ന്യൂദല്‍ഹി: രഹസ്യാന്വേഷണ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 10 യൂട്യൂബ് ചാനലുകളില്‍ നിന്നുള്ള 45 വിഡിയൊകള്‍ നിരോധിക്കാന്‍ കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം യുട്യൂബിന് നിര്‍ദേശം നല്കി. 2021ലെ ഐടി ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരമാണിത്. ബ്ലോക്ക് ചെയ്ത വിഡിയൊകള്‍ 1.3 കോടിയിലധികം തവണയാണ് ആളുകള്‍ കണ്ടിട്ടുള്ളത്.
മതസമൂഹങ്ങള്‍ക്കിടയില്‍ വിദ്വേഷം പരത്തുക എന്ന ഉദ്ദേശത്തോടെ പ്രചരിപ്പിച്ച വ്യാജ വാര്‍ത്തകളും മോര്‍ഫ് ചെയ്ത വീഡിയോകളും ഉള്‍പ്പെടുന്നതാണ് ഇവയുടെ ഉള്ളടക്കം. ചില സമുദായങ്ങളുടെ മതപരമായ അവകാശങ്ങള്‍ സര്‍ക്കാര്‍ എടുത്തുകളയുമെന്ന തെറ്റായ അവകാശവാദങ്ങള്‍, മതസമൂഹങ്ങള്‍ക്കെതിരായ അക്രമാസക്തമായ ഭീഷണികള്‍, രാജ്യത്ത് ആഭ്യന്തര യുദ്ധപ്രഖ്യാപനം തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുന്നു.
അഗ്നിപഥ് പദ്ധതി, ഇന്ത്യന്‍ സായുധ സേന, ഇന്ത്യയുടെ ദേശീയ സുരക്ഷാ സംവിധാനം, കശ്മീര്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും വീഡിയോകള്‍ ഉപയോഗിച്ചിട്ടുണ്ട്. ഉള്ളടക്കം തെറ്റായതും ദേശസുരക്ഷാ വീക്ഷണകോണില്‍ വളരെ പ്രധാനപ്പെട്ടതും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദവുമായി ബന്ധപ്പെട്ടുള്ളതുമാണെന്ന് നിരീക്ഷിച്ചിട്ടുണ്ട്.
ജമ്മു കശ്മീരിനെയും ലഡാഖിനെയും ഇന്ത്യയുടെ ഭാഗമല്ലാതെ ചിത്രീകരിക്കുന്ന ഭൂപടം ഉപയോഗിച്ചവയാണ് ചില വീഡിയോകള്‍. മന്ത്രാലയം നിരോധിച്ച വീഡിയോകളുടെ ഉള്ളടക്കം ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും രാജ്യത്തിന്റെ സുരക്ഷയ്ക്കും വിദേശരാജ്യങ്ങളുമായുള്ള ഇന്ത്യയുടെ സൗഹൃദബന്ധത്തിനും രാജ്യത്തെ പൊതുക്രമത്തിനും ഹാനികരമാണെന്ന് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: