കാഞ്ഞാണി: ഭൂനികുതി അടയ്ക്കാനെത്തുന്നവരേട് പോയി പിന്നീട് വരൂ എന്ന് പറഞ്ഞ് താന്ന്യം വില്ലേജ് ഓഫീസില്‍ നിന്ന് മടക്കിയയച്ചു തുടങ്ങിയിട്ട് മാസങ്ങളായി. ജനങ്ങളുടെ ഈ കാത്തിരിപ്പ് നീളുന്നതിന് റീ സര്‍വ്വേയാണ് കാരണമായി അധികൃതര്‍ പറയുന്നത്.
ഒരുമാസം കഴിഞ്ഞുള്ള ടോക്കണ്‍ കൊടുത്താണ് ആളുകളെ വില്ലേജ് ഓഫീസില്‍ നിന്നും മടക്കിവിടുന്നത്. എന്നാല്‍ നിശ്ചിത ദിവസം കഴിഞ്ഞ് വന്നവരോട് അവധി പറഞ്ഞ സംഭവങ്ങളും ഉണ്ട്. ഓണ്‍ലൈന്‍ തകരാറും മറ്റും സാങ്കേതിക പ്രശ്നങ്ങള്‍ പറഞ്ഞ് ഓഫീസില്‍ വരുന്നവരെ മടക്കി അയക്കുന്നതില്‍ ഒരു മടിയും ഉദ്യോഗസ്ഥര്‍ക്കില്ല. ചികിത്സാസഹായം, വായ്പ തുടങ്ങി എല്ലാ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും നികുതി രശീതി ആവശ്യമാണ്. ക്ഷേമപെന്ഷന്, കിസാന്‍ സമ്മാന്‍നിധി തുടങ്ങിയവയുടെ ആവശ്യങ്ങള്‍ക്കായി വയോജനങ്ങള്‍ എത്തി കാത്തിരിപ്പാണ് താന്ന്യം വില്ലേജ് ഓഫീസിനു മുന്നില്‍.
വ്യക്തതയില്ലാത്തതും തര്‍ക്കമുള്ളതുമായ ഭൂമികള്‍ക്ക് മാത്രമാണ് സാങ്കേതിക കുരുക്കുകള്‍ ഉള്ളതെന്ന് അധികൃതര്‍ തന്നെ പറയുന്നുണ്ട്. എന്നാല്‍ സാധാരണ ഭൂനികുതി അടച്ചുകിട്ടാനും പലതവണ ഓഫീസ് കയറിയിറങ്ങണം. ഭൂമി സംബന്ധമായ നടപടിക്രമങ്ങളുടെ വിവിധ ഘട്ടങ്ങളില്‍ സര്‍വ്വേ നമ്പര്‍ മാറിയതിനാല്‍ പല അപേക്ഷകളും നിരസിക്കപ്പെടുന്നുമുണ്ട്. റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടും ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള ആധികാരിക രേഖ യഥാസമയം കിട്ടാത്തതില്‍ വലിയ പ്രതിഷേധമാണ് ജനങ്ങള്‍ക്കുള്ളത്. റീസര്‍വയുടെ സാങ്കേതിക പ്രശ്നങ്ങള്‍ ചില ഉദ്യോഗസ്ഥര്‍ അവസരമാക്കി നടപടികള്‍ വൈകിപ്പിക്കുകയാണെന്നും ആരോപണമുണ്ട്. പാവപ്പെട്ടവരില്‍ നിന്നുപോലും വലിയ തുക ചോദിച്ചു വാങ്ങുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം. വരി നിന്ന് വയോജനങ്ങളും രോഗികളും അടക്കം വലയുകയാണ് ഇവിടെ. ജനങ്ങളുടെ ധാര്‍മിക ആവശ്യങ്ങള്‍ക്കായുള്ള രേഖ ലഭിക്കുന്നതില്‍ വരുന്ന കാലതാമസം അംഗീകരിക്കാനാവുന്നതല്ലെന്ന് പഞ്ചായത്ത് മെമ്പര്‍ ആന്റൊ തൊറയന്‍ പറഞ്ഞു. ഉന്നത റവന്യൂ അധികാരികള്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്ത് ക്രമക്കേട് കണ്ടെത്തിയാല്‍ നടപടി എടുക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വില്ലേജ് ഓഫീസിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു തുടങ്ങിയതായി താന്ന്യം വില്ലേജ് ഓഫീസര്‍ സുജിത്ത് പറഞ്ഞു. താന്‍ ചാര്ജെടുത്തിട്ട് ഒരാഴ്ചയെ ആയിട്ടുള്ളൂ. കാര്യങ്ങള്‍ പഠിച്ചുവരുന്നു. റീസര്‍വ്വേ കഴിഞ്ഞുള്ള നടപടിക്രമങ്ങള്‍ ഏറെ സങ്കീര്‍ണമാണ്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ച് ഭൂനികുതി വേഗത്തില്‍ സ്വീകരിക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: