ഗുരുവായൂര്‍: ‘ഇന്ത്യന്‍ ചെഗുവേര’ എന്ന വിശേഷണം നല്കി മാധ്യമങ്ങള്‍ വാഴ്ത്തിയ കനയ്യകുമാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല മുന്‍ വിദ്യാര്‍ഥി യൂണിയന് ചെയര്‍മാനും മുന്‍ എഐഎസ്എഫ് നേതാവുമായിരുന്ന കനയ്യ കുമാര്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് മീഡിയ സെല്‍ മേധാവിയാണ്.
ഇന്നലെ മുന്‍ കെപിസിസി സെക്രട്ടറി എ.പ്രസാദ്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സി.എസ് സൂരജ് എന്നിവര്‍ക്കൊപ്പമാണ് കനയ്യ ഗുരുവായൂരിലെത്തിയത്. കസവുമുണ്ടും നേരിയതും അണിഞ്ഞ് തനി മലയാളി ലുക്കിലാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. അദേഹം ക്ഷേത്രത്തിലെത്തിയ ചിത്രം വൈറലായിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് മീഡിയാ സെല്‍ കണ്‍വീനര്‍ രാഹുല്‍ റാവു, സൂരജ്, യൂത്ത് കോണ്‍. നിയോജകമണ്ഡലം ഭാരവാഹികളായ വി. എസ്. നവനീത്, എ. കെ. ഷൈമില്‍, നവീന്‍ മാധവശ്ശേരി, മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാര്‍ ചെമ്പകശ്ശേരി, ശിവജി നാരായണന് എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ സ്ഥിരാംഗമാണ് കനയ്യകുമാര്‍. രാവിലത്തെ പദയാത്ര സമാപിച്ചതിന് ശേഷമാണ് അദ്ദേഹം ഗുരുവായൂരില്‍ ദര്‍ശനത്തിന് എത്തിയത്. ‘ഇന്ത്യന്‍ ചെഗുവേര ജനിച്ചു, ഇനി മോദിക്ക് ഉറക്കമില്ലാ രാത്രികള്‍’ എന്ന് മലയാള മാധ്യമങ്ങില്‍ അടക്കം കനയ്യ കുമാറിനെ പുകഴ്ത്തി ലേഖനങ്ങള്‍ വന്നിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായില്‍ മത്സരിച്ച കനയ്യ സിപിഐ ബിഹാര്‍ ഘടകവുമായി തെറ്റിയതിന് പിന്നാലെ 2021 സെപ്റ്റംബര്‍ 28നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: