കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ച പോപ്പുലര്‍ ഫ്രണ്ട് അനുബന്ധ സംഘടന റിഹാബ് ഇന്ത്യ ഫൗണ്ടേഷന് ഇന്ത്യന്‍ നാഷണല്‍ ലീഗു( ഐ എന്‍ എല്‍) മായി ബന്ധമുണ്ടെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നിരോധിത സംഘടനയുമായി ബന്ധമുള്ള മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കേരളത്തെ കലാപ ഭൂമിയാക്കാന്‍ ശ്രമിച്ചു. അവരെ സഹായിച്ചവര്‍ക്കുള്ള തിരിച്ചടി കൂടിയാണിത്. പി എഫ് ഐ നിരോധിക്കേണ്ടതില്ലെന്ന് സിപിഎം നിലപാട് വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരേ നിലപാടാണ്. റിഹാബ് ഫൗണ്ടേഷനുമായി എല്‍ ഡി എഫിലെ ഒരു കക്ഷിക്ക് ബന്ധമുണ്ട്. മന്ത്രിസഭാംഗമായ അഹമ്മദ് ദേവര്‍ കോവിലിന് റിഹാബ് ഫൗണ്ടേഷനുമായി അടുത്ത ബന്ധമാണുള്ളത്. ഐഎന്‍എല്ലിന്റെ നേതാവ് മുഹമ്മദ് സുലൈമാനാണ് റിഹാബ് ഫൗണ്ടേഷന്റെ തലവന്‍. ഒരു മന്ത്രി എങ്ങനെയാണ് ഭീകരവാദ സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രി ഇതില്‍ മറുപടി പറയണം. റിഹാബ് ഫൗണ്ടേഷന്റെ ഫണ്ടിംങ്ങില്‍ ഐഎന്‍എല്ലിനും പങ്കുണ്ട്. എല്‍ ഡി എഫില്‍ നിന്ന് ഐഎന്‍എല്ലിനെ പുറത്താക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുകയാണ്. അതിന്റെ ഭാഗമായാണ് ആര്‍എസ്എസ്സിനെ നിരോധിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. കേരളത്തിലെ വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമായ എസ്ഡിപിഐയുമായി ചേര്‍ന്ന് ഭരിക്കുന്നവരാണ് എല്‍ഡിഎഫും യുഡിഎഫും. പഞ്ചായത്ത് ഭരണത്തിന് വേണ്ടി രാജ്യത്തിന്റെ താത്പര്യം ബലികഴിക്കുകയാണ് ഇവര്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലക്കത്തിക്കിരയായ അഭിമന്യുവിനോട് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ പിഎഫ്‌ഐയുടെ സഹായത്തോടെ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും രാജിവെക്കാന്‍ സിപിഎം തയ്യാറാവണം. പിഎഫ്‌ഐക്ക് മറ്റു സംസ്ഥാനങ്ങളില്‍ കിട്ടാത്ത മാന്യത കേരളത്തില്‍ നേടി കൊടുത്തത് ഇടത്- വലത് മുന്നണികളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സുധീറും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: