ന്യൂദല്‍ഹി: ഏതാനും വര്‍ഷത്തിനുള്ളില്‍, പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ച 120 കോടിയും വന്നത് വിദേശത്തു നിന്ന്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്. പോപ്പുലര്‍ ഫ്രണ്ടുകാരായ പ്രവാസികള്‍ പലയിടങ്ങളില്‍ നിന്നു ശേഖരിച്ചതാണ് കുഴല്‍പ്പണമായി സംഘടനയ്ക്കു ലഭിച്ചതെന്ന് എന്‍ഐഎ കണ്ടെത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
അനവധി പേരില്‍ നിന്നു കിട്ടിയ ചെറിയ സംഭാവനകള്‍ വഴിയാണ് 120 കോടി ശേഖരിച്ചതെന്നാണ് പോപ്പുലര്‍ ഫ്രണ്ട് ഇ ഡിയോടും എന്‍ഐഎയോടും പറഞ്ഞത്. അവരുടെ വാദം പൂര്‍ണമായും തെറ്റാണെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍. വ്യാജ സംഭാവന രസീതുകള്‍ കാട്ടിയാണ് ഇവര്‍ നുണ പ്രചരിപ്പിച്ചത്. അബുദാബിയിലെ ദര്‍ബാര്‍ റസ്റ്റോറന്റ് കേന്ദ്രീകരിച്ചായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍. മുമ്പു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ബി.പി. അബ്ദുള്‍ റസാഖായിരുന്നു കുഴല്‍പ്പണ ഇടപാടുകള്‍ക്കു ചുക്കാന്‍ പിടിച്ചത്. റസാഖിന്റെ സഹോദരനാണ് റസ്റ്റോറന്റ് നടത്തിയിരുന്നത്. റസാഖിന്റെ താമര്‍ ഇന്ത്യ സ്പൈസസ് ഇടപാടുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചു. കുറ്റകൃത്യങ്ങള്‍ വഴി ലഭിച്ച പണം ഈ സ്ഥാപനങ്ങള്‍ വഴിയാണ് വെളുപ്പിച്ചത്.
മുഖപത്രമായ തേജസ് ഇന്ത്യയിലും ഗള്‍ഫിലും പ്രവര്‍ത്തിച്ചു. 2018 വരെ തേജസിന്റെ ബിസിനസ് ഡവലപ്മെന്റ് മാനേജായിരുന്നത് ഷഫീഖ് പായെത്തായിരുന്നു. അക്കാലത്തു തേജസിന്റെ ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അബ്ദുള്‍ റസാഖ്. 2007 മുതല്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരനായ പായെത്തിനായിരുന്നു ഖത്തറില്‍ നിന്നു പോപ്പുലര്‍ ഫ്രണ്ടിനു പണം ശേഖരിക്കുന്ന ചുമതല.
അബുദാബിയിലുള്ള തന്റെ സ്വാധീനമുപയോഗിച്ച് അബ്ദുള്‍ റസാഖാണ് ദര്‍ബാര്‍ ഹോട്ടലിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേന്ദ്രമാക്കിയത്. പിഎഫ്ഐയുടെ കേരളത്തിലെ എക്സിക്യൂട്ടീവ് അംഗം എം.കെ. അഷറഫായിരുന്നു ഫണ്ട് ശേഖരണത്തിന്റെയും കുഴല്‍പ്പണ ഇടപാടുകളുടെയും പ്രധാനി. പ്രൊഫ. ജോസഫിന്റെ കൈ വെട്ടിയ കേസിലെ പ്രതിയാണ് ഇയാള്‍. ഇയാളായിരുന്നു ദര്‍ബാര്‍ ഹോട്ടലുടമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: