കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് കൊലയാളി സംഘത്തിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെ വെളിപ്പെടുന്നത് പാനൂരിലെ യുവമോര്‍ച്ച നേതാവിനെ അപായപ്പെടുത്താനുള്ള ആസൂത്രിതമായ നീക്കം. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി വി.കെ. സ്മിന്‍തേഷിനെ അപായപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ട് സംഘം ആസൂത്രിതമായ നീക്കം നടത്തിയത്. ഇത് സംബന്ധിച്ച് പോപ്പുലര്‍ ഫ്രണ്ട് കൂത്തുപറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് കടവത്തൂരിലെ ഹാറൂണ്‍ വയോത്തിന്റെ ശബ്ദരേഖ പുറത്തു വന്നു.
23 ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാനും കടകള്‍ തുറക്കാനും സ്മിന്‍തേഷ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം. സ്മിന്‍തേഷ് ആവശ്യപ്പെട്ടത് പ്രകാരം കടതുറക്കാന്‍ ആളുകള്‍ വന്നിരുന്നെന്നും എന്നാല്‍ ഇയാള്‍ വരാത്തത് കാരണം ആളുകള്‍ തിരികെപോയെന്നും ശബ്ദരേഖയില്‍ പറയുന്നു. സ്മിന്‍തേഷിനെ കാത്ത് ഒരു സംഘം അവിടെയുണ്ടായിരുന്നെന്നും അതിനാലാണ് അയാള്‍ വരാതിരുന്നതെന്നും ശബ്ദരേഖയില്‍ വ്യക്തമായി പറയുന്നുണ്ട്.
ജനദ്രോഹ ഹര്‍ത്താലിനെ തള്ളിക്കളയാന്‍ സ്മിന്‍തേഷ് ആവശ്യപ്പെട്ടത് പ്രകാരം അദ്ദേഹത്തെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് സംഘം ആസൂത്രണം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന ശബ്ദരേഖ. അതോടൊപ്പം ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത സ്മന്‍തേഷ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പ്രതികരിച്ചുവെന്ന പ്രചാരണവും വ്യാപകമായി നടത്തിയിരുന്നു. പ്രദേശത്ത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് പോപ്പുലര്‍ ഫ്രണ്ട് സംഘം ശ്രമിച്ചത്.
സ്മിന്‍തേഷിനെ അപായപ്പെടുത്താനും പ്രദേശത്ത് കലാപമുണ്ടാക്കാനും സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ ഹാറൂണിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് എന്‍. മനോജ് പാനൂര്‍ എസ്എച്ച്ഒവിന് പരാതി നല്‍കിയിട്ടുണ്ട്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ.പി. ബിജുവിന്റെ നേതൃത്വത്തില്‍ ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: