ജോസഫ് മാഷെ കാണാനെത്തിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ താന്‍ മൗനം ഭജിക്കുന്നു എന്നായിരുന്നു ജോസഫ് മാഷ്ടെ പ്രതികരണം. “ഞാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇരയാണ്. ഇക്കാര്യത്തില്‍ തനിക്ക് വൈയക്തിക ഭാവം കൂടിയുള്ളതുകൊണ്ടാണ് പ്രതികരിക്കാത്തത്. അതേ സമയം പൗരനെന്ന നിലയില്‍ അഭിപ്രായമുണ്ട്.”- ജോസഫ് മാഷ് പറഞ്ഞു.
“പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ ഇരയായവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര് പ്രതികരിക്കട്ടെ”- ജോസഫ് മാഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: