തിരുവനന്തപുരം: നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഖനനത്തിനുമായി രാജ്യത്താകമാനം ഏകീകൃതനിയമം വേണമെന്ന് ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ മാനേജിങ് കമ്മിറ്റിയും ജനറല്‍ കൗണ്‍സില്‍ യോഗവും ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നിര്‍മാണ കരാറുകളില്‍ വിലക്കയറ്റത്തിന് അനുസരിച്ചുള്ള വിലവ്യതിയാന വ്യവസ്ഥ കൂടി ഉള്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. നിര്‍മാണ സാമഗ്രികളുടെ വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ വേണം. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം. സാധാറോഡിലൂടെ 65 ടണ്‍ഭാരമുള്ള ടോറസ് ടെയ്ലറുകള്‍ കടന്നു പോകുമ്പോള്‍ റോഡുകള്‍ അതിവേഗം തകരും. അതിന്റെ കുറ്റം മുഴുവന്‍ കരാറുകാരുടെ ചുമലില്‍ വരികയാണ്. അതിനാല്‍ റോഡുകള്‍ നിര്‍മ്മിക്കുമ്പോള്‍ അത്തരം പ്രശ്നങ്ങള്‍ക്ക് കൂടി പരിഹാരം കണ്ടുവേണം എസ്റ്റിമേറ്റ് തയ്യാറാക്കാനും ഫണ്ട് അനുവദിക്കാനുമെന്നും യോഗം ആവശ്യപ്പെട്ടു.
കെ റെയിലിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. കെ റെയിലിന് പകരം അതിവേഗ റെയിലും അതിവേഗ ഹൈവേയും ഒരുമിച്ച് നിര്മിക്കാവുന്ന രൂപരേഖയും യോഗത്തില്‍ അവതരിപ്പിച്ചു. മാസ്കോം സ്റ്റീല്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെയും ജികെ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെയും സിഎംഡി ഡോ. ജോര്‍ജ്ജ് ആന്റണിയാണ് പുതിയ പദ്ധതി അവതരിപ്പിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ആറുവരി റോഡ്, എക്സപ്രസ് ഹൈവേ, അതിവേഗ റെയില്‍ എന്നിവ ഒരേ വരിയിലെ സ്ഥലമുപയോഗിച്ച് നിര്‍മിക്കുന്ന പദ്ധതിയാണിത്. കെറെയിലിനായി 2000 വീടുകള്‍ ഒഴിപ്പിക്കേണ്ടി വരുമ്പോള്‍ പുതിയ പദ്ധതിക്കായി 200 വീടുകള്‍ നീക്കിയാല്‍ മതിയാകും. പദ്ധതി നടപ്പിലായാല്‍ രണ്ടര മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്നും കാസര്‍കോട് എത്താനുമാകുമെന്നും ഡോ. ജോര്‍ജ്ജ് ആന്റണിയുടെ പദ്ധതി രൂപരേഖയില്‍ അവതരിപ്പിച്ചു.
രണ്ടുദിവസത്തെ സമ്മേളനത്തില്‍ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് നിമേഷ് ഡി. പട്ടേല്‍, ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് ജി. വേദ് ആനന്ദ്, സംസ്ഥാന പ്രസിഡന്റ് നജീബ് മണ്ണേല്‍, സംസ്ഥാന സെക്രട്ടറി കെ. ജ്യോതികുമാര്‍, കൊല്ലം സെന്റര്‍ ചെയര്മാന് സജി സതീഖ്, കൊല്ലം സെന്റര്‍ വൈസ് ചെയര്മാന് എസ്.ആര്. സജീവ്, ഓര്‍ഗനൈസിങ് കമ്മിറ്റി സെക്രട്ടറി ഡോ, ലാമന്റോ ടി. സോമര്‍വെല്‍, സൂര്യദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: